സിരകളില്‍ രാജസ്‌നേഹം നിറഞ്ഞ ആ പോലീസുകാരന് ഒരു ബിഗ് സല്യൂട്ട് :അഭിനന്ദനം അറിയിച്ച് ഡി.സി.പിയും മേജര്‍ രവിയും

ഇന്ത്യയുടെ മൗലിക കടമങ്ങള്‍ ഇന്ത്യയുടെ ഓരോ പൗരനും നിരവഹിക്കണമെന്ന് ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ടെങ്കിലും, ഹൃദയത്തില്‍ തൊട്ട് അതിന്റെ ആദരവോടും ബഹുമാനത്തോടും കൂടെ ചെയ്യ്ത ഒരു പോലീസ് കാരനാണ് ഇപ്പോള്‍ ഹീറോയാകുന്നത്. ഹൃദയത്തില്‍ തട്ടിയ ഒരു പോലീസ് കാരന്റെ അര്‍പ്പണ ബോധത്തിന്റെയും കടമയുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. ഭരണഘടനയെ ചോദ്യം ചെയുന്നവരും തള്ളി പറയുന്നവരും അധികാരികളായിരുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം, മൗലിക കടമങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥരാണ്. പതിനൊന്ന് മൗലിക കടമകളില്‍ ആദ്യത്തേതാണ് , ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കണം എന്നുള്ളത്.

താന്‍ സേവിക്കുന്ന രാഷ്ട്രയത്തെയും ആദരിക്കുന്ന ഭാരതത്തെയും പ്രതിനീധികരിക്കുന്ന ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലുള്ള കാഴ്ച കണ്ടപ്പോള്‍ സ്ഥലവും സാഹചര്യങ്ങളും മറന്ന് പ്രവര്‍ത്തിച്ച ഒരു പോലീസുകാരന്റെ അര്‍പ്പണ ബോധത്തിനാണ് ഇന്ന് എല്ലാവരും സല്യൂട്ട് ചെയ്യുന്നത്. മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട ദേശീയ പതാകയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഈ പോലീസുകാരന്‍. സംഭവം നേരില്‍ കണ്ട ആര്‍ പിയൂഷും അഖിലുമാണ് ചിത്രങ്ങളും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചത്. സംഭവം വിവരിക്കുന്നത് ഇങ്ങനെ, ‘ദേശീയ പതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി മാലിന്യ കുമ്പാരത്തില്‍ വലിച്ചെറിഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇരുമ്പനം കടത്തുക്കടവ്, നഗരസഭയുടെ സമീപം, ശ്മാശനത്തിന് അടുത്താണ് സംഭവം നടക്കുന്നത്. ആദ്യം കണ്ട നാട്ടുകാരില്‍ ആരോ പിന്നീട് പതാകകള്‍ നിവര്‍ത്തിയിട്ടിരുന്നു. പെട്ടെന്ന് ഹില്‍ പാലസ്, പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ജീപ്പ് വന്നു. ജീപ്പില്‍ നിന്നും ഇറങ്ങി വന്ന ഒരു പോലീസ് ഉഗ്യോഗസ്ഥന്‍, മാലിന്യ കൂമ്പാരത്തിന്റെ അടുത്തേക്ക് നീങ്ങി. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, ദേശീയ പതാക കണ്ട ഉടന്‍ അദ്ദേഹം ഒരു ഉഗ്രന്‍ സല്യൂട്ട് നല്‍കി. ‘

കുപ്പ തൊട്ടിയില്‍ കിടന്നിരുന്ന ദേശീയ പതാകയുടെ മഹാത്മ്യം വാനോളം ഉയര്‍ത്തിയത് ആ പോലീസ് കാരനാണ്. തെല്ലും സമയം കളയാതെ, അദ്ദേഹം പതാകകള്‍ ഓരോന്നായി മടക്കി വയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ നാട്ടുകാരില്‍ ആരോ പറഞ്ഞു, വാര്‍ഡ് കൗണ്‍സിലറോ, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട എടുത്താല്‍ മതിയല്ലോ എന്ന്. അപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘ഇവിടെ ഇങ്ങനെ കൂട്ടി ഇട്ടേക്കുന്നത്, ശരിയല്ലല്ലോ’ എന്ന് പറഞ്ഞ് അദ്ദേഹം ആ പ്രവര്‍ത്തി തുടര്‍ന്നു. സത്യം പറഞ്ഞാല്‍ ആ പോലീസ് കാരന് എന്റെ ഹൃദയത്തില്‍ നിന്നും ഒരു സല്യൂട്ട് അപ്പോള്‍ തന്നെ കൊടുത്തു എന്നും ആര്‍ പിയൂഷ് കുറിച്ചു. പതാകകള്‍ എല്ലാം ഭംഗിയായി മടക്കി ജീപ്പില്‍ വെച്ചു. അപ്പോഴാണ അദ്ദേഹത്തിന്റെ പേര്, അമല്‍ ടി. കെ. എന്നാണെന്നും ഒരു സിവില്‍ പോലീസ് ഓഫീസറാണെന്നും മനസ്സിലാക്കിയത്. തന്റെ കൃത്യ നിര്‍വഹണത്തിനയിലും ദേശീയ പതാക അഴുക്കില്‍ കിടന്നിട്ടും, നേരെ നിന്ന് സല്യൂട്ട് ചെയ്ത ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലെ അമല്‍ പോലീസിന് വീണ്ടും ഒരു ബിഗ് സല്യൂട്ട് , ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് ആര്‍. പിയൂഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭരണഘടനയെയും ദേശീയ പതാകയെയും പ്രണനേക്കാള്‍ സ്‌നേഹിക്കുന്ന ഈ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എല്ലാവരുടെയും ഹീറോ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും സംഭവവും വൈറലായതോടെ അമലിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഇന്ന് രാവിലെ ഡി.സി.പി. പ്രത്യേകം അഭിനന്ദനം അറിയിച്ചു. കൂടാതെ, മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ അമലിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ നിക്ഷേപിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

x