കണ്ണ് തുറന്ന് നോക്കുമ്പോൾ ശരീരത്തിന്റെ പാതി മുറിച്ചുമാറ്റപ്പെട്ടിരുന്നു ; നെഞ്ചിനകത്തേക്ക് ഒരു അഗ്നികുണ്ഡം വന്നു പതിച്ചത് പോലെ

ക്യാൻസർ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളിൽ. ഒന്നിൽ നിന്നുള്ള കടമെടുക്കൽ. ആ അനുഭവം വായിച്ചപ്പോൾ ഇത് എഴുതാതിരിക്കാൻ കഴിഞ്ഞില്ല. കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ. ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പിൽ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി. ബോധം തെളിയുമ്പോ. ദേ പോയി പകുതി. RCC യിൽ ഓപ്പറേഷൻ തീയതി തീരുമാനിച്ചപ്പോൾ മുതൽ മനസിൽ ഓ ഇത് വല്യ കാര്യൊന്നുല്ല രണ്ടു സിസേറിയൻ പിന്നൊരു ലാപ്രോസ്കോപി ഇതൊക്കെ സഹിച്ചെങ്കി പിന്നെ ഇതെന്തോന്ന് ആ ധൈര്യത്തിലങ്ങട്ട് പോയി.
സർജറി ചെക്കപ്പിനു വന്ന എല്ലാ ഡോക്ടർമാരും എനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരുന്നു കീമോ ചെയ്തപ്പോ ട്യൂമറൊക്കെ ചുരുങ്ങീട്ടുണ്ട് അതുമാത്രം റീമൂവ് ചെയ്യാനാ നോക്കുന്നത്. പേടിക്കണ്ടാട്ടോ. അങ്ങനെ സർജറി ഡേറ്റ്, ആദ്യത്തെ സർജറി എനിക്ക്. രാവിലെ 8.30 ആയപ്പോഴേക്കും കുളിച്ചു ചുന്ദരിക്കുട്ടിയായി ടേബിളിൽ സീനിയർ ഡോക്ടർ വന്നു വിശേഷങ്ങളൊക്കെ ചോദിച്ചു എന്നിട്ട് പറഞ്ഞു ഓപ്പൺ ചെയ്തു നോക്കട്ടെ പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ ഫുൾ റിമൂവ് ചെയ്തേക്കും അത് അഡ്ജസ്റ്റ് ചെയ്യാൻ മനസ് റെഡിയാക്കി വച്ചോന്ന്.
പിന്നെ കണ്ണുതുറന്നപ്പോ നേരിയ വെളിച്ചത്തിൽ ഒന്നു രണ്ടു മാലാഖമാർ. ഞാൻ ഭൂമിയിൽ തന്നെ. ജീവനുണ്ട് ഇതൊക്കെ തിരിച്ചറിയാൻ കുറച്ചു നിമിഷങ്ങളെടുത്തു. ഒന്നുകൂടി തിരിച്ചറിഞ്ഞു, ശരീരം പാതി മുറിക്കപ്പെട്ടിരിക്കുന്നു. നെഞ്ചകത്തേക്ക് ഒരു അഗ്നികുണ്ഡം വന്നു പതിച്ചത് പോലെ. കണ്ണു നിറഞ്ഞൊഴുകിയതും, ചങ്ക് വിങ്ങി പൊട്ടിയതും ആരും കണ്ടില്ല. നീളൻ പഴുതാര കണക്കെ ഒരേക്കർ നീളത്തിൽ പിൻ അടിച്ചു വച്ചിട്ടുണ്ട്. ആ മുറിവെന്നെ വേദനിപ്പിച്ചതേയില്ല, അതുകൊണ്ടുണ്ടായ മനസിന്റെ മുറിവ് എത്ര ഭീകരമാണെന്നോ.
മരുന്നില്ല, പങ്കു വയ്ക്കാൻ കഴിയില്ല, പങ്കു വച്ചാലും ലോകത്തൊരാൾക്കും ആ നോവ് മനസിലാക്കാൻ കഴിയില്ല. ഇതൊക്കെ സർവ്വസാധാരണമല്ലേ രോഗം വന്നാൽ ഇതല്ലേ പറ്റൂന്ന് പറയും. അന്നത്തെ മരവിപ്പ് വർഷങ്ങൾക്കിപ്പുറവും അങ്ങനെ തന്നെ. പക്ഷേ മനസിനെ നുമ്മ നല്ല തല്ലുകൊടുത്ത് പറഞ്ഞു പഠിപ്പിച്ചു, ഇവിടം ഇങ്ങനെയാണ്ന്ന്. എന്നാലും ഇടയ്ക്കിടെ ചില കടുത്ത ഓർമപ്പെടുത്തലുകളുണ്ട് തണുപ്പിടങ്ങളുള്ള കുളിനേരത്തും എല്ലാ കുറവുകളും മറച്ചൊരുങ്ങുന്ന ചമയമുറികളിലും. പക്ഷേ ഈ തകർച്ചയിലേക്ക് വീഴാതെ കൈപിടിച്ച ദൈവദൂതനെ പറ്റി പ്രിയപ്പെട്ട ലിജി ചേച്ചിയുടെ വാക്കുകൾ .
“മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായി മാരക രോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ  ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ & പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി. കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം.”
x