ഉഴപ്പി നടക്കുന്ന ആണുങ്ങളെ സ്ത്രീകൾ നന്നാക്കുന്നതാണ് വിവാഹമെന്ന് ഷാഹിദ് കപൂർ; ഇദ്ദേഹം 13ാം നൂറ്റാണ്ടിൽ നിന്നുമാണ് വരുന്നതെന്ന് സോഷ്യൽ മീഡിയ വിമർശനം

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാഹിദ് കപൂർ. ഇപ്പോഴിതാ വിവാഹത്തെ പറ്റി നടൻ ഷാഹിദ് കപൂർ പറഞ്ഞ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം വന്നിരിക്കുകയാണ്. വിവാഹമെന്നാൽ സ്ത്രീകൾ പുരുഷന്മാരെ നന്നാക്കുന്നതാണെന്നായിരുന്നു ഷാഹിദിന്റെ പരാമർശം. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാടുകൾ ഷാഹിദ് തുറന്ന് പറഞ്ഞത്.

‘വിവാഹം എന്ന് പറഞ്ഞാൽ ഒരു കാര്യമുണ്ട്. ഉഴപ്പി നടക്കുന്ന ആണുങ്ങളുടെ ജീവിതം നന്നാക്കാൻ ഒരു സ്ത്രീ വരുന്നു. പിന്നെയുള്ള ജീവിതം നന്നാകാനും നല്ല മനുഷ്യനാവാനുമുള്ള ശ്രമമാണ്. ജീവിതം എന്ന് പറഞ്ഞാൽ അതാണ്,’ എന്നാണ് ഷാഹിദ് പറഞ്ഞത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഷാഹിദിനെതിരെ വിമർശനം ശക്തമാവുകയാണ്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഷാഹിദിന്റെ കബീർ സിങ് എന്ന സിനിമയോട് ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയ കമന്റുകളും വരുന്നത്.

‘നിങ്ങൾ കബീർ സിങ്ങായി അഭിനയിച്ചിട്ടുണ്ടെന്ന് അറിയാം, പക്ഷേ ഇനി അതുപോലെ തന്നെ പെരുമാറണമെന്നില്ല,’ എന്നായിരുന്നു ഒരു കമന്റ്. കബീർ സിങ് പാർട് 2 എന്നും കമന്റുണ്ട്. ഇദ്ദേഹം കബീർ സിങ്ങിനെ പോലെ ആയതുകൊണ്ടാണെന്ന് തോന്നുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്,’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

‘ഇതിനാണോ പെണ്ണുങ്ങള് ? ആണുങ്ങളെ ശരിയാക്കാനാണോ? നിങ്ങൾ ഇപ്പോഴും ഒരു കുട്ടിയാണോ,’ മറ്റൊരാൾ കൂട്ടിച്ചേർത്തു. ‘ഒരു പുരുഷനെ ശരിയാക്കുക എന്നത് ഒരിക്കലും ഒരു സ്ത്രീയുടെ ജോലിയല്ല. വിവാഹമെന്നാൽ ഭാര്യാഭർത്താക്കന്മാരുടെ തുല്യ ഉത്തരവാദിത്തമാണ്’, ‘പുരുഷനെ നന്നാക്കാനല്ല ഒരു സ്ത്രീയും ജീവിക്കുന്നത്’, ‘പുരുഷന്മാരുടെ പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകൾ. ഇതൊക്കെ ആർക്കും മനസിലാക്കിയെടുക്കാൻ പറ്റും, എന്നിട്ടും…’, ‘കബീർ സിങ്ങിൽ ആളുകൾ കണ്ടെത്തിയതിലും ടോക്‌സിക്കാണ് ഈ അഭിമുഖത്തിൽ പറയുന്നത്. ഇത് തനി സെക്‌സിസ്റ്റ് സ്റ്റേറ്റ്‌മെന്റും പ്രണയമെന്ന വ്യാജേനയുള്ള മുഖംമൂടിയുമാണ്’, ‘ ഇദ്ദേഹം 13ാം നൂറ്റാണ്ടിൽ നിന്നുമാണ് വരുന്നത് എന്ന് തോന്നുന്നു,’ എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയ വിമർശനങ്ങൾ.

x