മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്പന വിടപറഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം

മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്‍പന ഓര്‍മയായിട്ട് ഇന്നേക്ക് 8 വര്‍ഷം. ജനുവരിയുടെ തീരാ നഷ്ടമായി കല്പന മാറിയപ്പോളും ഒരു ചിരിയോടെ അല്ലാതെ നമുക്കാ മുഖം ഓര്‍ത്തെടുക്കാനാവില്ല.

മലയാള സിനിമയില്‍ കോമഡിയെന്നു കേട്ടാല്‍ പ്രേക്ഷക മനസിലേക്ക് ഓടിയെത്തുന്ന പല പുരുഷ മുഖങ്ങളുമുണ്ടാകും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ നിരവധി ഹാസ്യരാജാക്കന്മാര്‍ അരങ്ങുവാണ മലയാളം സിനിമയില്‍ കല്‍പനയ്ക്കായൊരു കസേര ഒഴിഞ്ഞു കിടന്നു. കല്‍പ്പനയെന്ന ഹാസ്യ രാജ്ഞിക്ക് മറ്റൊരു പകരക്കാരി ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല.

കാരണം മലയാള സിനിമയില്‍ ഹാസ്യത്തിന് ഏറ്റവുമിണങ്ങിയ പെണ്‍മുഖം കല്‍പ്പനയുടേതാണ്. ബാലതാരമായി അരങ്ങേറി അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ നായികയായി പിന്നീട് സഹനടിയായി അഭ്രപാളികളില്‍ നിറഞ്ഞുനിന്ന കല്‍പനയ്ക്ക് ഏതു കഥാപാത്രവും അനായാസം ചെയ്തുഭലിപ്പിക്കാനാകുമായിരുന്നു.

സഹോദരിമാര്‍ ശാലീന സുന്ദരികളായ നായികാ കഥാപാത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ തനിക്കായി വന്നു ചേര്‍ന്ന കഥാപാത്രത്തിന്റെ അഭിനയ മൂല്യം കണക്കിലെടുത്ത് കല്‍പ്പന വ്യത്യസ്തയായി. രഞ്ജിത്തിന്റെ കേരള കഫേയിലൂടെ ഹസ്യരാജ്ഞിയുടെ കുപ്പായമഴിച്ചുവെച്ച് മറ്റൊരു തലത്തിലേക്ക് കല്പനയെന്ന നടി നടന്നു കയറി.

ഇന്ത്യന്‍ റുപ്പിയിലെ മേരിയും സ്പിരിറ്റിലെ പങ്കജവും ഡോള്‍ഫിനിലെ വാവയും അന്നോളം കണ്ടതിനുമേത്രയോ അപ്പുറമാണ് കല്പനയെന്ന നടിയെന്ന് പ്രേക്ഷകന് കാട്ടിക്കൊടുത്തു. ചാര്‍ളിയിലെ മേരി ഇന്നും മലയാളികളുടെ മനസിലെ നൊമ്പരമാണ്. അത്രയേറെ കാഴ്ചക്കാരിലേകാഴ്ന്നിറങ്ങി നമ്മോടൊപ്പം സഞ്ചരിച്ചു കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ഫ്രയിമിയില്‍ നിന്ന് മാഞ്ഞു പോയവള്‍. നിശബ്ദമായി ആ വിടവാങ്ങലിനെ നോക്കിയിരിക്കാനെ നമുക്കായുള്ളു.

പ്രിയദര്‍ശിനി ഈ ലോകത്തു നിന്ന് മാഞ്ഞു പോയേക്കാം എന്നാല്‍ കല്‍പനയ്ക് മരണമില്ല. ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ ഓരോ മലയാളിയുടെയും ഇടനെഞ്ചില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്ന ഒരു ഓര്‍മയായി കല്പന ഉണ്ടാവും.

 

Articles You May Like

x