“എന്നും ചോറ് വാരി നൽകിയിരുന്നത് ‘അമ്മ , ‘അമ്മ മരിച്ച അന്നുമുതൽ ചോറ് ഉപേക്ഷിച്ച വെക്തിയെക്കുറിച്ചുള്ള ഫാ. റ്റിജോ മുണ്ടുനടക്കൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഒരു കുഞ്ഞിനെ ഉദരത്തിൽ പേറുന്ന നിമിഷം മുതൽ തന്നെ ഒരമ്മ സഹിക്കുന്ന ത്യാഗങ്ങൾ ഒരുപാട് വലുതാണ്. ആ നിമിഷം മുതൽ തന്റെ പൊന്നോമനയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരാണ് ഓരോ അമ്മ മനസ്സും. അമ്മയുടെ ത്യാഗങ്ങളെ കുറിച്ച് ഓർക്കുമ്പോൾ മക്കളുടെ മനസ്സിൽ എന്നും അതൊരു മാസ്മരികമായ അനുഭവം തന്നെയാവണം. എത്ര വൈകല്യങ്ങൾ ഉണ്ടെങ്കിലും എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും സ്വന്തം കുഞ്ഞിനെ എന്നും തന്റെ നെഞ്ചോട് ചേർത്ത് പിടിക്കും ഓരോ അമ്മ മനസ്സും. അത്തരത്തിൽ അമ്മയോടുള്ള കടപ്പാടിനെ കുറിച്ച് ഓർക്കുമ്പോൾ ബുദ്ധിവികാസം പൂർണമാകാത്തവരുടെ പുനരധിവാസകേന്ദ്രമായ കുടമാളൂർ ഉള്ള സംപ്രീതിയിലെ കുഞ്ഞുങ്ങളിൽ ഒരാൾ ഇന്നും അത്ഭുതമാണെന്നാണ് മനസ്സിലാക്കുന്നത്.ഇപ്പോഴിതാ സംപ്രീതി ഡയറക്ടർ ഫാ. ടിജോ മുണ്ടുനടക്കൽ തന്റെ കൂടെയുള്ള ആളെക്കുറിച്ചെഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

അമ്മയോടുള്ള മക്കളുടെ കടപ്പാടിനെക്കുറിച്ചോർക്കുമ്പോൾ ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമായ കുടമാളൂരുള്ള സംപ്രീതിയിലെ മാലാഖമാരിലെ ഒരാൾ എനിക്കെന്നും അത്ഭുതമാണ്. 2006 മുതൽ ഇന്നുവരെ ഒരു മണിപോലും ചോറുണ്ണാത്ത ഒരു മാലാഖ… രാവിലെ ഉണ്ടാക്കുന്നത് എന്തെങ്കിലും ഉച്ചക്കും വൈകിട്ടും കൊടുക്കാൻ മാറ്റി വച്ചിരിക്കും… അതില്ലെങ്കിൽ ചോറിനുപകരം മറ്റെന്തെങ്കിലും പാകം ചെയ്തുകൊടുക്കും അതാണ് പതിവ്. എത്രദിവസം പട്ടിണികിടക്കേണ്ടിവന്നാലും ഒരുമണിപോലും ചോറുണ്ണില്ല. ഇവരുടെ നിശ്ചയദാർഢ്യങ്ങൾ ക്കുമുമ്പിൽ നമ്മൾ ശിരസ്സുനമിക്കാതെ തരമില്ല Because they are the people of Determination. ഞാനീപറഞ്ഞുവരുന്ന വ്യക്തി എന്തുകൊണ്ട് ചോറുമാത്രം കഴിക്കില്ല എന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് മാതൃദിനത്തിന്റെയല്ല മാതൃവത്സരങ്ങളുടെ സ്നേഹമൂറുന്ന – ഇടമുറിയാത്ത ഒരു നിശ്ചയദാർഢ്യമായിരുന്നു അതെന്ന് മനസ്സിലായി. വീട്ടിലായിരുന്നപ്പോൾ എന്നും അമ്മയാണ് ചോറുവാരി കൊടുത്തുകൊണ്ടിരുന്നത്.

വർഷങ്ങൾക്കുമുൻപ് അമ്മമരിച്ച് മൃതസംസ്കാരം കഴിഞ്ഞ അന്നുമുതൽ ഇന്ന് വരെ അമ്മയോടുള്ള തന്റെ കടപ്പാടും ബന്ധവും തന്റെ പ്രധാന ഭക്ഷണമായ ചോറുപേക്ഷിച്ചുകൊണ്ട് ജീവിക്കുന്ന, മാതൃ – പുത്ര ബന്ധം മറ്റുള്ളവർക്ക് നിശബ്ദമായി എന്നാൽ വെല്ലുവിളിയായി കാണിച്ചുതരുന്ന സംപ്രീതിയുടെ പ്രിയപ്പെട്ട മാലാഖ. മാതൃദിനത്തിനുവേണ്ടിമാത്രമുള്ള ഒരു കടപ്പാടോ സ്നേഹമോ അല്ലിതെന്നും ജീവിതാവസാനം വരെയുള്ള ഒരു ബന്ധമാണെന്നുമുള്ള ഓർമപ്പെടുത്തൽ.ബുദ്ധിവികാസം പൂർണമാകാത്ത ഈ മാലാഖയുടെ നിശ്ചയദാർഢ്യമുള്ള മാതൃസ്നേഹത്തിനുമുമ്പിൽ സ്വയം ചോദിച്ചുപോകുന്നു…..ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്? ആർക്കാണ് യഥാർത്ഥ സ്നേഹവും കടപ്പാടുമുള്ളത്? ആർക്കാണ് അമ്മയോട് ശരിക്കും നന്ദിയുള്ളത് ഇല്ലാത്തത്? ആരാണ് യഥാർത്ഥത്തിൽ മാതൃദിനങ്ങളും വത്സരങ്ങളും കൊണ്ടാടുന്നത്? ആർക്കാണ് ബുദ്ധിവികാസം പൂർണമായത് ..? മക്കൾക്ക്‌ അമ്മയെ ഓർക്കുവാനും അമ്മയോടുള്ള കടപ്പാട് വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും അനുവർത്തിക്കുവാനും ഓർമപ്പെടുത്തുന്ന ദിനം. 9 മാസം ഉദരത്തിൽ വഹിച്ച് പാലൂട്ടിവളർത്തി.

സ്വയം വിശന്നെരിഞ്ഞാലും മക്കളെ വിശപ്പറിയിക്കാതെ മക്കൾക്ക്‌ വിഷമം ഉണ്ടാകാതിരിക്കാൻ മാനസിക ശാരീരിക വേദനകൾ നിശബ്ദമായി സഹിച്ച്..വേദനകൾ ആരെയും അറിയിക്കാതെ സാരിത്തുമ്പുകൊണ്ട് മുഖം മറച്ചും രാത്രിയിൽ നിശബ്ദമായി കരഞ്ഞും മക്കൾക്കുവേണ്ടി ചിരിക്കുന്ന മുഖം കരുതിവയ്ക്കുന്ന അമ്മമാർ…ആരും വിലയിട്ടില്ലെങ്കിലും, നല്ലവാക്ക് കേട്ടില്ലെങ്കിലും പകലന്തിയോളം ഒരേ ജോലികൾ എന്നും ചെയ്യുന്നവർ. ഒരു ചേഞ്ച്  ആഗ്രഹിച്ചാലും ഒരിക്കലും അനുഭവിക്കാത്തവർ..അഹോരാത്രം കണ്ണുനീരോടെ പ്രാർത്ഥിക്കുന്നവർ.മക്കൾ വഴിതെറ്റിയാൽ അറിയാത്ത കുറ്റത്തിന് പ്രതികൂട്ടിലാകുന്നവർ…ആയുസ്സ് മുഴുവൻ വച്ചുവിളമ്പിയാലും നല്ലതെന്ന വാക്ക് കേട്ടിട്ടില്ലാത്തവർ. മാതൃദിനത്തിന്റെ ആശംസകൾ എല്ലാ അമ്മമാർക്കും സ്നേഹത്തോടെ നേരുന്നു

 

x