ഏഴാംമാസത്തില്‍ ജനിച്ച ലൂക്കയ്ക്ക് ഒന്നരക്കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ, മുലപ്പാല് പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്ത് കൊണ്ടിരുന്നു; മിയ ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്

ല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്കെത്തി നിരവധി സിനിമകളില്‍ തിളങ്ങിയ നടിയാണ് മിയ ജോര്‍ജ്ജ്. കഴിഞ്ഞ ഈസ്റ്ററിന് ശേഷം മിയയുടെ ജീവിതത്തില്‍ രണ്ട് വലിയ കാര്യങ്ങളാണ് നടന്നത്. ഒന്ന് മകന്‍ ലൂക്ക പിറന്നതും മറ്റൊന്ന് അച്ഛന്റെ വിയോഗവുമാണ്. കോവിഡിനെക്കാള്‍ പേടിപ്പിച്ചാണ് ലൂക്കയുടെ വരവ് എന്നാണ് മിയ പറയുന്നത്.

ഗർഭകാലത്ത് ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നതുകൊണ്ട് ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ചുകൊണ്ടു വരുന്ന ചടങ്ങുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് ഭര്‍ത്താവ്‌ അശ്വിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. തിരികെയെത്തി കിടന്നുറങ്ങിയ മിയ വെളുപ്പിന് ഉണരുന്നത് വയറു വേദനിച്ചിട്ടാണ്.ഫോള്‍സ് പെയിന്‍ ആണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വേദന പോകാത്തപ്പോള്‍ അമ്മയെ വിളിക്കുകയായിരുന്നു. ഇടയ്ക്ക് വേദന വരുമ്പോള്‍ മിയ മുന്നിലേക്ക് കുനിഞ്ഞ് പോകുന്നത് കണ്ട് അമ്മ വിളിക്കാന്‍ പറയുകയായിരുന്നു. പാലായിലെ ബെറ്റി ഡോക്ടറെ വിളിച്ചപ്പോള്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്താനും കുത്തിവെയ്‌പ്പെടുക്കാം എന്നും പറയുകയായിരുന്നു. അവിടെയെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് ഏഴാം മാസത്തിലേ പുറത്ത് വരാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നും പറയുകയായിരുന്നു.

ഏഴാം മാസത്തിൽ ഉണ്ടാകുന്ന കുഞ്ഞിനു തനിയെ ശ്വസിക്കാനൊന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ നിയോനേറ്റൽ കെയർ വിഭാഗം ഇല്ല. പിന്നെയുള്ളത് രണ്ട് ഓപ്ഷനാണ്. ഒന്നുകിൽ അവിടെ പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു പെട്ടെന്നു മാറ്റണം. അല്ലെങ്കിൽ നിയോനേറ്റൽ കെയർ ഉള്ള ആശുപത്രിയിലേക്കു പെട്ടെന്നു പോയി പ്രസവിക്കണം. പാലായിൽ നിന്ന് കോട്ടയം വരെയൊന്നും പോകാനുള്ള സമയം കിട്ടിയേക്കില്ല എന്നും ഡോക്ടർ പറഞ്ഞു.രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഉടനെ മിയയെ ആംബുലന്‍സില്‍ കിടത്തി മറ്റൊരു ആശുപത്രിയിലേക്ക് പോയി. ബെറ്റി ഡോക്ടറും മറ്റൊരു സഹായിയും കൂടെ കയറി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും കോവിഡ് ടെസ്റ്റ് അടക്കം പൂര്‍ത്തിയാക്കി ലേബര്‍ റൂമിലേക്ക് കയറ്റുകയും പതിനഞ്ച് മിനിറ്റിനുള്ളില്‍ മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ജനിച്ചപ്പോള്‍ ഒന്നരക്കിലോ ഭാരമേ ലൂക്കയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്‍ മാസ്‌ക്ക് വെച്ചാണ് ലൂക്കയെ എന്‍ഐസിയുവില്‍ കിടത്തിയിരുന്നത്. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്ത് കൊണ്ടിരുന്നു. പത്ത് ദിവസം കഴിഞ്ഞ് ട്യൂബ് മാറ്റ് ഓരോരോ തുള്ളിയായി വായിലേക്ക് വാല്‍ ഇറ്റിച്ച് കൊടുത്തു. ഓരോ ദിവസവും 40 ഗ്രാം ഭാരമായിരുന്നു കൂടിയത്. ഒരുദിവസം 25 ഗ്രാം ഭാരമേ കൂടിയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മിയയും കുടുംബും പേടിച്ചു.കുഞ്ഞിന്റെ തൂക്കം രണ്ടു കിലോ ആകാൻ 25 ദിവസം എടുത്തു.മോനാണെന്ന തോന്നല്‍ തുടക്കം മുതലേ ഉള്ളത് കൊണ്ട് കുറേ ആണ്‍കുട്ടികളുടെ പേരുകള്‍ നേരത്തെ കണ്ടുവെച്ചിരുന്നു എന്നും ഡിസ്ചാര്‍ജ് ആകുന്നതിന്റെ തലേ ദിവസമാണ് ലൂക്ക എന്ന പേരിട്ടതെന്നും മിയ പറയുന്നു.

ലൂക്ക ഐസിയുവില്‍ ആയിരിക്കുമ്പോള്‍ മിയ പാട്ടുപാടി കൊടുക്കാറുണ്ടായിരുന്നു. ഐസിയുവില്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കങ്കാരു മദര്‍ കെയര്‍ ചെയ്തിരുന്നു.കുഞ്ഞിനെ അമ്മയുടെ ഉടുപ്പിനുള്ളിലാക്കി നെഞ്ചോടു ചേർത്ത് കിടത്തുന്ന രീതിയാണത്. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞ് വേഗം ആരോഗ്യം കൈവരിക്കും. ഈ സമയത്താണ് അമ്മയുടെ ചൂടും മണവും ശബ്ദവുമൊക്കെ കുഞ്ഞിനു കൂടുതൽ പരിചിതമാകുന്നത്.ദിവസം തോറും രണ്ടു മണിക്കൂർ വീതമാണ് ഇതു ചെ യ്യുന്നത്. ഐസിയുവിലെ മുറിയിൽ കുഞ്ഞുമായി തനിച്ച് ഇരിക്കുന്നതിനിടെ മിയ വെറുതേ പാട്ടു പാടാൻ തുടങ്ങി.അതുകൊണ്ട് തന്നെ ലൂക്കയ്ക്ക് പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ടമായി. ‘ വാതില്‍ക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് മിയ മകന് പാടിനല്‍കുകയും അവന്റെ സന്തോഷം കണ്ടപ്പോള്‍ വെറുതെ അത് റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലിടുകയും ചെയ്തു. അത് പിന്നീട് വൈറലായി.കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നത് മനോഹരമായ ഉത്തരവാദിത്വമാണെന്നും എല്ലാ ദിവസവും ഒരുപോലെയാകാതിരിക്കാന്‍ പുസ്തകം വായിക്കുകയും ചെടി വാങ്ങുകയും എംബ്രോയ്ഡറി ചെയ്യാനുമെല്ലാം തുടങ്ങിയെന്നും മിയ പറയുന്നു.പലരും കുഞ്ഞിന് പിന്നാലെ മാത്രം നിന്ന് ഇത്തരം കാര്യങ്ങള്‍ മിസ്സ് തെയ്യുമ്പോഴാണ് ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേക്ക് എഥ്തുന്നതെന്നും മിയ പറയുന്നു.

x