”പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും” ; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറല്‍

കേരളീയരുടെ പ്രഭാത ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് പുട്ടിന് ഉള്ളത്. പുട്ടും പഴവും , പുട്ടുവും കടലയും അല്ലെങ്കില്‍ പുട്ടും പപ്പടവുമാണ് സാധാരണ കോംമ്പിനേഷന്‍. പുട്ടിനെക്കുറിച്ച് നേരത്തെ ഇറങ്ങിയ പാട്ട് വൈറലായിരുന്നു. എന്നാല്‍ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് പറഞ്ഞാല്‍ നിങ്ങളെന്ത് പറയും? പുട്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഇങ്ങനെയൊരു വിചിത്രമായ പ്രതികരണം അഭിപ്രായം കേട്ടാല്‍ എങ്ങനെ പ്രതികരിക്കും? സംഗതി മറ്റൊന്നുമല്ല… പരീക്ഷയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുട്ട് തനിക്കിഷ്ടമില്ലെന്ന് പറഞ്ഞ് മൂന്നാം ക്ലാസുകാരന്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും അത് ബന്ധങ്ങള്‍ തകര്‍ക്കുമെന്നുമാണ് മൂന്നാം ക്ലാസുകാരന്റെ അഭിപ്രായം. കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവില്‍ പഠിക്കുന്നതുമായ മൂന്നാം ക്ലാസുകാരന്‍ ജയിസ് ജോസഫിന്റെതാണ് ഈ രസകരമായ കുറിപ്പ്. ‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. പുട്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമായതിനാല്‍ അമ്മ എല്ലാ ദിവസവും രാവിലെ ഇത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാന്‍ പറ്റില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിതരാന്‍ പറഞ്ഞാല്‍ അമ്മ കേള്‍ക്കില്ല. അപ്പോള്‍ ഞാന്‍ കഴിക്കാതെ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്ക് പറയും. അങ്ങനെ ഞാന്‍ കരയും’. അതുകൊണ്ട് തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്നാണ് ജയിസ് കുറിച്ചത്.

ഈ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപിക ജയിസ് ജോസഫിനെ അഭിനന്ദിക്കാന്‍ മറന്നില്ല. എക്‌സലെന്റ് എന്നായികുന്നു അധ്യാപികയുടെ മറുപടി.മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫിന്റെയും ദിയ ജെയിംസിന്റെയും മകനാണ് ജയിസ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലാണ് ജയിസ് പഠിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.

കേരളീയരുടെ പ്രിയ പ്രഭാത ഭക്ഷണത്തെ വിമര്‍ശിച്ചതില്‍ ചിലര്‍ ചെറിയ രീതിയിലുള്ള വിമര്‍ശനവും നടത്തി. എന്തായാലും ജയിസിന്റെ കാഴ്ച്ചപ്പാടിലെ പുട്ട് വൈറലായി. ഒറുപാട് പേരാണ് ഈ ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി പേര്‍ കമന്റുകളുമായും രംഗത്തെത്തി. പുട്ടിന് ഇന്ന് വരെ ഇത്തരത്തില്‍ ഒരു വിമര്‍ശനം കേട്ടിട്ടില്ലെന്ന് ഉറപ്പ്.മൂന്നാം ക്ലാസുകാരനില്‍ നിന്നും ഇത്തരമൊരു അഭിപ്രായം ഒരിക്കലും ആരും പ്രതീക്ഷിച്ച് കാണില്ല.

x