പന്ത്രണ്ട് വര്‍ഷം മുന്‍പ് കെട്ടിടത്തിൻറെ മൂന്നാം നിലയിൽ നിന്ന് വീണ് കിടപ്പിലായ ഷിബുവിന് താങ്ങായി സോണിയ ; ഷിബുവിൻറെ കൈ പിടിച്ച് ജീവിതത്തിൽ ഒപ്പം കൂട്ടി സോണിയ

ജീവിതത്തിന്റെ പാതിവഴിയില്‍ വീണുപോയ വ്യക്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ജോര്‍ജ്. പന്ത്രണ്ടു വര്‍ഷം മുമ്പ് അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ഷിബു താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീണ് കിടപ്പിലാവുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് ഷീബുവിന് ഓര്‍മ തിരിച്ചുകിട്ടിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സഹായിക്കാനെത്തിയിരുന്നു. കിടപ്പിലായതോടെ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. ദീര്‍ഘനാള്‍ ചികില്‍സയിലായിരുന്നു ഷിബു. ആറ് മാസത്തിന് ശേഷം വീല്‍ചെയറില്‍ ഇരിക്കാുള്ള ആരോഗ്യം തിരികെ കിട്ടിയെങ്കിലും ഇതേ അവസ്ഥയാണ് ഇപ്പോളും തുടര്‍ന്നു പോകുന്നത്. 2009 ജനുവരി 30നായിരുന്നു ഷീബുവിന് അപകടം സംഭവിക്കുന്നത്.

കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ക്രൈസ്റ്റ് കോളേജ് യൂണിയനില്‍ ജനറല്‍ സെക്രട്ടറിയും സെന്റ് തോമസ് കോളേജില്‍ ചെയര്‍മാനുമായിരുന്നു. ഷിബുവിന്റെ സുഹൃത്ത് ആറു മാസം മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഒറ്റപ്പെട്ട ജീവിതത്തെക്കുറിച്ചായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. ഇതു കണ്ട് ആലുവ സ്വദേശിനിയും ബ്യൂട്ടീഷനുമായ സോണിയ തങ്കച്ചന്‍ ഷിബുവിനെ വിളിച്ച് വിവാഹ സമ്മതം അറിയിച്ചു. തന്റെ അവസ്ഥ കണ്ടതിന് ശേഷം മാത്രം മതി തീരുമാനം എന്ന് ഷിബു പറഞ്ഞതോടെ സോണിയ വീട്ടിലെത്തി ഷിബുവിനെ കണ്ട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ ഇരുവരുടേയും വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് സംഘടനാരംഗത്തെ പഴയ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ചുണംങ്ങംവേലി തങ്കച്ചന്റേയും അന്നയുടേയും മകളാണ് സോണിയ. രജിസ്റ്റര്‍ വിവാഹമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവര്‍ക്കും ഫോണിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. ഷിബുവിന്റെ സഹപ്രവര്‍ത്തകരായ ജോസഫ് ടാജറ്റ്, ജോണ്‍ ഡാനിയല്‍, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

സോണിയ ബാംഗളുരുവില്‍ കോസ്മറ്റോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇറാഖില്‍ അമേരിക്കന്‍ ക്യാമ്പില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തട്ടുണ്ട്. ഇപ്പോള്‍ നാട്ടില്‍ കോസ്മറ്റോളജിസ്റ്റ് ആയി ജോലി നോക്കുകയാണ്. ഇനി, ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങണം. കോടതിയില്‍ പോകണം. രാഷ്ട്രീയ പ്രവര്‍ത്തനം തുടരണം. ഷിബുവിന്റെ ആഗ്രഹങ്ങളുടെ പട്ടിക ഒന്നൊന്നായി പൂവണിയും.

 

 

x