ഇളയമകളുടെ ജനനത്തിന് ശേഷം നാല് വർഷം പുറത്തിറങ്ങിയില്ല; അഭിനയജീവിതത്തിലെ ഇടവേളയെ കുറിച്ച് സിന്ധു പറയുന്നത് ഇങ്ങനെ

മലയാള സിനിമ- സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സിന്ധു വര്‍മ. ബാലതാരമായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1984 ലാണ് വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചത്. അതിനു ശേഷം മോഹന്‍ലാലിനൊപ്പം ഇവിടെ എല്ലാവര്‍ക്കും സുഖം എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. വരവേല്‍പ്പ്, തലയണ മന്ത്രം, അര്‍ഥം തുടങ്ങി സിനിമകളില്‍ അഭിനയിച്ചു.

പഠനത്തിനു ശേഷം ടീച്ചറാവുകയാണ് ചെയ്തത്. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് സിന്ധു എത്തി. പരസ്പരം സീരിയലിലൂടെ ആണ് മിനി സ്‌ക്രീനില്‍ ആദ്യമായ് എത്തിയത്. ആ സീരിയലില്‍ മനു വര്‍മയോടൊപ്പമാണ് സിന്ധു അഭിനയിച്ചത്. അതിനു ശേഷം ഭാഗ്യജാതകം, പൂക്കാലം വരവായി തുടങ്ങി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ അഭിനയിച്ചു.

2021 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകാനായെത്തിയ ഹൊറര്‍ സിനിമയായ ദ് പ്രീസറ്റില്‍ നല്ലൊരു വേഷവും സിന്ധു ചെയ്തിട്ടുണ്ട്.മദര്‍ സുപ്പരീയറുടെ വേഷമാണ് സിന്ധു പ്രീസ്റ്റില്‍ ചെയ്തത്.മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രമുഖ നടനായ മനു വര്‍മയെ ആണ് സിന്ധു വിവാഹം ചെയ്തത്. പോലീസ് ഓഫീസറായി പിന്നീട് നടനായ ജഗനാഥവര്‍മയുടെ മകനാണ് മനു വര്‍മ.
ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്, ഗിരിന്ധര്‍ വര്‍മയും ശ്രീഗൗരിയും.അഭിനയത്തില്‍ നിന്നും ഇടയ്ക്ക് ഒരു ഇടവേള എടുത്തിരുന്നു സിന്ധു. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സിന്ധു.

മനുവിന്റെയും സിന്ധുവിന്റെയും ഇളയമകള്‍ ശ്രീഗൗരി ജനിച്ചപ്പോള്‍ തലച്ചോറില്‍ ഫ്‌ളൂയിഡ് ശേഖരണം ഉണ്ടായിരുന്നു. ശസ്ത്രക്രിയകള്‍ നടത്തി. മകള്‍ ബെഡിലും വീല്‍ചെയറിലും ആയപ്പോള്‍ നല്ല വിഷമം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.രാജ്യത്തെ മിക്ക ആശുപത്രികളിലും പോയി ചികിത്സിച്ചെങ്കിലും ഫലം ഉണ്ടായില്ല. മകളുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മകള്‍ ജനിച്ച് നാലു വര്‍ഷത്തോളം പുറത്ത് ഇറങ്ങിയില്ല.

രണ്ടു ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇന്‍ഫെക്ഷന്‍ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. മകളുടെ ഈ അവസ്ഥ എന്നെ വല്ലാതെ തളര്‍ത്തി കളഞ്ഞു. ഒരു പാട് സംസാരിച്ചിരുന്ന ഞാന്‍ പെട്ടെന്ന് സൈലന്റ് ആയി. ഇത് അച്ഛനെയും അമ്മയെയും മനുവിനെയും വല്ലാതെ വിഷമിപ്പിച്ചു. മറ്റുള്ളവരുടെ വാക്കുകളും വേദനിപ്പിച്ചിരുന്നു. അങ്ങനെ ഈ അവസ്ഥ മാറാനാണ് വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. മകള്‍ക്ക് ഇപ്പോള്‍ പതിന്നാല് വയസ്സാണ് ഉള്ളത്.

മകള്‍ ചെറുതായിരുന്നപ്പോള്‍ എടുത്ത് ഫങ്ഷനുകള്‍ക്ക് പോകുമായിരുന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞിരുന്നു, വലുതായാല്‍ എടുത്ത് നടക്കാന്‍ പറ്റില്ലെന്ന്. മകളെ നോക്കാന്‍ ബുദ്ധിമുട്ടല്ലേ, പണചിലവാണല്ലോ എന്നൊക്കെ പറഞ്ഞു കേട്ടിട്ട് ഉണ്ട്. മറ്റുള്ളവരുടെ വാക്കുകള്‍ എന്നും മുറിപ്പെടുത്തിയിരുന്നെന്നും സിന്ധു പറഞ്ഞു.

 

x