ജന്മം തന്ന ഉപ്പ ഇന്ന് ജീവനോടെ ഇല്ല, ഇങ്ങനൊരു മകളില്ലെന്നാണ് അന്ന് പറഞ്ഞത്, അദേഹത്തിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു, അവസാനമായൊന്ന് കാണാൻ പോലും അവർ സമ്മതിച്ചില്ല; അസ്‌ല പറയുന്നു

സോഷ്യൽ മീഡിയയുടെ കാലമാണിത്. ഒരു താരമായി മാറാൻ സോഷ്യൽ മീഡിയ മാത്രം മതി. അത്രമാത്രമാണ് സാധ്യതകൾ. സമീപകാലത്തായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് വ്‌ളോഗറായ അസ്ല മർലി എന്ന ഹില. മറയില്ലാതെ സംസാരിക്കുന്ന ഹിലയുടെ വീഡിയോക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയക്ക് പുറത്ത് ടെലിവിഷനിലും സാന്നിധ്യം അറിയിക്കാൻ ഹിലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുക്ക് വിത്ത് കോമഡിയിലൂടെയാണ് ഹില മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

അടുത്തിടെയാണ് ഹില വിവാഹിതയായത്. അംജീഷ് ഷാജഹാൻ ആണ് ഹിലയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലെ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. വിവാഹശേഷം തങ്ങളുടെ യാത്രകളുടെ വിശേഷങ്ങളെല്ലാം അസ്‌ല യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അസ്‌ലയുടെ പുതിയൊരു വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. പുതിയ വീഡിയോയിൽ തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുകയാണ് അസ്‌ല. പ്രൊമോഷൻ ചെയ്യുന്നതിനെ വിമർശിക്കുന്നവർക്കും അസ്‌ല മറുപടി നൽകുന്നുണ്ട്.

യൂട്യൂബ് തനിക്ക് ജോലിയെക്കാൾ തന്റെ ജീവിതം തന്നെയാണെന്ന് അസ്‌ല മാർലി പറയുന്നു. ചില ദിവസങ്ങൾ ഞാൻ പൊട്ടി പൊട്ടി കരയാറുണ്ട്. അത് ഞാൻ റെക്കോർഡ് ചെയ്തു വയ്ക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. പക്ഷേ, യൂട്യൂബ് തന്റെയൊരു ശീലമായി മാറിയെന്നാണ് അസ്‌ല പറയുന്നത്. ഓരോ ആളുകൾക്കും ഓരോ ജോലിയുണ്ട്. എന്റെ ജോലി ഇതാണ്. മിക്ക ദിവസങ്ങളിലും ഉറക്കം പോലുമില്ലാതെ കണ്ടന്റിന് വേണ്ടി റിസർച്ച് ചെയ്യാറുണ്ടെന്നും അസ്‌ല പറയുന്നു.

ഒരുപാട് സ്ട്രഗിൾ ചെയ്ത് കയറിവന്നു കഴിയുമ്പോഴാണ് ബ്രാൻഡ് പ്രമോഷൻ കിട്ടുക. പൈസ കിട്ടുമെന്നത് ശരിയാണ്, പക്ഷേ നല്ല രീതിയിൽ കഷ്ടപെട്ടിട്ടാണ് കിട്ടുന്നത്. ഇന്നത്തെകാലത്ത് ആർക്കാണ് പൈസക്ക് ആവശ്യം ഇല്ലാത്തത്. പൈസക്ക് വേണ്ടിതന്നെയാണ് പ്രമോഷൻ ചെയ്യുന്നത്. പൈസയുടെ ആവശ്യം ഞാൻ അറിഞ്ഞു വളർന്നതാണ്. ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ ഇത് തന്നെ ചെയ്യും. യൂട്യൂബിനു വേണ്ടിയും മാർക്കറ്റിങ്ങും പ്രമോഷനും ചെയ്യുന്നുണ്ട്.

കാണുമ്പോൾ പലർക്കും നിസാരമായി തോന്നുമെങ്കിലും അത്രത്തോളം സ്ട്രഗിൾ ചെയ്താണ് ഓരോന്നും ചെയ്യുന്നത്. ചില കമന്റുകൾ കാണുമ്പോൾ ഞെട്ടാറുണ്ട്. എല്ലാവരും പ്രമോഷൻ ചെയ്യാറുണ്ടെങ്കിലും നെഗറ്റീവ് വരുന്നത് എനിക്ക് മാത്രമാണ്. ഞാൻ എന്ത് ചെയ്താലും തെറ്റ്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്ന് മനസിലായി. ഇപ്പോൾ എന്റെ വിവാഹം കഴിഞ്ഞു. ഞാൻ ആദ്യം മുതൽക്കേ പറയുന്നത് എനിക്ക് ഏറ്റവും കൂടുതൽ വേണ്ടത് സ്നേഹമാണെന്നാണ്. അതിപ്പോൾ ആര് എന്നെ സ്നേഹിച്ചാലും ഞാൻ അതിന്റെ പത്തിരട്ടി അവരെ സ്നേഹിക്കും. അങ്ങനെയാണ് ഞാൻ.

കല്യാണത്തിന് മുന്നേ വരെ ഞാൻ വിചാരിച്ചത് എന്നെ ഇനി ആർക്കും സ്നേഹിക്കാനാകില്ലെന്നാണ്. എനിക്കൊരു വിവാഹമുണ്ടാകുമോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്നും അസ്‌ല പറഞ്ഞു. ഉപ്പയേയും ഉമ്മയെയും കുറിച്ചാണ് കൂടുതൽ ആളുകൾ ചോദിക്കുന്നത്. എന്റെ ഉപ്പയും ഉമ്മയും ഡിവോഴ്‌സായതാണ്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ഇരുവരും പിരിയുന്നത്. അദേഹത്തിന് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഡിവോഴ്‌സായത്. അന്ന് എനിക്ക് ഇങ്ങനെയൊരു മകളില്ലെന്നാണ് ഉപ്പ പറഞ്ഞത്. എന്റെ ബയോളജിക്കൽ ഫാദർ ഇപ്പോൾ ജീവനോടെ ഇല്ല. അത് തന്നെ ഞാൻ അറിയുന്നത് യൂട്യൂബിൽ വന്ന കുറേ കമന്റ്സുകളിലൂടെയാണ്. അന്വേഷിച്ചപ്പോഴാണ് ക്യാൻസർ ആണെന്ന് അറിയുന്നത്. കാണണം എന്നുണ്ടായിരുന്നു പോകാൻ തീരുമാനിച്ചപ്പോൾ അറിയുന്നത് മരണവർത്തയാണ്. മയ്യത്ത് കാണാൻ ഉപ്പാടെ വീട്ടുകാർ സമ്മതിക്കില്ലെന്ന് അറിഞ്ഞതോടെ അതിനും പോയില്ല. ജീവനോടെ എനിക്കൊന്ന് കാണാനോ, എന്തെങ്കിലും ചെയ്യാനോ സാധിച്ചില്ല, വിങ്ങലോടെ അസ്‌ല പറഞ്ഞു.

 

x