എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് ; പച്ചക്കറി വില്‍പനക്കാരന്റെ മകളുടെ ലക്ഷ്യം ഐഎസ്ആര്‍ഒ

ഴിഞ്ഞ നാലു വര്‍ഷമായി ലളിത ആര്‍ അവലി എന്ന 22-കാരിയുടെ ദിവസം ആരംഭിക്കുന്നത് വെളുപ്പിനെ നാലു മണിക്കാണ്. ജീവിതത്തിലെ പ്രതിസന്ധിയെ കരുത്താക്കി, അച്ഛനും അമ്മയ്ക്കുമൊപ്പം പച്ചക്കറി വില്‍പനയില്‍ സഹായിച്ച് എയറോനോട്ടിക്കല്‍ എന്‍ജിനീയറങ്ങില്‍ ഒന്നാം റാങ്ക് നേടി ലളിത ഏവര്‍ക്കും പ്രചോദനമാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ ഹിരിയൂര്‍ സ്വദേശികളായ രാജേന്ദ്രയുടെയും ചിത്രയുടെയും മകളാണ് ലളിത ആര്‍ അവലി.

വെളുപ്പിനെ എഴുന്നേറ്റ് പുസ്തകക്കെട്ടുമായി മാതാപിതാക്കളെ പച്ചക്കറി വില്‍പ്പനയില്‍ സഹായിക്കാന്‍ പോകും. അവിടെയിരുന്ന്‌കൊണ്ട് ലളിത പഠിക്കും. രാവിലത്തെ കച്ചവടം കഴിഞ്ഞ് നേരെ ഓടും, യെലഹങ്കയിലെ ഈസ്റ്റ് എയറോനോട്ടിക്കല്‍ എന്‍ജിനയറിങ്ങ് വിദ്യാര്‍ഥിയായിരുന്നു ലളിത. ബെലഗാവിയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജായിരുന്നു. എന്‍ജിനീയറിങ്ങിന്റെ അവസാന വര്‍ഷ റിസല്‍ട്ട് വന്നപ്പോള്‍ 9.7 പെര്‍സന്റേലുമായാണ് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറങ്ങില്‍ ലളിത ഒന്നാം റാങ്ക് നേടിയത്. ഇതോടൊപ്പം ഗേറ്റ് പരീക്ഷയില്‍ 707 സ്‌കോറും ലളിത നേടി. കുടുംബത്തിലെ തന്നെ ആദ്യ ബിരുദധാരിയായി മാറിയ മൂത്ത മകളുടെ ഉന്നത വിജയത്തില്‍ ആനന്ദക്കണ്ണീരിലാണ് മാതാപിതാക്കള്‍.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ പഠനക്കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടല്ല ഇവര്‍. രാവും പകലും ഒരുപോലെ അധ്വാനിച്ചാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. കഴിഞ്ഞ 40 വര്‍ഷമായി കുടുംബം പച്ചക്കറി വില്‍പന നടത്തിയാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. ലളിതയുടെ പഠന മികവു കണ്ട കോളജ് അധികൃതര്‍ ഹോസ്റ്റല്‍ ഫീസ് സൗജന്യമുള്‍പ്പെടെ ഇളവുകള്‍ നല്‍കിയിരുന്നു. വിജയത്തില്‍ മാതാപിതാക്കളെ പോലെ കോളജ് അധികൃതരോടും ലളിത നന്ദി പറയുന്നു.

ഐഐടിയോ ഐഐഎസ്സിയോ പോലെ മുന്‍നിര സ്ഥാപനങ്ങളില്‍ നിന്ന് എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടണമെന്നാണ് തന്റെ ഭാവി പദ്ധതികള്‍ എന്ന് ലളിത പറഞ്ഞിരുന്നു. ലളിതയുടെ റോള്‍ മോഡല്‍ ഏറെ കഷ്ടപ്പാടുകളില്‍ നിന്ന് ഐഎസ്ആര്‍ഒ മേധാവിയായ കെ. ശിവനാണ്. ഒരു സ്‌പേസ് സയന്റിസ്റ്റായി ഐഎസ്ആര്‍ഒയിലോ ഡിആര്‍ ഡി ഒ യിലോ ജോലി ചെയ്യണമെന്ന സ്വപ്നവും കാത്തു സൂക്ഷിക്കുന്നു.

 

x