ഭക്ഷണമായി പഞ്ചസാര വെള്ളവും കുതിർത്ത അരിയും, അസ്ഥികൂടം പോലെ മൃദശരീരം ; സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ കൊടും ക്രൂരതയുടെ ഇര

കേരളസമൂഹത്തിൽ ഏറ്റവും വ്യാപകമായി ഒരു സാമൂഹിക വിപത്തായി മാറുന്ന സമ്പ്രദായമാണ് സ്ത്രീധനസമ്പ്രദായം. നിയമപരമായി സ്ത്രീധനസമ്പ്രദായം നിരോധിച്ചെങ്കിലും വലിയ പ്രൗഡി കാണിക്കാനും അഭിമാന പ്രശ്നം എന്നപേരിലും സ്ത്രീധനം കൊടുക്കലും വാങ്ങലും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. വേണ്ടത്ര സ്ത്രീകളെ കിട്ടിയില്ല എന്ന പേരിലും മറ്റും ഭർതൃവീട്ടിൽ നിന്ന് ഒരുപാട് മർദ്ദനങ്ങളും വിഷലിപ്തമായ വാക്കുകളും കേട്ട് ഇന്നും നിരവധി സ്ത്രീജനങ്ങൾ പലയിടങ്ങളിലായി ചൂഷണങ്ങൾ അനുഭവിച്ചുവരുന്നു. ഇതിന്റെ പേരിൽ ആത്മഹത്യ ചെയ്തവർ കൊല ചെയ്യപ്പെട്ടവർ ഏറെ. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾ കാരണം ജീവിതം ഒരു തൂങ്ങുകയറിൽ അവസാനിപ്പിച്ചവർ എത്രയോ പേർ, വിസ്മയ വരെ ആ കണക്ക് നീളുന്നു. ജീവിതം മുന്നോട്ടു പോവില്ല എന്ന് മനസ്സിലാക്കി ജീവിതം അവസാനിപ്പിക്കുന്ന സ്ത്രീധനത്തിന്റെ പേരിൽ അരുംകൊലകൾ നടന്നുകൊണ്ടിരിക്കുന്ന കേരളത്തെ മുഴുവൻ ഞെട്ടിച്ച ഒരു കേസായിരുന്നു ഊയിർ സ്വദേശി തുഷാരയുടേത്.

സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ കാലങ്ങളോളം പഞ്ചസാര വെള്ളവും പച്ചരി കുതിർത്തതും കൊടുത്തു രോഗിയാക്കി മാറ്റി കൊണ്ടിരിക്കുകയായിരുന്നു തുഷാരയെ. അധികം സാമ്പത്തികസ്ഥിതി ഇല്ലാത്ത തുഷാരയുടെ വീട്ടുകാർ തന്നാൽ ആകുന്ന വിധത്തിൽ ആഘോഷമാക്കി തന്നെയാണ് 22 വയസിൽ തുഷാരയെ ചന്തു ലാൽ എന്നെ യുവാവിന് കല്യാണം കഴിപ്പിച്ച് ഏൽപ്പിക്കുന്നത്. പിന്നീടങ്ങോട്ട് തുഷാരയുടെ ജീവിതത്തിൽ നരകതുല്യമായിരുന്നു. സ്വന്തം മാതാപിതാക്കളെ വിളിക്കുന്നതിനും കാണുന്നതിനു വിലക്ക്. സ്ത്രീധനത്തുകയിൽ മിച്ചം വന്ന രണ്ട് ലക്ഷം രൂപയെ ചൊല്ലിയായിരിന്നു തുടർന്നുള്ള പീഡനം. അതിനിടയിൽ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയ ഒരു അമ്മയായി മാറി. പക്ഷേ എന്നാലും ഭർത്തുവീട്ടുകാർ സ്വന്തം പേരക്കുട്ടിയെ തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. പിന്നീട് നീണ്ട അഞ്ചു വർഷങ്ങൾക്കുശേഷം തുഷാര മരിച്ചു എന്ന വാർത്തയാണ് അവർ കേട്ടത്. അതിക്രൂരമായി മെലിഞ്ഞുണങ്ങി വികൃതമായ രീതിയിൽ ആയിരുന്നു തുഷാരയെ അവസാനം മാതാപിതാക്കൾ കാണുന്നത്.

വരന് സ്വര്‍ണവും പണവും കൂടുതല്‍ നല്‍കി സമൂഹത്തില്‍ കുടുംബമഹിമ കാട്ടാന്‍ പെണ്‍മക്കളുടെ മാതാപിതാക്കള്‍ മത്സരിച്ചതോടെ നിയമം വെറും കടലാസിൽ ആയി മാറി. രണ്ടു ലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭര്‍ത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും നല്‍കി മുറിയില്‍ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്ബോള്‍ അസ്ഥികൂടം പോലെയായിരുന്നു. 20കിലോയായിരുന്നു ഭാരം. ഇത് കേരളത്തിൽ നടന്ന ആദ്യ സംഭവം ഒന്നുമായിരുന്നില്ല സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു പൊലിഞ്ഞുപോയ ഒരുപാട് തുഷാരക്കൾ പിന്നീട് മാധ്യമങ്ങളുടെ ഭാഗമായിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താല്‍ അഞ്ചു വര്‍ഷം അഴിയെണ്ണിക്കാന്‍ നിയമമുള്ള നാട്ടിലാണ്, സ്ത്രീധനത്തിന്റെ പേരില്‍ തുടരെത്തുടരെ ജീവനുകള്‍ പൊലിയുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 80 യുവതികളാണ് സ്ത്രീധനപീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15 വര്‍ഷത്തിനിടെ 247 ജീവനുകള്‍ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്ബിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഉത്ര, പ്രിയങ്ക, വിസ്മയ, അര്‍ച്ചന, സുചിത്ര. ഇരകള്‍ മാത്രം മാറുന്നു.സ്ത്രീധന നിരോധന നിയമം 1961 മുതല്‍ നിലവിലുണ്ട്.

സ്ത്രീധന പീഡനം ക്രിമിനല്‍ കുറ്റകൃത്യമാണ്. സ്ത്രീധന സമ്പ്രദായങ്ങൾക്കെതിരെയുള്ള ശക്തമായിട്ടുള്ള നിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്‌താല്‍ 5 വര്‍ഷം തടവ്, 15,000 രൂപ പിഴ, സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ്, 10,000രൂപ പിഴ ,  എന്നിവയാണ് സ്ത്രീധനത്തിന് എതിരെയുള്ള സർക്കാർ വിധികൾ .പരാതി കിട്ടിയാല്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും മാത്രമല്ല, വിവാഹച്ചെലവിന് തുക നല്‍കുന്നതും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കണം. മുസ്ലീം വിവാഹങ്ങളിലെ മഹര്‍ സ്ത്രീധനപരിധിയില്‍ വരില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവാഹിതരാവുമ്ബോള്‍ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. അല്ലാത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. ജില്ലകളില്‍ വനിതാ ശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഉപദേശക ബോര്‍ഡുകളും രൂപീകരിക്കും. സ്ത്രീധന വിരുദ്ധ പാഠങ്ങള്‍ കോളേജ്തല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ തുടങ്ങാനും സര്‍ക്കാര്‍ നീക്കമുണ്ട്.

x