വൈറലായ ഫ്ളക്സ് വെച്ചയാളെ ഒടുവിൽ പിടികിട്ടി ; ഫ്ളക്സ് വന്നതിന് ശേഷം വീട്ടുകാർ ഇതുവഴി പോകില്ലെന്ന് ഷിബു

നൂറുമേനി വിജയമായാണ് കഴിഞ്ഞ ദിവസം എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപിച്ചത്. ഇതോടെ പത്രങ്ങളിലും, വാർത്തകളിലും, ഫ്ലക്സ് ബോർഡുകളിലും എല്ലാം ഇടംപിടിക്കുന്നത് വിജയശ്രീലാളിതരായ ചുണക്കുട്ടികൾ ആണ്. എന്നാൽ കാക്കൂർ എന്ന ജംഗ്ഷനിലെ ശ്രദ്ധ പിടിച്ചുപറ്റുന്നത് എസ്എസ്എൽസിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയശ്രീലാളിതനായ ഒരാളുടെ ഫ്ലക്സ് ബോർഡ് ആണ്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർക്ക് ഉള്ള ഉത്തരം ഇതാണ്, ആ ഫ്ലക്സ് ബോർഡിലെ വാചകങ്ങളും ചിത്രവും തന്നെയാണ് പ്രത്യേകത..! ” 1990 -91 വർഷം എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങൾ, അന്നു വെക്കാൻ പറ്റിയില്ല സോറി ” ഒപ്പം ഷർട്ട് ഇടാത്ത ഷിബുവിന്റെ ചിത്രവുമാണ് ഫ്ലക്സിൽ പതിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ നാട്ടിൽ ഷിബു കാക്കനാട് ആണ് താരം. ഈ ഫ്ലക്സ് കണ്ടതോടെ നാട്ടുകാരിൽ ചിരി ഉണർത്തുകയും, വീട്ടുകാരിൽ ദേഷ്യം പടരുകയും ചെയ്തു. ഫ്ലക്സിൽ ഷർട്ട് ഇല്ലാത്ത ചിത്രം ഉള്ളതുകൊണ്ട് നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം വിചാരിച്ചിരുന്നത്, ഇത് ഷിബുവിനെ മനപ്പൂർവം കളിയാക്കാനായി ആരെങ്കിലും ചെയ്തിരിക്കാം എന്നാണ്, എന്നാൽ സംഭവത്തിലെ ചുരുളഴിച്ചു കൊണ്ട് ഷിബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ തന്നെയാണ് തന്റെ ചിത്രം വെച്ചുകൊണ്ട് ഈ ഫ്ലക്സ് അടിച്ചതും, നാട്ടകത്തിനു അടുത്ത് കാക്കൂർ ജംഗ്ഷനിൽ അത് സ്ഥാപിച്ചതും. ഇപ്പോൾ നാട്ടിലെ മുഴുവൻ സംസാരവിഷയം ഈ ഫ്ലക്സ് ബോർഡ് ആണ്.

എന്നാൽ ബുദ്ധിയുള്ളവർ ചിന്തിക്കുന്നത് ഇതിൽ കാര്യകാരണങ്ങൾ ഉണ്ട് എന്നത് തന്നെയാണ്. കാരണം വളരെയേറെ കഷ്ടപ്പെട്ടാണ് ഷിബു എസ്എസ്എൽസി പരീക്ഷ 1991 ഇൽ പാസായത്. രണ്ട് തവണ എഴുതി മികച്ച വിജയം നേടാൻ സാധിച്ചില്ലെങ്കിലും, ഷിബു വീണ്ടും കാത്തിരുന്നു ഒടുവിൽ മൂന്നാംതവണയാണ് ഷിബു പരീക്ഷയെഴുതി വിജയിച്ചത്. ആദ്യ പരീക്ഷയിൽ നൂറിൽ താഴെ മാർക്ക് ലഭിച്ച ഷിബു പിന്നീട് രണ്ടാമത് വീണ്ടും എഴുതി, എന്നാൽ കഷ്ടിച്ച് 150 മാർക്കാണ് ഷിബുവിനെ ലഭിച്ചത്. എന്നാൽ വീണ്ടും ഷിബു എഴുതി, എന്നാൽ ഇപ്രാവശ്യം ഷിബുവിന് ഫസ്റ്റ് ക്ലാസിനു അടുപ്പിച്ചുള്ള തിളക്കമുള്ള മാർക്ക് തന്നെയാണ് ലഭിച്ചത്. എന്നാൽ അന്ന് തന്നെ അഭിനന്ദിക്കാനോ, പ്രചോദനം പകരാനോ ഒന്നും തന്നെ ആരും ഉണ്ടായിരുന്നില്ല.

ഫ്ലെക്സ് ബോർഡ്‌ സംവിധാനം അന്ന് നാട്ടിൽ പ്രചാരത്തിലുമില്ല.അതുകൊണ്ട് തന്നെയാണ് താരം ഷിബു ഇത്തവണ തന്റെ ചിത്രം വെച്ചത്. എല്ലാത്തവണയും എസ്എസ്എൽസി ഫലം വരുമ്പോൾ ഷിബു തന്നെയാണ് നാട്ടിലെവിജയിച്ച കുട്ടികളുടെ ചിത്രം ഫ്ലക്സ് ബോർഡ് ആക്കി വയ്ക്കുന്നത്. എന്നാൽ ഇത്തവണ തന്റെ പരിചയത്തിലോ നാട്ടിലോ ആരും എ പ്ലസ് വാങ്ങിയില്ല. അതു കൊണ്ടാണ് തന്റെ ചിത്രം ഫ്ലക്സ് ആക്കി വെച്ചത് എന്നും ഷിബു പറയുന്നു. സ്വന്തമായി ഫ്ലക്സ് വെച്ചിട്ട് എന്തുകൊണ്ടാണ് ഷർട്ട് ഇടാത്ത ചിത്രം പതിപ്പിച്ചത് എന്ന ചോദ്യത്തിനും ഷിബു ഉത്തരം പറയുന്നുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണ് ഇത് എന്നാണ് താരം പറയുന്നത്. ഷിബു കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളിയും,മീൻ കച്ചവടക്കാരനും ആണ്. ഭാര്യ സിന്ധു ആശാവർക്കർ ആണ്. ഏകമകൾ ഗീതാഞ്ചനു എം എസ് സി വിദ്യാർത്ഥിനിയുമാണ്. എന്നാൽ ഷിബു താരം ആയെങ്കിലും വീട്ടുകാർക്ക് ഇതിനോട് എതിർപ്പുണ്ട്. അതുകൊണ്ടു തന്നെ കവലയിൽ ഈ ഫ്ലക്സ് വന്നതിനു ശേഷം, വീട്ടുകാർ ആരും ഇതുവഴി പോകാറില്ലെന്നും, അടുത്ത സ്റ്റോപ്പിൽ പോയാണ് ബസ് കയറുന്നത് എന്നും ഷിബു പറയുന്നു. നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളം മുഴുവൻ ഷിബു സ്റ്റാറായി മാറിയിരിക്കുകയാണ്.

x