വാഹനാപകടത്തിൽ കഴുത്തിൽ നിന്നും വേർപെട്ട തല അത്യപൂർവ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് ഇസ്രയേലി ഡോക്ടർമാർ; പത്രണ്ടുകാരൻ സുലൈമാനിനിത് പുനർജന്മം

അപകടത്തെത്തുടർന്ന് തല കഴുത്തിൽ നിന്ന് ഭൂരിഭാഗവും വേർപെട്ട പന്ത്രണ്ടുകാരനിൽ അത്യപൂർവമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടർമാർ. ഇസ്രയേലിൽ നിന്നുള്ള ഡോക്ടർമാരാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ തല തിരികെപിടിപ്പിച്ചത്. സൈക്കിൾ ഓടിക്കുന്നതിനിടെ കാർ തട്ടി ഗുരുതര പരിക്കേറ്റ സുലൈമാൻ ഹാസൻ എന്ന പന്ത്രണ്ടുകാരനിലാണ് ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ ചെയ്തത്. നട്ടെല്ലിന് മുകളിലെ കശേരുക്കളിൽ നിന്ന് സുലൈമാന്റെ തലയോട്ടി വേർപെട്ട് പോന്നിരുന്നു.

അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കൽ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തു നിന്ന് തല ഭൂരിഭാഗവും വിട്ടുനിൽക്കുന്ന രീതിയിലാണ് സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാർ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകൾ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓർത്തോപീഡിക് സർജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു.

ശസ്ത്രക്രിയാ മുറിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടിയുടെ ജീവനായി പൊരുതുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സുലൈമാൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അമ്പതുശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് ചികിത്സ പൂർത്തിയായത്. എന്നാൽ ജൂലൈ വരെ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലവിൽ സെർവിക്കൽ സ്പ്ലിന്റ് ഘടിപ്പിച്ച് ആശുപത്രിയിൽ നിന്നും വിട്ടയച്ചിരിക്കുകയാണെങ്കിലും ഡോക്ടർമാർ സുലൈമാനെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

ഇത്തരമൊരു അപകടത്തെ അതിജീവിച്ച ഒരു കുട്ടിക്ക് നാഡീസബംന്ധമായ തകരാറുകൾ ഇല്ലായെന്നതും പരസഹായമില്ലാതെ നടക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ല എന്നും ഡോ.ഐനവ് പറഞ്ഞു.

 

x