ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്തു, അതൊരു ഓർ‌​ഗനൈസ്ഡ് ക്രൈമായിരുന്നു, വൻ മാഫിയയായിരുന്നു പിന്നിൽ; മലേഷ്യയിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് പ്രിയയും നിഹാലും

നടി പൂർണിമ ഇന്ദ്രജിത്തിൻ്റെ സഹോദരിയും നടിയുമായ പ്രിയ മോഹൻ മലയാളികൾക്ക് സുപരിചിതയാണ്. നടനും മോഡലുമൊക്കെയായ നിഹാൽ പിള്ളയാണ് പ്രിയ മോഹന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. യുട്യൂബിൽ ഇരുവർക്കും ഒരു ഹാപ്പി ഫാലിമിയെന്ന ചാനലുണ്ട്. യാത്ര വിശേഷങ്ങളാണ് ആ യുട്യൂബ് ചാനൽ വഴി ഏറെയും ഇരുവരും പങ്കുവെക്കാറുള്ളത്. നിരവധി വിദേശ രാജ്യങ്ങളിൽ ഇരുവരും മകനൊപ്പം സഞ്ചരിക്കാറുണ്ട്.

ഇരുവരുടേയും ട്രാവൽ വ്ലോ​ഗ് വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ മലേഷ്യയിൽ അവധി ആഘോഷിക്കാൻ പോയപ്പോഴുണ്ടായ ഒരു മോശം അനുഭവമാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രിയ മോഹ​ന്റെ ബാ​ഗ് മലേഷ്യയിൽ വെച്ച് മോഷണം പോയി എന്നാണ് പ്രിയയും നിഹാലും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. മലേഷ്യയിൽ എത്തി മൂന്നാം ദിവസം ട്വിൻ ടവർ കാണാൻ പോയിരുന്നു. ഒരു സ്ലിങ് ഭാ​ഗുണ്ടായിരുന്നു പ്രിയയുടെ കഴുത്തിൽ. അത് മകൻ വേദുവിനെ ഇരുത്തുന്ന പ്രാമിൽ ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു.

ട്വിൻ‌ ടവറിൽ ടൈമിങ്ങുണ്ട് അകത്ത് പ്രവേശിക്കുന്നതിന്. ഞങ്ങൾക്ക് അഞ്ച് മണിയായിരുന്നു സമയം. അവിടെ ചെന്നശേഷം പ്രിയ വാഷ്റൂമിൽ പോയപ്പോൾ ബാ​ഗ് പ്രാമിലുണ്ടായിരുന്നു. ഞാനും വേ​ദുവും സെക്യൂരിറ്റി ചെക്കിങിനായി നിൽക്കുകയായിരുന്നു. പക്ഷെ ആ ചെറിയ സമയത്തിനുള്ളിൽ പ്രിയയുടെ ബാ​ഗ് മോഷ്ടിക്കപ്പെട്ടു. പ്രാം ലോക്കറിൽ സൂക്ഷിക്കാനായി എടുത്തപ്പോഴാണ് മോഷണം പോയത് മനസിലായത്. ഉടൻ തന്നെ പ്രിയ വാഷ്റൂമിൽ അടക്കം പോയി ചെക്ക് ചെയ്തെങ്കിലും കിട്ടിയില്ല. ഞങ്ങളുടെ മിസ്റ്റേക്കാണ്. മലേഷ്യയായതുകൊണ്ടാണ് ഞങ്ങൾ കോൺഫിഡന്റായി നിന്നു. ഒന്നും മോഷണം പോകില്ലെന്ന് കരുതി. മലേഷ്യൽ പോലീസ് അടക്കമുള്ള സെക്യുരിറ്റി വിങാണ് ട്വിൻ ടവറിൽ ഉണ്ടായിരുന്നത്. എന്നിട്ടും മോഷണം നടന്നു.

പരാതിപ്പെട്ടപ്പോൾ സിസിടിവി ഫൂട്ടേജ് പോലീസ് കാണിച്ച് തന്നു. കുറച്ച് നേരമായി ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അയാളാണ് ബാ​ഗ് മോഷ്ടിച്ചത്. ഉടൻ തന്നെ അയാൾ മറ്റൊരാൾക്ക് ആ ഭാ​ഗ് കൈമാറി. ഞങ്ങൾ പരാതിപ്പെടാൻ പോലീസിനെ സമീപിച്ചപ്പോഴാണ് അവിടെ വരുന്ന നിരവധി ടൂറിസ്റ്റുകൾക്ക് ഞങ്ങൾ‌ക്കുള്ള അതേ അനുഭവം ഉണ്ടായതായി മനസിലായത്.

ടൂറിസ്റ്റുകൾ മാത്രമാണ് പരാതിപ്പെടാൻ വന്നത്. അവിടെ ഇതൊരു ഓർ‌​ഗനൈസ്ഡ് ക്രൈമാണ്. ടാക്സി സ്കാം, പെറ്റി ക്രൈം എന്നിവ അവിടെ കൂടുതലാണെന്ന് മനസിലായി. പ്രിയയുടെ ഐ ഫോൺ മോഷ്ടിക്കപ്പെട്ട ബാ​ഗിലുണ്ടായിരുന്നു. ഐ ഫോൺ നഷ്ടപ്പെട്ടു. ഞങ്ങൾക്കെല്ലാം ഫോണാണ്. ലാപ്ടോപ്പിലല്ല ഫോണിലാണ് എല്ലാം സൂക്ഷിക്കുന്നത്. പക്ഷെ പ്രിയയ്ക്ക് ഇത്തവണ ബാക്കപ്പ് ഉണ്ടായിരുന്നത് കൊണ്ട് അധികം ഡാറ്റ നഷ്ടമായില്ല. മലേഷ്യയിൽ വെച്ച് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ തിരികെ കിട്ടില്ല. നഷ്ടപ്പെട്ട് പോയതാണെങ്കിൽ പോലീസ് കണ്ടുപിടിച്ച് തരും. ടൂറിസ്റ്റായി പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോകാതിരിക്കുക എന്നതാണ് എല്ലാവരോടും പറയാനുള്ളത്. താമസിക്കുന്ന ഹോട്ടലിൽ വെച്ചാലും മോഷ്ടിക്കപ്പെടും. മാഫിയകളാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾക്ക് പറ്റിയ അബ​ദ്ധമാണ്. അ‍ഞ്ച് സിസിടിവിയുള്ള സ്ഥലത്താണ് ഇത്ര വിദ​ഗ്ദമായി മോഷണം നടന്നത് നിഹാലും പ്രിയയും വിവരിച്ചു.

പ്രിയയുടേയും നിഹാലിന്റേയും യാത്രകളിൽ ഇടയ്ക്ക് പ്രിയയുടെ മാതാപിതാക്കളും പ്രിയയുടെ ചേച്ചി പൂർണിമയും കുടുംബവുമെല്ലാം ഉണ്ടാകാറുണ്ട്. സീരിയലുകളിൽ ഏറെയും വില്ലത്തിയായാണ് പ്രിയ അഭിനയിച്ചിട്ടുള്ളത്. നിഹാൽ അഭിനയിച്ച് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ മുംബൈ പോലീസാണ്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ. ഒരു ​ഗേയുടെ വേഷമാണ് ചിത്രത്തിൽ നിഹാൽ അവതരിപ്പിച്ചത്.

x