തലകീഴായി കിടന്ന് മാന്ത്രിക കല്ലായ ‘ബ്ലാർണി സ്റ്റോൺ’ ചുംബിച്ച് ഹണി റോസ്; അയർലൻഡിലെ മോഹിപ്പിക്കുന്ന അനുഭവമെന്ന് താരം, വീഡിയോ

സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പം അയർലൻഡ് യാത്രയിലാണ് നടി ഹണി റോസ്. അയർലൻഡിൽ നിന്നുള്ള നിരവധി കാഴ്ചകൾ ഹണി റോസ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രശസ്തമായ ബ്ലാർണി കാസിലിലെ ബ്ലാർണി സ്റ്റോൺ ചുംബിച്ചിരിക്കുകയാണ് താരം. തലകീഴായി കിടന്ന് ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന വീഡിയോ ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രശസ്തമായ ബ്ലാർണി സ്റ്റോൺ താൻ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാർണി കാസിൽ. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളിൽ കയറി ഈ കല്ലിൽ ചുംബിക്കുന്ന അപൂർവ അനുഭവം അയർലൻഡ് സന്ദർശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും വീഡിയോയ്ക്ക് താഴെ ഹണി കുറിച്ചു.

വാക്ചാതുരി നൽകുന്ന മാന്ത്രികക്കല്ല്:

അയർലണ്ടിലെ കോർക്കിനടുത്തുള്ള ഒരു മധ്യകാല കോട്ടയാണ് ബ്ലാർണി കാസിൽ. 1,500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ കാസിൽ, അയർലണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. മരിക്കുന്നതിനു മുമ്പ് സഞ്ചാരികൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായി ഡിസ്‌കവറി ചാനൽ 18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട സന്ദർശനത്തെ വിലയിരുത്തിയിരുന്നു. കോട്ടയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ബ്ലാർണി സ്റ്റോൺ ചുംബിച്ചാൽ വശ്യതയോടെ സംസാരിച്ച് ആളുകളെ കീഴടക്കാനുള്ള വാക്ചാതുരി ലഭിക്കുമെന്നാണ് വിശ്വാസം.

എന്നാൽ ഈ മാന്ത്രികക്കല്ല് ചുംബിക്കൽ അത്ര എളുപ്പമല്ല. കോട്ടയിൽ കുത്തനെയുള്ള 127 പടികൾ കയറി വേണം കല്ല് സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് എത്താൻ. മുകളിൽ ഏറ്റവും അറ്റത്താണ് കല്ലുള്ളത്. അസാധാരണമായ മെയ് വഴക്കം ഉള്ളയാളുകൾക്ക് മാത്രമേ ഇവിടെ നിന്ന് ഈ കല്ലിൽ ചുംബിക്കാൻ കഴിയുകയുള്ളു. മലർന്ന് കിടന്ന് തല താഴേക്ക് തൂക്കിയിട്ട് വേണം കല്ലിൽ ചുംബിക്കേണ്ടത്. തല താഴേക്ക് ആക്കുമ്പോൾ കാണുക നൂറ് അടി താഴ്ചയുള്ള കാഴ്ചകളായിരിക്കും. വീഴാതിരിക്കാൻ ഒരു ഇരുമ്പ് റെയിലിങിൽ പിടിക്കാം. ഒപ്പം ഒരു ജീവനക്കാരനും കിടക്കുന്നയാളെ മുറികെ പിടിക്കും.

ഒരു നൂറ്റാണ്ട് മുൻപ് വരെ സഞ്ചാരികളെ തലകീഴാക്കി താഴ്ത്തി പിടിച്ചായിരുന്നു കല്ല് ചുംബിക്കാനുള്ള അവസരമൊരുക്കിയിരുന്നത്. ഇങ്ങനെ ചുംബിക്കുന്നതിനിടെ ഒരാൾ താഴേക്ക് വീണ് മരിച്ചതോടെയാണ് ഈ രീതി അവസാനിപ്പിച്ചത്. ബ്ലാർണി സ്റ്റോൺ എങ്ങനെയാണ് ഉണ്ടായതെന്ന കാര്യം നിഗൂഢമാണ്. നിരവധി കഥകളും ഐതിഹ്യങ്ങളുമാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ളത്. എന്തായാലും ഐറിഷ് ചരിത്രത്തിൽ വലിയ സ്ഥാനമാണ്‌ ബ്ലാർണി കാസിലിനും ബ്ലാർണി സ്‌റ്റോണിനുമുള്ളത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ മാന്ത്രികക്കല്ല് ചുംബിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നത്.

https://www.instagram.com/reel/CtlffYrrLUG/?utm_source=ig_web_copy_link

Articles You May Like

x