വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്ക്ക് ശേഷമാണ് അയാളുടെ തനി സ്വഭാവം അറിഞ്ഞത്; എന്നാൽ സ്വന്തം അച്ഛന്റെടുത്ത് വിളിച്ച് ആ മകൾ പറഞ്ഞപ്പോൾ സംഭവിച്ചത്

വിവാഹ കഴിഞ്ഞു പലരും ഭർത്താവിന്റെ അടുത്ത് നിന്ന് ഉപദ്രവങ്ങൾ ഏറ്റാൽ മിക്ക പെൺകുട്ടികളും തൻറെ സ്വന്തം വീട്ടുകാരോട് പറയുക പോലും ഇല്ല, ഇനി പറഞ്ഞാലോ മക്കളോട് ക്ഷമിച്ച് അവിടെ തന്നെ കഴിയാനായിരിക്കും വീട്ടുകാരുടെ പ്രതികരണം, ഇപ്പോൾ ഒരു അച്ഛന്റെ സമയോചിതമായ ഇടപെടലിൽ ആ വിവാഹബന്ധം തന്നെ വേർപെടുത്തി മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്ന ഒരു യുവതിയെ പറ്റി പറയുന്ന അഞ്ജലി ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുനത്, കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

അച്ഛനാണ് അച്ഛാ അച്ഛൻ#domesticviolenceawareness Part 5, 2000 ന്റെ അവസാന കാലത്ത് റെസെഷൻ കാരണം പ്രൊജക്ട് മാറി പുതിയ ടീമിലെത്തിയ വിവാഹിതരായ രണ്ടു പെൺകുട്ടികളായിരുന്നു അവർ. ആ പ്രൊജക്ട് ട്രെയിനിങ്ങ് കാലയളവ് മാത്രമാണ് അവർ ഒരുമിച്ചുണ്ടായത്. അവൾക്ക് ഏതു നേരവും വരുന്ന ഫോൺ കോളുകൾ, ആ കോളെടുക്കാൻ പുറത്തിറങ്ങി പോയ അവളെ മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല എന്നു പറഞ്ഞ് ടീം മേറ്റ്സ് കളിയാക്കുമായിരുന്നു. കൂട്ടത്തിൽ ആകെ വിവാഹിതരായ രണ്ടു പെൺകുട്ടികൾ അവർ മാത്രമായതു കൊണ്ടാണ് മറ്റേ പെൺകുട്ടിയോട് അവൾ മനസ്സു തുറന്നത്.

ഇന്ത്യയിലെ പ്രശസ്തമായ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യുട്ടിൽ നിന്ന് ബിരുദമെടുത്തു , ലോക പ്രശസ്തമായ ഒരു ബാങ്കിന്റെ ഇന്ത്യ കൺട്രി ഓഫീസിൽ ജോലി ചെയ്യുന്നവനാണ് അവളുടെ ഭർത്താവ്. മാട്രിമോണിയൽ കോളത്തിലെ പൊരുത്തങ്ങൾ , പാരന്റ്സിന്റെ സോഷ്യൽ സ്റ്റാറ്റസ് പ്രകാരം നടന്ന വിവാഹം. മലയാളികളുടെ വിവാഹ ധൂർത്ത് കൂടുതലായും സ്വർണ്ണത്തിലേക്കാണെങ്കിൽ മറ്റു നാട്ടുകാർക്ക് ഭർത്താവിന്റെ വീട്ടുകാർക്ക് സമ്മാനങ്ങളും നാലഞ്ചു ദിവസത്തെ ചടങ്ങുകളും വിവാഹത്തിന് വരുന്ന ഭർത്താവിന്റെ ബന്ധുക്കൾക്ക് വലിയ ഹോട്ടലുകളിൽ മുറിയെടുത്തും ലക്ഷണങ്ങളാണ് അവളുടെ കല്യാണത്തിന് അവളുടെ അച്ഛൻ ചിലവിട്ടത്.

വിവാഹം കഴിഞ്ഞ് ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് കുറച്ചു നാൾ ഭർത്താവിന്റെ കൂടെ നിൽക്കാൻ പോയവളെ ആദ്യം കുറച്ചു ദിവസം നീ മാതാപിതാക്കളുടെ കൂടെ നിൽക്കുന്നതാണ് നാട്ടു നടപ്പ് എന്ന് പറഞ്ഞ് അവരുടെ അടുത്താക്കി പയ്യൻ ജോലി സ്ഥലത്തു പോയി. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ മാതാപിതാക്കളെ നോക്കി നിന്ന അവളെ ഇഷ്ടപ്പെട്ട മാതാപിതാക്കൾ മകന്റെ അടുത്തേയ്ക്ക് മകന്റെ ഭാര്യയെ പറഞ്ഞു വിട്ടു. അവനധികം സംസാരിക്കില്ല , അച്ഛന്റെ കൂടെ ആർമി ജീവിതമായതു കൊണ്ടാണ് എന്ന് പെണ്ണുകാണാൻ വന്നപ്പോൾ അമ്മായിഅമ്മ പറഞ്ഞതു കൊണ്ട് അവൾക്കും വല്യ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ പിന്നീടവിടെ അവനോടൊപ്പം നിന്ന കാലം അക്ഷരാർത്ഥത്തിൽ അവളുടെ ജീവിതം മാറ്റി. രാവിലെ ജോലിയ്ക്ക് പോവുന്ന ഭർത്താവ് ജോലിത്തിരക്ക് കാരണം രാത്രി വൈകിയേ വീടെത്തുകയുള്ളൂ.

വീട്ടിലേയ്ക്കുള്ള സാധനം വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞപ്പോൾ ആട്ടയും ഉരുളക്കിഴങ്ങും മാത്രം വാങ്ങിക്കൊണ്ടു കൊടുത്തു. ഇതുവരെ സ്വന്തം കുക്കിംഗ് ഇല്ലാത്തത് കൊണ്ടാവും എന്ന് വെച്ച് അടുത്ത ദിവസം അവൾ തന്നെ പുറത്ത് പോയി സാധനം വാങ്ങി വന്ന് ഭക്ഷണം വെച്ചു. ഇങ്ങനെ കളയാൻ ഉള്ള പണം നിന്റച്ഛൻ എനിയ്ക്ക് തന്നിട്ടില്ല എന്ന് ഉറക്കെ പറഞ്ഞു മാസം ലക്ഷം ശമ്പളം വാങ്ങുന്ന മാന്യൻ .
നിന്നെ കാണുമ്പോൾ ദൂരദർശനിലെ പണ്ടത്തെ വാർത്താ വായനക്കാരിയെ പോലുണ്ടെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു, നിനക്ക് വല്ലാതെ പ്രായം തോന്നുന്നുണ്ട്, നീ ഒട്ടും പ്രസന്റബിളല്ല എന്നു വേണ്ട ഒരു പെൺകുട്ടി കേൾക്കാൻ ആഗ്രഹിക്കാത്ത പലതും അവൾ കേട്ടു. അതേ നഗരത്തിൽ താമസിക്കുന്ന അവളുടെ രണ്ട് സുഹൃത്തുക്കൾ അവളെ കാണാൻ വീട്ടിൽ ചെന്ന പിറ്റേന്ന് മുതൽ ജോലിയ്ക്ക് പോവുമ്പോൾ അവളെ അകത്തിട്ട് പൂട്ടിയായിരുന്നു അയാൾ ജോലിയ്ക്ക് പോയത്.

ഫോൺ റീചാർജ് ചെയ്യാതെ , സ്വന്തം വീട്ടുകാർ അവളെ വിളിച്ചാൽ മാത്രം സംസാരിക്കാൻ സമ്മതിച്ച് , പുറം ലോകം അവന്റെ ഔദാര്യത്തിൽ മാത്രം കാണാൻ തുടങ്ങി. ഒരു ഐസ്ക്രീം കഴിക്കാനായി കെഞ്ചേണ്ടി വന്നിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടവൾ. ബാങ്ക് ഉദ്യോഗസ്ഥനായ അയാൾ ഭാര്യയുടെ ജീവിതച്ചിലവ് കൂടുതലാണെന്ന് അയാളുടെ അമ്മയെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു . ഇതിന്റെ വിചാരണ നടത്താൻ വിളിച്ച സമയത്ത് ഞങ്ങളുടെ ഇഷ്ടത്തിന് അവൻ ഒരു വാക്ക് എതിർത്തു പറയാറില്ല. ആദ്യമായാണ് അവനു വേണ്ടി ഞങ്ങൾ സെലക്ട് ചെയ്ത ഒരു കാര്യത്തിന് അവൻ പരാതി പറയുന്നത് എന്നു പറഞ്ഞു മകന് തങ്ങൾ വാങ്ങിക്കൊടുത്ത കളിപ്പാട്ടമാണവൾ എന്ന് പറയാതെ പറഞ്ഞു.

സുഹൃത്തുക്കൾ അവളെ കളിയാക്കിയ നീണ്ട ഫോൺ കോളുകൾ ഡിവോഴ്സിനു പോവാതെ ഉത്തമ ഭാര്യയായി അയാളുടെ കൂടെ പോവാനുള്ള ഉപദേശങ്ങളും തിരികെ വന്നാൽ അവളെ സ്വീകരിക്കാമെന്ന അയാളുടെ വിശാലമനസ്സിനെ പറ്റിയുള്ള പ്രകീർത്തനങ്ങളുമായിരുന്നു എന്നറിയാൻ പറ്റി. മകന്റെ വിവാഹ ജീവിതം തകർന്നാൽ തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസിന് ഇടിവു പറ്റും അതുകൊണ്ട് തിരികെ വന്നാൽ അവളെ അവൻ ഇനി ഉപദ്രവിക്കില്ല എന്ന മഹാമനസ്കത ഭർതൃവീട്ടുകാർ മുന്നോട്ട് വെച്ചിരുന്നു. സ്വന്തം മകന് മാനസിക രോഗമാണെന്നത് ആരുമറിയാതിരിക്കാൻ നരകത്തിന്റെ പരസ്യം പോലെ കുറേ ഓഫറുകൾ അവളുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ചിരുന്നു.

പക്ഷേ അവളൊരു പാട് ലോകം കണ്ട പെൺകുട്ടിയായതും അവളുടെ വീട്ടുകാർ അവളെക്കാളും ലോകം കണ്ടവരായതു കൊണ്ടും ഡിവോഴ്സിലേയ്ക്ക് പെട്ടെന്ന് തന്നെ അവർക്ക് എത്തിപ്പെടാൻ പറ്റി. കൂടുതൽ അന്വേഷിച്ചപ്പോൾ അയാൾക്ക് വീട്ടുകാരറിയാത്ത ഒരു പ്രണയമുണ്ടായിരുന്നെന്നും അത് കല്യാണത്തിലെത്താത്ത ഫ്രസ്ടേഷൻ മൊത്തം അവളോട് തീർക്കുകയുമായിരുന്നു എന്നവർക്ക് അറിയാൻ പറ്റി. ശരിക്കും അവളുടെ അച്ഛനെ മനസ്സാ നമിച്ചു പോയിട്ടുണ്ട്. അവൾക്കു താഴെ അനിയത്തിയുണ്ടായിട്ടും

സ്വന്തം മകൾ കടന്നു വന്ന ഗാർഹിക പീഡനങ്ങളറിഞ്ഞ നിമിഷം ഓടി വന്ന് അവളെ കൂട്ടിക്കൊണ്ടു വന്ന് അവളെ തിരികെ ജോലിയിൽ നിർബന്ധിച്ചു കയറ്റി. ജോലി സ്ഥലത്തു നിന്നും ഇഷ്ടപ്പെട്ട മറ്റൊരാളെ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സന്തോഷമായി ജീവിക്കുന്നുണ്ടവൾ.ഇന്നു നന്നാവും നാളെ നന്നാവും എന്നു കരുതി സകല പീഡനങ്ങളും സഹിച്ച് ജീവിതം നരകമാക്കണോ അതോ സ്വന്തം ജീവിതമാണ് ഏറ്റവും വലുത് എന്ന തീരുമാനമെടുക്കണോ എന്ന ചോദ്യത്തിന് രണ്ടാമത്തെ ഉത്തരം തിരഞ്ഞെടുക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കണം, ഇതായിരുന്നു കുറിപ്പ് നിരവധി പേരാണ് ആ അച്ഛനെ പ്രശംസിക്കുന്നത്

x