പ്രളയകാലത്തെ നന്മയുടെ പ്രതിരൂപമായ നൗഷാദിക്കയെ ഓർമയില്ലേ? ; ഇന്ന് നൗഷാദിക്കക്ക് പറയാനുള്ളത് സങ്കടങ്ങളുടെ കഥയാണ്

ആദ്യ പ്രളയത്തെ നമ്മൾ മലയാളികൾ ഒറ്റകെട്ടായി അതിജീവിച്ചു അതിൽ നിന്നും ഒന്ന് കരകയറി വന്നപ്പോഴാണ് രണ്ടാം പ്രളയം എത്തുന്നത്. ആദ്യ പ്രളയ സമയത്തു എല്ലാവരും കയ്യയഞ്ഞു സഹായിക്കുകയും വളരെ വേഗം സഹായം എത്തിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പ്രളയ സമയമായപ്പോൾ പലരും ഒന്ന് പിൻവലിഞ്ഞു നിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ തവണ കൊടുത്തതല്ലേ എന്ന് കരുതിയും കൊടുത്ത സഹായങ്ങൾ ആവശ്യക്കാരിൽ എത്തിയില്ല എന്ന് തെറ്റിദ്ധരിച്ചും ഒക്കെ പലരും മാറി നിന്ന ഒരു അവസ്ഥ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലും പ്രതീക്ഷിച്ച സംഭാവനകൾ കിട്ടാതെ വന്ന ഒരു സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴാണ് നന്മയുടെ പ്രതിരൂപമായി ഒരു മനുഷ്യൻ അവതരിച്ചത്. കൊച്ചിയിലെ ബ്രോഡ്‌വേ മാർക്കറ്റിലെ തെരുവോര കച്ചവടക്കാരനായ നൗഷാദിക്ക. തന്റെ കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ എല്ലാം തന്നെ ദുരിതമനുഭവിക്കുന്നവർക്കായി നല്കാൻ തയ്യറായ നല്ല മനുഷ്യൻ. വെറുമൊരു തെരുവോര കച്ചവടക്കാരൻ ആയ നൗഷാദിക്ക സമൂഹത്തിന് നൽകിയ സന്ദേശം വളരെ വലുതായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരള മനസാക്ഷിയുടെ മുഖമായി മാറുകയായിരുന്നു നൗഷാദിക്ക.

പ്രളയ സമയത്തു സഹായിക്കുമോ എന്ന് ചോദിച്ചു എത്തിയവരോട് നിങ്ങൾ വേണ്ടത് എന്താന്ന് വെച്ചാൽ എടുത്തോ എന്നായിരുന്നു നൗഷാദിക്കയുടെ മറുപടി. മറ്റ് കടകളിൽ കയറിയപ്പോൾ കഴിഞ്ഞ തവണ കൊടുത്തിരുന്നു ഇപ്പോൾ ഒന്നുമില്ല എന്നാണ് അവർ മറുപടി നൽകിയത്. എന്നാൽ നൗഷാദിക്ക മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാകുകയായിരുന്നു. അവരാണ് നൗഷാദിക്കയുടെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നത്. നൗഷാദിക്കയുടെ നല്ല മനസ്സിനെ കേരളക്കര ഒന്നാകെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

എന്നാൽ ഇപ്പോൾ കൊറോണയും ലോക്ക് ടൗണും ഒക്കെയായി മറ്റൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് നൗഷാദിക്കയെ പോലുള്ള തെരുവോര കച്ചവടക്കാരെയാണ്. ഒരു കാലത്തു നമ്മെ കയ്യയഞ്ഞു സഹായിച്ച നൗഷാദിക്കക്ക് ഇപ്പോൾ സഹായങ്ങൾ ഒന്നും ചെയ്യാൻ കഴിയാത്ത സങ്കടത്തിലാണ്. കട തുറക്കാൻ ആകാത്തതുകൊണ്ടു തന്നെ കഷ്ടപ്പെട്ടാണ് ജീവിതം തള്ളി നീക്കുന്നതെന്ന് നൗഷാദിക്ക പറയുന്നു. എന്നാൽ സഹായങ്ങൾ ചോദിച്ചു നിരവധി പേർ വിളിക്കുന്നുണ്ട്. തന്നെക്കൊണ്ട് കഴിയുന്നതാണേൽ അത് ചെയ്തു കൊടുക്കും എന്ന് നൗഷാദിക്ക പറയുന്നു.

അന്ന് പ്രളയകാലത്തു ഒരുപാട് പേര് നൗഷാദിക്കക്കു സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. എന്നാൽ അതെല്ലാം സ്നേഹപൂര്വ്വം നൗഷാദിക്ക നിരസിച്ചു. തനിക്ക് സഹായമൊന്നും വേണ്ടെന്നും സഹായം ആവശ്യമുള്ളവരെ സഹായിച്ചാൽ മതിയെന്നും ആയിരുന്നു നൗഷാദിക്കയുടെ മറുപടി. തന്റെ സഹായങ്ങൾ തുടരാനായി അന്ന് ഒരു ട്രസ്റ്റും രൂപീകരിച്ചിരുന്നു നൗഷാദിക്ക. എന്നാൽ അന്ന് കൂടെ നിന്നവരാരും പിന്നീട് ആ വഴി വന്നില്ല. തന്റെ കച്ചവടത്തിൽ നിന്നും കിട്ടുന്ന ഒരു ലാഭം ഇതിനായി മാറ്റിവെക്കുകയാണ് നൗഷാദിക്ക. ഈ മഹാമാരി അവസാനിച്ചു തെരുവുകൾ സജീവമാകുന്ന കാലം കാത്തിരിക്കുകയാണ് നൗഷാദിക്ക ഇപ്പോൾ.

x