മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി, ചലച്ചിത്ര മേളകളും അവഗണിക്കുന്നു: കലാഭവൻ മണിയോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് കുടുംബം

നടൻ കലാഭവൻ മണിയോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് കുടുംബം. മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചു. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും വേണ്ടിവന്നാൽ പ്രത്യക്ഷ സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

കലാഭവൻ മണി മരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ സർക്കാരാണ് ഇപ്പോഴുമുള്ളതെന്നും ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരത്തിലൊരു അവ​ഗണന പ്രതീക്ഷിച്ചില്ലെന്നും ആർ.എൽ.വി രാമകൃഷ്ണൻ ആരോപിച്ചു. നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബമെന്ന ചീത്തപേര് ഇനിയും കേൾക്കാൻ താത്പര്യമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വേണ്ടി വന്നാൽ പ്രത്യക്ഷ സമരത്തിന് പോലും ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ലെ ബജറ്റിൽ‌ കലാഭവൻ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടി രൂപ മന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റിൽ വകയിരുത്തി. പിന്നീട് ചാലക്കുടി സന്ദർശനത്തിന് എത്തിയപ്പോഴാണ് സ്മാരകം എന്നതിലുപരി ഫോക്ക്ലോറുമായി ബന്ധപ്പെട്ട് പഠിക്കുന്നവർക്കും ഭാവി കലാകാരന്മാർക്കും ഉപകാരപ്പെടും വിധത്തിലുള്ള സ്മരാകത്തിനാണ് പദ്ധതിയിട്ടത്. ഫോക്ക്ലോർ അക്കാദമി തന്നെ സ്മാരകത്തിന്റെ തറക്കല്ലിടൽ നടത്തുമെന്ന് പറ‍ഞ്ഞിരുന്നെങ്കിലും ജലരേഖയായി മാറിയെന്നതാണ് സത്യാവസ്ഥ.

Articles You May Like

x