ബസിനെ മകളെപ്പോലെ സ്നേഹിച്ച കുഞ്ഞുമോൻ യാത്രയായി ; അച്ചായനെ അവസാനമായി കാണാൻ അവളുമെത്തി

“ഇനി അവളുടെ വളയം പിടിക്കാൻ അച്ചായനില്ല; അച്ചായനെ ഒന്നു കാണാൻ അവളും എത്തി..” കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന ഒരു ചിത്രത്തിന്‍റെ കുറിപ്പാണിത്. ഒരു ബസ്സും അതിലെ ഡ്രൈവറും തമ്മിലുള്ള ആത്മബന്ധം കൃത്യമായി രേഖപ്പെടുത്തുന്ന വരികളാണിത്. വര്‍ഷങ്ങളായി ഓടിച്ചിരുന്ന ഡ്രൈവറുടെ സംസ്‍കാരച്ചടങ്ങിന് എത്തിയ ഒരു ബസിന്‍റെതായിരുന്നു ആ ചിത്രം.പാലാ പൂമ്മറ്റം പള്ളിനീരാക്കല്‍ ജോര്‍ജ്ജ് ജോസഫ് എന്ന കുഞ്ഞുമോന്‍ (72) ഓടിച്ചിരുന്ന ബീന ബസായിരുന്നു അത്. 35 വര്‍ഷം സുരക്ഷിതമായി വളയം പിടിച്ച കൈകളെ അവസാനമായി കാണാന്‍ ബീന വന്നു.പൂമറ്റം പള്ളി സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ്. സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പള്ളിക്ക് മുന്നിലേക്ക് ബസ് എത്തിച്ചേര്‍ന്നപ്പോള്‍ കൂടിനിന്നവരുടെ കണ്ണ് നിറഞ്ഞു.

കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ റൂട്ടിലോടുന്ന ബസാണ് ബീന ബസ്. ദീര്‍ഘനാളെ ബസ്സിന്റെ വളയം പിടിച്ചത് ജോര്‍ജ്ജ് ജോസഫ് ആയിരുന്നു. ഇടയ്ക്ക് കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവറായി അദ്ദേഹം ജോലിയ്ക്ക് പോയി. പക്ഷേ, കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ബീന ബസിന്റെ വളയം പിടിച്ചു. പിരിച്ച് കയറ്റി വച്ച മീശവും സരസമായ ഇടപെടലും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്.പ്രായത്തെ കവച്ചു വെയ്ക്കുന്ന ഈര്‍ജമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യു പറയുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ കഴിഞ്ഞ 2 വര്‍ഷമായി അദ്ദേഹത്തിന് ബസ് ഓടിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, അപ്പോഴും ബീനയും കുഞ്ഞുമോനും തമ്മിലുള്ള ആത്മബന്ധം മങ്ങിപ്പോയില്ല.

”അച്ചായനുമായുള്ള ബന്ധം മറക്കാനാവില്ല. അതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങില്‍ ബസും കൊണ്ടുവന്നിട്ടത്. ആദ്യമായി വേളാങ്കണ്ണി സര്‍വീസിന് വോള്‍വോ ബസ് എടുത്തപ്പോഴും അച്ചായന്‍ തന്നെയാണ് ഓടിച്ചത്” ബോബി മാത്യു പറഞ്ഞു.സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ ഒരുപാട് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും വരുന്നുണ്ട്.

x