ബസിൽ സാധാരണ പോക്കറ്റടിക്കാർ ഉണ്ടാവാറുണ്ട്, എന്നാൽ പോക്കറ്റടിക്കാർ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നത്; സംസ്ഥാന സർക്കാരിന്റെ ആഡംബര ബസ്സിനെ കുറിച്ച് കൃഷ്ണ കുമാർ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് വൻവിവാദമായിരിക്കുകയാണ്. നവകേരളം പരിപാടിയുടെ ഭാഗമായി എടുത്ത ബസ്സുമായി ബന്ധപ്പെട്ട കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറലാവുന്നു.

കേരളമെങ്ങും ബസ്സ് വലിയ ചർച്ചാവിഷയമായിരിക്കവെയാണ് താരത്തിന്റെ പ്രതികരണം. ബസ്സിൽ സാധാരണ പോക്കറ്റടിക്കാർ ഉണ്ടാവാറുണ്ട്, എന്നാൽ പോക്കറ്റടിക്കാർ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു കൃഷ്ണ കുമാർ കുറിച്ചത്.

അതേ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ് സ്വകാര്യ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കും. ജനുവരി ഒന്നു മുതൽ ബുക്കിങ് സ്വീകരിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടിയതായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.

ഇതിനായി പ്രത്യേക നിരക്ക് നിശ്ചയിക്കും. അനുമതി കിട്ടിയാൽ ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് നിരക്ക് കുറയ്ക്കുന്നതിനും ആലോചനയുണ്ടെന്ന് ബിജു പ്രഭാകർ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ടീമുകൾക്കും ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞർ ശ്രീഹരിക്കോട്ടയ്ക്ക് പോകുന്ന പതിവു യാത്രകൾക്കും ബസ് ഉപയോഗിക്കാമെന്ന് നിർദേശിച്ച് ബന്ധപ്പെട്ടവർക്ക് കത്തയച്ചതായും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.

Articles You May Like

x