ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും ആഡംബര ബംഗ്ലാവിലേക്ക് ; ഇതൊരു മധുര പ്രതികാരമാണ് എന്ന് രഞ്ജു രഞ്ജിമാര്‍

ഞ്ജു രഞ്ജിമാറിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിറ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍.20 വര്‍ഷമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തിലെ കയ്‌പ്പേറിയ ദിനങ്ങളിലൂടെ കയറിവന്ന് ജീവിത വിജയം കൈവരിച്ചവര്‍ക്കിടയിലെ ഉദാഹരണമാണ് രഞ്ജുവിന്റെ ജീവിതം.

കൊല്ലം ജില്ലയിലെ പേരൂരിലാണ് രഞ്ജു രഞ്ജിമാര്‍ ജനിച്ചത്. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമടങ്ങുന്ന സാമ്പത്തികമായി പുറകോട്ടു നില്‍ക്കുന്ന കുടുംബമായിരുന്നു. അച്ഛന് കൂണിപ്പണിയും അമ്മയ്ക്ക് കശുവണ്ടി ഫാടക്ടറിയിലെ തൊഴിലുമായിരുന്നു. ഓരോ മഴക്കാലത്തും തണുത്ത് വിറച്ച് സുഖമായിരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലായിരന്നു. കാരണം, മഴക്കാലം ഇവരെ സംബന്ധിച്ചിടത്തോളം ഭീതിയുടെ ദിനങ്ങളായിരുന്നു. ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം കയറുക സ്ഥിരമായിരുന്നു. പാത്രങ്ങള്‍ അടുക്കിവെച്ച് ചോര്‍ന്നൊലിക്കുന്ന വെള്ളത്തെ അനുനയിപ്പിച്ച് ഉറങ്ങാതിരിക്കുന്ന എത്രയോ രാത്രികള്‍. മാത്രമല്ല, മഴ ശക്തിയായാല്‍ പാടത്തിനടുത്തുള്ള അവരുടെ കൊച്ചുവീട്ടില്‍ വെള്ളം സംഹാര താണ്ഡവമാടും.മഴക്കാലത്ത് സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ പലപ്പോഴായി ജീവിതം തള്ളിനീക്കേണ്ടി വന്നു. അപ്പോഴൊക്കെയും വെള്ളം കയറാത്ത അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ടു.അതിന് വേണ്ടി പ്രാര്‍ത്ഥിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജു രഞ്ജിമാര്‍ കൊച്ചിയിലേക്ക് താമസം മാറി. അതിനിടയില്‍ ഒരുപാട് കഷ്ടപ്പാടും അവഗണനകളും പരിഹാസവും പ്രതിസന്ധികളും നേരിടേണ്ടി വന്നു. കൊച്ചിയിലെ ഒരു ചെറിയ വാടക വീട്ടിലായിരുന്നു താമസം. ജോലി ചെയ്ത് കിട്ടുന്ന ഓരോ രൂപയും സ്വരൂപിച്ച് ചേച്ചിയുടെ കല്യാണം നടത്തിക്കൊടുത്തു. വീട്ടിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാന്‍ രഞ്ജു രഞ്ജിമാറിന്റെ നിരന്തര പ്രയത്‌നത്തിലൂടെ സാധിച്ചു.

പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് കൊല്ലത്തെ രഞ്ജുവിന്റെ കുടുംബ വീടിന് സമീപമുള്ള വീടും സ്ഥലും വില്‍ക്കാനുണ്ടെന്ന് കേട്ടത്. അങ്ങനെ തന്റെ കൈയ്യിലെ അധ്വാനിച്ച് ലഭിച്ച അവസാന സമ്പാദ്യവും ചെലവഴിച്ച് ആ വീട് വാങ്ങി, ആ വീട് പിന്നീട് നവീകരിച്ചു. 2000 ചതുരശ്രയടിയുള്ള അത്യാവശ്യം ഭൗതിക സൗകര്യങ്ങളുള്ള വീടാക്കി അതിനെ മാറ്റി.പഴയ ആ ആഗ്രഹം പോലെ വെള്ളം കയറാത്ത അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം അവിടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

കൊച്ചി വിമാനത്താവളത്തിന് സമീപമുള്ള കവരപ്പറമ്പിലെ 9000 ചതുരശ്രയടിയിലുള്ള വലിയ വാടക വീട്ടിലാണ് ഇന്ന് രഞ്ജു രഞജിമാര്‍ താമസിക്കുന്നത്. അഞ്ച് കിടപ്പുമുറികളും മൂന്ന് സ്വീകരണ മുറികളും വിശാലമായ ഹാളും കിച്ചണും എട്ട് കറുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തിലുള്ള സ്‌പേസുമുള്ള വലിയ വീട്. ഇപ്പോള്‍ മറ്റൊരു സ്വപ്‌നത്തിന്റെ പണിപ്പുരയിലാണ് രഞ്ജു. സ്വന്തമായി പണികഴിപ്പിക്കുന്ന സ്വന്തം വീട് എന്ന സ്വപ്‌നം. 10000 ചതുരശ്രയടിയുള്ള വീടായിരിക്കണമെന്ന സങ്കല്‍പ്പമാണ് രഞ്ജുവിനുള്ളത്. അത്തരമൊരു വീട് പണിയുന്നതിന്റെ മുന്നോടിയായി അവിടെ താമസിക്കുന്നതിന്റെ അനുഭവം മനസ്സിലാക്കാനാണ് വലിയ വീട് വാടകക്കെടുത്തിരിക്കുന്നത് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. പുതിയ സ്വപ്‌നങ്ങള്‍ക്കൊപ്പം രഞ്ജുവിന്റെ വിജയവീഥികളും ഉയരുകയാണ്…

x