‘ഒരു സ്ത്രീ രാത്രി 11 മണിയ്ക്ക് സഞ്ചരിക്കുമ്പോൾ ഇങ്ങനെയാണോ പെരുമാറേണ്ടത്’, നടി ഗൗരി കിഷനും പോലീസും തമ്മിൽ വാക്കേറ്റം ?

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ഗൗരി കിഷൻ. 2018 ൽ റീലീസ് ചെയ്ത ’96 എന്ന ചിത്രത്തിലെ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ഇളയ വേഷത്തിലൂടെയാണ് ഗൗരി പ്രേക്ഷക ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റിയത്. പിന്നീടങ്ങോട്ട് ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ സുഹൃത്തുമായി യാത്ര ചെയ്യവേ നടി ഗൗരി കിഷനും പോലീസുകാരുമായുണ്ടായ തർക്കത്തിൻ്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗൗരി കിഷൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിറ്റിൽ മിസ്‌ റാവുത്തറിലെ നായകൻ ഷെർഷ ഷെരീഫും കൂടി രാത്രി യാത്ര ചെയ്യുകയായിരുന്നു. അതിനിടെ നടി സഞ്ചരിച്ച കാറിൻ്റെ ആർ.സി ബുക്കിന്റെ കാലാവധി തീർന്നതിനെ ചുറ്റിപ്പറ്റിയാണ് സംസാരം തുടങ്ങിയത്. എന്നാൽ ഇത് യഥാർഥ വീഡിയോ ആണോ അതോ പ്രാങ്ക് ആണോ എന്ന് വ്യക്തമല്ല.

ആർസി ബുക്കിൻ്റെ കാലാവധി കഴിഞ്ഞത് സംബന്ധിച്ച തെറ്റ് താൻ മനസ്സിലാക്കുന്നുവെന്നും പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഗൗരി പോലീസിനോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഒരു സ്ത്രീ രാത്രി 11 മണിയ്ക്ക് സഞ്ചരിക്കുമ്പോൾ ഇങ്ങനെയാണോ പോലീസ് പെരുമാറുന്നതെന്നും ഗൗരി ചോദിക്കുന്നു. ഒടുവിൽ നടി കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

‘രാത്രി പതിനൊന്ന് മണിക്ക് സ്ത്രീ പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങൾ സംസാരിക്കുന്നത്. എന്നെ ടാർഗറ്റ് ചെയ്യുന്നത് പുരുഷാധിപത്യ സ്വഭാവമാണ്. ഒരു സ്ത്രീയും ഇത്തരം അപമാനം നേരിടരുത്. ഞാൻ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങൾ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാൽ ഇല്ലായിരിക്കും. ആർസി ബുക്കിന്റെ കാലാവധി തീർന്നു എന്നുള്ളത് ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. അത് അംഗീകരിക്കുന്നു’- ഗൗരി കിഷൻ വീഡിയോയിൽ പറയുന്നു.

x