ആര്യയുടെ തീരുമാനം വരും വരായ്കളെക്കുറിച്ച് ആലോചിക്കാതെ ; ആര്യയുടെ പക്വതയില്ലായ്മ സൈറയുടെ ജീവനപഹരിച്ചേക്കാം – വൈറലായി കുറിപ്പ്‌

യുക്രൈയ്ന്‍ മണ്ണില്‍ യുദ്ധത്തിന്റെ അലയൊലികള്‍ മുഴങ്ങിയപ്പോള്‍ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ ആര്യ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ സ്വന്തം ജീവന്‍ മാത്രമല്ല അവള്‍ യുദ്ധഭീതിയുടെ മണ്ണില്‍ നിന്നും സുരക്ഷിതമായി കൊണ്ടുവന്നത്. തന്റെ വളര്‍ത്ത് നായയായ േേസറയെയും തേളിലേറ്റിയാണ് ആര്യ നാട്ടിലെത്തിയത്. ആര്യയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചും അല്ലാതെയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. അത്തരത്തില്‍ ഒരു ശ്വാസപ്രേമിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം ; സൈറ… നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ആശങ്കകളും പേടിയും നിറയുകയാണ്. നിന്നെ ചേർത്തു പിടിച്ച് ആര്യ വിമാനം ഇറങ്ങുന്നതും, നിനക്കായി ആര്യ പ്രിയപ്പെട്ടതൊക്കെ ഉപേക്ഷിക്കുന്നതും കാണുമ്പോൾ, കേൾക്കുമ്പോൾ എല്ലാവരെയും പോലെ എനിക്കും അഭിമാനവും ആദരവും സ്നേഹവും ഒക്കെയുണ്ട്– എന്നാലും ആര്യയുടെ തീരുമാനം വരും വരായ്കളെക്കുറിച്ച് ആലോചിക്കാതെ അല്ലേ എന്നെനിക്കു തോന്നുകയാണ്. ആര്യയുടെ പ്രായത്തിൽ ചിലപ്പോൾ അങ്ങനെയാവും… എന്നാലും…

‘ദോഷൈക ദൃക്ക് ’ എന്നെന്നെ വിളിച്ചോളൂ. കുഴപ്പമില്ല. പക്ഷേ… സൈറേ… വെറും അഞ്ചുമാസം മാത്രം പ്രായമായ നിന്നെക്കുറിച്ച്, നീ വളർന്ന അവസ്ഥയെക്കുറിച്ച്, ചുറ്റുപാടുകളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ വീണ്ടും അസ്വസ്ഥയാവുകയാണ്. ഞങ്ങൾ മലയാളികൾ സൈറയുടെ കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയുന്നത് സൂപ്പർ താരം മോഹൻലാലും കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാൺ സ്വാമിയും സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട നായകളെ സ്വന്തമാക്കിയപ്പോഴാണ്. അതിനെ വളർത്താൻ ഒരുക്കേണ്ട സൗകര്യങ്ങൾ. സാധാരണക്കാർക്ക് ആലോചിക്കാവുന്നതല്ല. സൈബീരിയൻ കാലാവസ്ഥയിൽനിന്ന് നേരിട്ട് സൈറ ഇവിടെ എത്തുമ്പോൾ എന്താവും അവസ്ഥ. സൈബീരിയൻ ഹസ്കി രണ്ടും മൂന്നും തലമുറ കഴിഞ്ഞ് ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതൊക്കെ അറിയാം. സൈറ അങ്ങനെ അല്ലല്ലോ?
സൈറേ… നീ ഞങ്ങളുടെ നാട്ടിലെ കുംഭച്ചൂടിലേക്കാണ് പറന്നിറങ്ങുന്നത്. അതും സുദീർഘമായ യാത്രയും അലച്ചിലും കഴിഞ്ഞ്. നിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അതിയായ ആശങ്ക ഉണ്ട്. സാമ്പാറും ചോറും കൊടുത്തിട്ട് കഴിച്ചില്ല എന്നു ആര്യ പറയുമ്പോൾ ഞങ്ങൾ ശ്വാനപ്രേമികൾക്ക് കരയണോ, ചിരിക്കണോ എന്നറിയില്ല.ഇനി നാട്ടുകാരുടെ കാര്യം. അവർ നിങ്ങളെ എങ്ങനെ സ്വീകരിക്കും എന്നറിയില്ല. ചിലപ്പോൾ കുറെക്കാലം തലയിലേറ്റി നടക്കും. പിന്നെ മറക്കും.എനിക്ക് പേടി അതല്ല, ‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയേയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ എന്നൊക്കെ നാട്ടുകാർ പറയുമ്പോൾ നിങ്ങൾ അതെങ്ങനെ നേരിടും എന്നെനിക്ക് ആശങ്ക ഉണ്ട്. ലക്ഷങ്ങൾ മുടക്കി മകളെ ഡോക്ടറാക്കാൻ വിട്ട ആ മാതാപിതാക്കൾക്ക് നാട്ടുകാരുടെ സഹതാപവും കുത്തുവാക്കുകളും നേരിടാനുള്ള കരുത്തുണ്ടാവുമെന്നു പ്രതീക്ഷിക്കുകയാണ്.ആര്യയെയും സൈറയെയും അവർ എന്നും ചേർത്തു പിടിച്ചാൽ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവരാകും. അങ്ങനെ സംഭവിക്കട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു. നിങ്ങൾക്ക് വെല്ലുവിളിയായി ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ടാകും. സാമ്പത്തികമായും സാമൂഹികമായും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. അതിനുള്ള തയാറെടുപ്പുകൾ കൂടി നടത്തുക.
പ്രിയപ്പെട്ട ആര്യമോളേ… നീയും സൈറയും ഇപ്പോൾ നേരിട്ടതൊന്നും അല്ല വെല്ലുവിളി. ഇനിയുള്ള അതിജീവനമാണ് പ്രധാനം. അതിനായി നല്ലപോലെ തയാറെടുക്കുക. ഒരു പ്രഫഷനൽ കോഴ്സ് പാതിവഴിയിൽ നിൽക്കുകയാണ്. അത് പൂർത്തിയാക്കാനുള്ള വഴികൾ തേടുക. സൈറ നിനക്ക് ഒരിക്കലും ഭാരമാകരുത്. ഇപ്പോൾ നിങ്ങൾക്ക് താര പരിവേഷമാണ്. അതൊക്കെ താൽക്കാലികം. നിങ്ങൾക്ക് കുറച്ചു നാളേക്ക് വേണ്ടത് വിശ്രമം ആണ്. സൈറയെ നല്ലൊരു പെറ്റ് സ്പെഷലിസ്റ്റിന്റെ സഹായത്തോടെ നമ്മുടെ നാടുമായി ഇണങ്ങാൻ പഠിപ്പിക്കുക. ഒപ്പം സൈറയെ വീട്ടിലുള്ളവരുമായി അടുപ്പിക്കുക. സൈറയുടെ അതിജീവനം ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കേണ്ടി വരും. ആവാസവ്യവസ്ഥയിലെ മാറ്റം സൈറയെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. എല്ലാം നന്നായി വരും എന്നു തന്നെ കരുതുക. ആര്യയും സൈറയും ഇനിയും നല്ല വാർത്തകളും ചിത്രങ്ങളുമായി ഞങ്ങളുടെ മുന്നിലെത്തണം. അതാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി കാത്തിരിക്കുന്നു.
x