144 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് വാങ്ങി താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജൊനാസും

ഹോളിവുഡിലും ബോളിവുഡിലും വലിയ ആരാധകവൃന്ദമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് താരത്തിന്റെ നാലാം വിവാഹവാര്‍ഷിക ദിനമായിരുന്നു. അമേരിക്കയിലെ പ്രശസ്ത സംഗീതജ്ഞനായ നിക്ക് ജൊനാസുമൊത്തായിരുന്നു പ്രിയങ്കയുടെ വിവാഹം. മാതാപിതാക്കളായതിനു ശേഷമുള്ള നിക്കിന്റെ പ്രിയങ്കയുടെയും ആദ്യ വിവാഹവാര്‍ഷികദിനം കൂടിയായിരുന്നു ഇപ്രാവിശ്യത്തേത്. ഈ വര്‍ഷം ജനുവരി 22-നായിരുന്നു നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് ഇട്ടിരിക്കുന്ന പേര്. വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയങ്കയും നിക്കും പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ‘ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വിവാഹവാര്‍ഷിക ആശംസകള്‍ മൈ ലവ് ‘ എന്നാണ് നിക് കുറിച്ചത്. ‘ നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന് എല്ലാ ദിവസവും നിങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തുക. വിവാഹവാര്‍ഷിക ആശംസകള്‍ ‘ എന്നാണ് പ്രിയങ്ക ചോപ്ര കുറിച്ചത്. കൂടെ നിക്കുമൊത്തുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്യാന്‍ പ്രിയങ്ക മറന്നില്ല.


ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തുവന്നത്. വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയങ്കയുടെയും നിക്കിന്റെയും ആസ്തികളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയുണ്ടായി. ഇരുവര്‍ക്കും കൂടി 70 മില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 570 കോടി രൂപയുടെ ആസ്തി. 2018 ഡിസംബര്‍ 1-നായിരുന്നു പ്രിയങ്കയും നിക്കും തമ്മില്‍ ഇന്ത്യയിലെ ജോധ്പുരില്‍ വച്ച് വിവാഹിതരായത്. വിവാഹത്തിനു ഏതാനും മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ബെവര്‍ലി ഹില്‍സില്‍ ഇരുവരും ചേര്‍ന്ന് 6.5 മില്യന്‍ യുഎസ് ഡോളര്‍ വില വരുന്ന ഒരു മാളിക സ്വന്തമാക്കിയിരുന്നു. പിന്നീട് 2019-ല്‍ കാലിഫോര്‍ണിയയില്‍ 20 മില്യന്‍ ഡോളര്‍ (ഏകദേശം 144 കോടി രൂപ) വിലവരുന്ന 20,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു വീടും വാങ്ങി. ഇന്ത്യയില്‍ മുംബൈ നഗരത്തിലെ അന്ധേരി വെസ്റ്റിലാണ് പ്രിയങ്കയുടെ വീട്. ഗോവയിലും പ്രിയങ്ക ഒരു വീട് സ്വന്തമാക്കിയിട്ടുണ്ട്. അവധിക്കാല വസതിയായിട്ടാണ് ഗോവയിലെ വീടിനെ പ്രിയങ്ക ഉപയോഗിക്കുന്നത്. 2019 വരെയുള്ള കാലയളവില്‍ കരിയറിലൂടെ പ്രിയങ്ക 45 മില്യന്‍ ഡോളറിന്റെ വരുമാനമാണ് നേടിയത്.

വിവിധ എന്‍ഡോഴ്‌സ്‌മെന്റുകള്‍, സിനിമയ്ക്കു പുറമേ മറ്റ് ഷോകള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെയും പ്രിയങ്ക പ്രതിവര്‍ഷം 10 മില്യന്‍ ഡോളര്‍ വരുമാനമായി നേടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016-ല്‍ പര്‍പ്പിള്‍ പെബിള്‍ പിക്‌ച്ചേഴ്‌സ് എന്ന പേരിലൊരു സിനിമ നിര്‍മാണ കമ്പനിയും പ്രിയങ്ക ലോഞ്ച് ചെയ്തിരുന്നു. വിവിധ എന്‍ഡോഴ്‌സ്‌മെന്റുകള്‍, പരിപാടികള്‍ എന്നിവയിലൂടെ പ്രിയങ്കയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ നിക്ക് ജോനാസും വലിയൊരു വരുമാനം നേടുന്നുണ്ട്. അമേരിക്കയില്‍ ഹോംവെയര്‍ ബ്രാന്‍ഡ്, റസ്റ്റോറന്റ് തുടങ്ങിയ ബിസിനസുകളില്‍ പ്രിയങ്ക നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്കും നിക്കിനും ആഡംബര കാറുകളുടെ വലിയൊരു ശേഖരമുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെഴ്‌സിഡസ് എസ്-ക്ലാസ്, ഷെവര്‍ലെ കാമറോ, പോര്‍ഷേ, ഓഡി, ഫിസ്‌കര്‍ കര്‍മ, ബിഎംഡബ്ല്യു 5 സീരിസ് തുടങ്ങിയ കാറുകളാണ് താര ദമ്പതികള്‍ സ്വന്തമാക്കിയിട്ടുള്ളത്. വിന്റേജ് കാറുകളോട് പ്രത്യേക ഇഷ്ടമുള്ള നിക്കിന് 1960 ഫോഡ് തണ്ടര്‍ബേഡ്, 1968 ഫോഡ് മസ്റ്റാങ് കാറും സ്വന്തമായുണ്ട്.

x