ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ, അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല ; കുഞ്ഞ് ജനിച്ചപ്പോൾ ഉപേക്ഷിക്കണമെന്ന് അന്നവൾ ജീവിതത്തിൽ നല്ലൊരു തീരുമാനമെടുത്ത്

ജീവിതത്തില്‍ ഒരു ഇടര്‍ച്ച സംഭവിക്കുമ്പോള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ മരണത്തിലേക്ക് നീങ്ങുന്നത്? അവര്‍ അവസാനം വരെ പ്രതീക്ഷിക്കുന്ന ഒരു മുഖം ഉണ്ടാകില്ലേ? തന്റെ ജീവനെ പിടിച്ചു നിര്‍ത്താന്‍ ഒരാളെങ്കിലും എത്തുമെന്ന പ്രതീക്ഷ. അത് നഷ്ടപെടുമ്പോഴാണ് അവര്‍ സ്വയം മരണത്തിലേക്ക് എത്തുന്നത്. ഇവ ശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ച് വരികളില്‍ ചിലതാണിത്. ഇന്ന് സമൂഹത്തില്‍ സ്ത്രീധന പീഡനത്തെക്കുറിച്ചും ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന ക്രൂരമായ പീഡനവുമെല്ലാം സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് കാണുന്നത്. ഇന്നത്തെ മാതാപിതാക്കള്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടാല്‍ ഒരു ഭാരം ഒഴിഞ്ഞ മട്ടാണ് കാണിക്കുന്നത്.

പെണ്‍മക്കളെ 18 വയസ്സു കഴിഞ്ഞാല്‍ കെട്ടിക്കണമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളുമാണ് ഇന്നത്തെ ക്കാലത്ത് കാണാന്‍ സാധിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന മാതാപിതാക്കള്‍, കെട്ടിച്ച് വിട്ട് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന് കുറച്ചു ദിവസം നിന്നാല്‍ ‘നിന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചോ’ എന്ന് ചോദിക്കുന്ന അയല്‍വാസികള്‍, ഇതെല്ലാം മനസ്സില്‍വെച്ച് ഭര്‍ത്താവും വീട്ടുകാരും തല്ലിയാലും കൊന്നാലും മിണ്ടാതെ സഹിച്ച് നടന്ന് അവസാനം ആത്മഹത്യയിലേക്ക് എത്തുന്നു ആ പെണ്‍കുട്ടിയുടെ ജീവിതം. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ മോഫിയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം. ഇപ്പോഴിതാ ഇവാ ശങ്കര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എല്ലാ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രചോദനമാവുന്ന കുറിപ്പാണ്. കുറിപ്പ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇങ്ങനെയും ചില മാതാപിതാക്കള്‍ പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ക്കാനുണ്ടെന്ന് പറയുകയാണ് കുറിപ്പിലൂടെ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ ആത്മാവിനെ ബന്ധിച്ചവൾ… അവൾ എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ, വ്യക്തമായ ഒരു മറുപടി എനിക്കുണ്ടാവില്ല കാരണം അവൾ എനിക്കെല്ലാമാണ്.. കൂട്ടുകാരി, അനിയത്തി, മകൾ… വര്ഷങ്ങൾക് മുൻപുള്ള കൊച്ചിയിലെ ഒരു സായാഹ്നം പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ എന്റെ ഹോസ്റ്റലിൽ റൂം മെറ്റ് ആയി എത്തിയതായിരുന്നു അവൾ.. എന്റെ അമ്മു.. ചുരുണ്ട മുടിയുള്ള ഗോതമ്പിന്റെ നിറമുള്ള, സുന്ദരിയായ ഒരു പെൺകുട്ടി സമ്പന്നയാണ്… പ്രശസ്തയായ ഒരു അമ്മയുടെ ഒരേ ഒരു മകളും… തിരുവനന്തപുരംക്കാർ ആയതു കൊണ്ടാകും നമ്മൾ വേഗം അടുത്തു. അവിടെ തുടങ്ങി നല്ലൊരു ബന്ധത്തിന്റെ തുടക്കം..എന്ന് വേണേലും പറയാം.. ബ്രാഹ്മിൻ ആയിട്ടും ജാതിക്കും മതത്തിനും അപ്പുറമായി മകളെ സ്നേഹിച്ചോരു അച്ഛനും അമ്മയുമാണ് അവൾക്കുള്ളത്. അവൾക്കു അന്യ മതസ്തനുമായി പ്രണയമുണ്ടെന്നു അറിഞ്ഞിട്ടും അവളുടെ സന്തോഷത്തിനു വേണ്ടി മാത്രം കൂടെ നിന്നവർ

എല്ലാവരുടെയും എതിർപ്പി നെയും അവഗണിച്ചു അമ്മുവിന്റെയും അരുണിന്റെയും വിവാഹം വളരെ ഭംഗിയായി അവർ നടത്തി… മാസങ്ങൾക്കു ശേഷം അവൾ അമ്മയാകാൻ പോകുവാന്നു എന്നെ വിളിച്ചു സന്തോഷം പങ്കു വെച്ചു. ശേഷം ദുബൈയിലേക്ക് അവർ മടങ്ങിപോയി ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം രാത്രിയിൽ അപ്രതീക്ഷിതമായി അവളുടെ കാൾ എന്നെ തേടി എത്തി..അവൾ സംസാരിക്കുമ്പോൾ അവളുടെ ശബ്ദം നന്നെ ചിലമ്പിച്ചതായി തോന്നി.. അവൾ അരുണിനെ കുറിച്ച് പറയുന്ന ഓരോ കാര്യങ്ങൾ കേട്ടു ജീവനറ്റ പോലെ ഞാൻ ഇരുന്നു.ശാ രീരിക ഉപദ്രവം മുതൽ രതി വൈകൃതം വരെ.. അവനില്ലാത്ത ദുശീലങ്ങൾ ഒന്നുമില്ല..എന്ന് പറയുന്നതാവും ശെരി.. ഇത്രയും നീചനാവാൻ അവനു കഴിയുമോ എന്ന് ഞാൻ ആലോചിച്ചു.. എന്നാലും ഒരേ മനസോടെ ജീവിച്ചവരല്ലേ.

എന്നോട് സംസാരിക്കുമ്പോഴും അവൾ അവളെ സ്വയം അശ്വസിപ്പിക്കുന്നണ്ടായിരുന്നു അവനോടു അവൾ ക്ഷമിക്കാൻ ശ്രമിക്കുന്നു, വീട്ടുകാർക്കുവേണ്ടി, അവൾക്കു വേണ്ടി.. സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുകളെയും ഭയന്ന് .. എനിക്ക് എന്ത് അവളോട്‌ പറയണമെന്ന് അറിയില്ലായിരുന്നു,എന്റെ ഹൃദയം നിശ്ചലമായിരുന്നു. എങ്കിലും ഞാൻ വാക്കുകൾ കൊണ്ട് അവൾക്കു സാന്ത്വനമേകി, വീട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയണമെന്ന് കർശനമായി പറഞ്ഞു ഞാൻ ഫോൺ വെച്ചു.. അവൾ നാട്ടിലേക്ക് തിരിച്ചു വന്നു, ഒരു പെൺകുഞ്ഞിന് ജന്മം നൽകി,കുഞ്ഞു ജനിക്കുമ്പോൾ അരുണിൽ മാറ്റമുണ്ടാകുമെന്ന് കരുതി അവൾ സമാധാനിച്ചു. അവസാനം കുഞ്ഞിനെ കൊല്ലുകയോ ഉപേക്ഷിക്കയോ ചെയ്യുമെന്നായപ്പോൾ അവൾ കുഞ്ഞുമായി ആ പടിവിട്ടിറങ്ങി..

ഇന്ന് അമ്മുവിനെ ഓർത്തു ഞാൻ അഭിമാനിക്കുന്നു… സുരക്ഷിതയാണ് അവൾ.. ഒരു ബിസിനസ്‌ സംരംഭകയായി അവൾ ഏറെ വളർന്നിരിക്കുന്നു.. ആസ്വദിക്കുകയാണ് അവളുടെ ജീവിതം ഓരോ നിമിഷവും തന്റെ കുഞ്ഞിനേയും നെഞ്ചോടു ചേർത്ത്.. എത്രപേർ ഇതുപോലെ ചേർത്ത് നിർത്തും, എത്ര പേരെന്റ്സിന് പെണ്മമക്കളെ ഇതുപോലെ ചേർത്ത് നിർത്താൻ കഴിയും.. എത്രപേർക്ക് അമ്മുവിന്റെ പേരെന്റ്സിനെ പോലെ പറയാനാകും നീ ഒറ്റക്കല്ല, ഞങ്ങൾ നിങ്ങളൊപ്പം ഉണ്ടെന്നു… ജീവിതത്തിൽ ഒരു ഇടർച്ച സംഭവിക്കുമ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടികൾ മരണത്തിലേക്ക് നീങ്ങുന്നത്? അവർ അവസാനം വരെ പ്രതീക്ഷിക്കുന്ന ഒരു മുഖം ഉണ്ടാകില്ലേ?? തന്റെ ജീവനെ പിടിച്ചു നിർത്താൻ ഒരാളെങ്കിലും എത്തുമെന്ന പ്രതീക്ഷ.. അത് നഷ്ടപെടുമ്പോഴല്ലേ.. അവർ സ്വയം മരണത്തെ പുൽകുന്നത്…

എന്റെ അമ്മുവിന് എങ്ങനെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു കെട്ടിച്ച വിട്ട മകൾ കൈക്കുഞ്ഞുമായി തിരികെ വന്നപ്പോൾ, അവളുടെ പേരെന്റ്സ് കുത്തു വാക്കുകൾ പറഞ്ഞില്ല, അഡ്ജസ്റ്റ് മെന്റുകൾ ആവശ്യപ്പെട്ടില്ല.. പകരം അവളെ ചേർത്ത് നിർത്തി…കൂടെ ഞങ്ങളുണ്ടെന്നു ഓർമ്മപ്പെടുത്തി കൊണ്ട്….. ചതിയുടെ പ്രഹരമേറ്റവൾ ആണ്.. ആരുടെ ചോദ്യങ്ങൾക്കും മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറിയ ഒരു ഭൂതകാലം ഉണ്ടവൾക്ക്, അവളുടെ ഓർമ്മകൾക്കും പറയാൻ ഏറെയുണ്ട് കഥകൾ, സ്നേഹിച്ചുപോയി എന്നൊരു ഒറ്റക്കാരണത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടവൾ, അവൾ പ്രണയം നിരസിച്ചപ്പോഴെല്ലാം വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചു അവൾ ഇല്ലാതെ ജീവിക്കാനാവില്ലെന്നു പറഞ്ഞു കരഞ്ഞവനാണ് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചതും.. അവരുടെ സ്നേഹത്തിനു അടയാളമായി ഒരു മോളെ നൽകി അവൻ പോയി .. അവളുടെ വേദനകളെ അവൾ മറവിയിലേക്ക് എറിഞ്ഞു… തോൽക്കാൻ മനസില്ലാതെ ജീവിതത്തെ സ്നേഹിച്ചുകൊണ്ട്.. അവളുടെ ചുണ്ടിൽ ആ പഴയ ചിരി മടങ്ങി എത്തിയിരിക്കുന്നു… സ്നേഹമല്ലാതെ ഒരു ആയുധവും അവളിൽ ഇല്ലായിരുന്നു… എന്നിട്ടും… ഇതായിരുന്നു ഇവാ ശങ്കർ തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചത്

x