മുട്ടായി വിതരണം ചെയ്‌ത്‌ അനുപമ; അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ് ഡിഎന്‍എ ഫലം പുറത്ത് വന്നു ഒരുപാട് സന്തോഷം എന്ന് അനുപമ

തിരുവനന്തപുരത്ത് അമ്മയറിയാതെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. നൊന്തു പ്രസവിച്ച് തന്റെ കുഞ്ഞിനെ താന്‍ അറിയാതെ മാറ്റിയെന്നാരോപിച്ച് 2020ലാണ് എസ്എഫ്‌ഐ നേതാവായ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റായ അജിത്തും പേരൂര്‍ക്കട പോലീസിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിലെ നേതാക്കള്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷക്കാലം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും കേസെടുത്തിരുന്നില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 18നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അനുപമയുടെ അച്ഛനായ പി.എസ് ജയചന്ദ്രനും അമ്മ സ്മിതാ ജയിംസും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മൂത്ത സഹേദരിയുടെ വിവാഹത്തിനായി സ്ഥലം വില്‍ക്കണെമന്നും കുറച്ചു പേപ്പറില്‍ ഒപ്പ് വേണമെന്നും വീട്ടുക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രമായിരുന്നു അത്. ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്തു നല്‍കല്‍ സമിതി ഓഗസ്റ്റ് 7 ന് ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറി. താല്‍ക്കാലികമായാണ് കൈമാറ്റം നടന്നതെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ കൈമാറ്റം ചെയ്യാന്‍ മാതാപിതാക്കളെ സഹായിച്ചത് ശിശുക്ഷേമ സമിതിയും സി.ഡബ്ല്യൂ.സിയുമാണെന്ന് ആരോപിച്ച് ഒക്ടോബര്‍ 21ന് അനുപമയും ഭര്‍ത്താവ് അജിത്തും രംഗത്ത് വരുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അനുപമ പറയുകയുണ്ടായി.

പിന്നീട് കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ശിശുക്ഷേമ സമിതിയക്ക് മുന്നില്‍ ഉപവാസ സമരം നടത്തി. ഇതിനു ശേഷം തിരുവന്തപുരം കുടുംബ കോടതി ആന്ധ്രയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ നല്‍കുന്ന ദത്തെടുക്കല്‍ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചതാണോ അതോ മനപൂര്‍വ്വം വിട്ടു നല്‍കിയതാണോ എന്നതില്‍ വ്യക്തത വരാത്തിതിനാല്‍ സര്‍ക്കാര്‍ അന്വേഷണം നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് കുഞ്ഞിനെ കേരളത്തിലെത്തിക്കാനും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താനും ഉത്തരവ് വന്നു. ഇപ്പോഴിതാ ഡിഎന്‍എ പരിശോധന ഫലം സിഡബ്ലൂസിക്ക് കൈമാറിയിരിക്കുകയാണ്. 30നാണ് കേസ് പരിഗണിക്കുന്നത്.

പരിശോധനാ ഫലത്തിലൂടെ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. അതേസമയം സമരപ്പന്തലില്‍ അനുപമ മിഠായി വിതരണം ചെയ്തു.

ടെസ്റ്റ് റിസള്‍ട്ട് പോസിറ്റിവാണെന്ന് സിഡബ്ല്യൂസിയെ അറിയിച്ചു കഴിഞ്ഞുവെങ്കിലും വിവരം ഇത് വരെ അനുപമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഡിഎന്‍എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിച്ച കുഞ്ഞ് ഇപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. ഫലം പോസിറ്റീവ് ആയതിന് പിന്നാലെ കുഞ്ഞിനെ കാണാന്‍ അനുപമക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കി. ഇതേതുടര്‍ന്ന് ശിശു ഭവനിലെത്തി കുഞ്ഞിനെ കാണുകയും തന്റെ സന്തോഷം മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പ്രസവിച്ച് മൂന്നാംനാള്‍ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ കാണുന്നത്. കുഞ്ഞിനെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും വിട്ടുപോരുന്നതില്‍ സങ്കടമുണ്ടെന്നും അനുപമ ശിശു ഭവനില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

Articles You May Like

x