നമുക്കീ താലിമാല മാത്രം മതി , നീയാണ് ധനം ; സ്ത്രീധനമായി കിട്ടിയ ആഭരണങ്ങൾ എല്ലാം തിരികെ നൽകി വരൻ

സ്ത്രീധനവും അതിന്റെ പേരിൽ നടക്കുന്ന പ്രശ്നങ്ങളും ഓരോ ദിവസവും കൂടി കൂടി വരികയാണ് നമ്മുടെ നാട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾക്കാണ് ജീവനും ജീവിതവും നഷ്ടമാകുന്നത്. സ്ത്രീധനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വലിയ മാതൃക ആകുകയാണ് ഇന്ന് വിവാഹിതനായ സതീഷ് സത്യൻ. സതീഷ് വിവാഹം കഴിച്ച പെൺകുട്ടി ശ്രുതി രാജിന്റെ വീട്ടുകാർ സ്ത്ര്രെധാനമായി നൽകിയ ആഭരണങ്ങൾ എല്ലാം തന്നെ പെൺകുട്ടിയുടെ വീട്ടുകാർക്ക് തിരികെ നൽകിയാണ് സതീഷ് മാതൃകയായത്.


കഴിഞ്ഞ ദിവസമായിരുന്നു നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്ബതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്ബതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം പണയില്‍ ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. മകൾക്ക് വിവാഹ സമ്മാനമായി അമ്പത് പവനിൽ കുറയാതെയുള്ള ആഭരണങ്ങളും അണിയിച്ചാണ് മകളെ മാതാപിതാക്കൾ മണ്ഡപത്തിലേക്ക് കൊണ്ട് വന്നത്.

ശ്രുതിയുടെ കൈപിടിച്ച് കല്യാണ മണ്ഡപം വലം വയ്ക്കവേ സതീഷ് ശ്രുതിയോട് പറഞ്ഞു, നമുക്കീ താലിമാല മാത്രം മതി. ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ബാക്കിയൊക്കെ വീട്ടുകാർക്ക് തിരികെ നൽകാം. തന്റെ പ്രിയതമന്റെ അഭിപ്രയത്തോട് ശ്രുതിക്കും യോജിപ്പായിരുന്നു. ശ്രുതി അണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹ ശേഷം സതീഷും സത്യനും ചേര്‍ന്ന് എസ്.എഎന്‍.ഡി.പി. ശാഖാ യോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു.


ശ്രുതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയ അമ്പത് പവനോളം വരുന്ന ആഭരണങ്ങള്‍ ആണ് സതീഷ് ഊരി തിരികെ നല്‍കിയത്. ഇത് ശ്രുതിയുടെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച്‌, സതീഷ് ഇങ്ങനെ പറഞ്ഞു “എനിക്ക് നിങ്ങടെ പൊന്നും പണവും ഒന്നും വേണ്ട, ഇവളാണ് എനിക്ക് കിട്ടിയ ധനം.” വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തു കൂടിയവര്‍ സ്വീകരിച്ചത്. പുതുതലമുറക്ക് ഒരു വലിയ മാതൃക ആകുകയാണ് സതീഷ് എന്ന ഈ യുവാവ്. സതീഷിനെ പോലെ ഈ നാട്ടിലെ യുവാക്കൾ എല്ലാം ചിന്തിക്കാൻ തയ്യാറായാൽ തന്നെ ഇല്ലാതാകും സ്ത്രീധനം എന്ന ദുരാചാരം.

x