കനിമൊഴി എംപി കയറി ബസിലെ ജോലി പോയി, മലയാളി ബസ് ഡ്രൈവർ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍; ഇനി ടാക്‌സിയോടിച്ച് ജീവിതം മുൻപോട്ട്….

കനിമൊഴി എം.പി.യുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിള ഇനി ടാക്സിക്കാർ ഉടമ. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനാണ് കോയമ്പത്തൂരിൽ താമസിക്കുന്ന ഷർമിളയ്ക്ക് പുതിയ കാർ സമ്മാനമായി നൽകുന്നത്. ചെന്നൈയിലേക്ക് ഷർമിളയെ വിളിച്ചുവരുത്തിയ കമൽ കാർ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി.

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷർമിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടെയും മകളാണ്. ഷർമിള ഓടിച്ചിരുന്ന ബസിൽ കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടർ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു.

കനിമൊഴിയിൽനിന്ന് പണം വാങ്ങുന്നത് ഷർമിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസിൽനിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെപേരിൽ ഷർമിളയും അന്നത്തായിയുമായി തർക്കമുണ്ടാകുകയും ജോലി പാതിവഴിയിൽ നിർത്തി ഷർമിള ബസിൽനിന്നിറങ്ങിപ്പോകുകയും ചെയ്തു. സംഭവത്തിന്റെപേരിൽ തന്നെ ജോലിയിൽനിന്ന് നീക്കിയെന്ന് ഷർമിള പിന്നീട് വെളിപ്പെടുത്തി. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേർ പിന്തുണയുമായെത്തി. വേറെ ജോലി നേടാൻ നടപടിയെടുക്കാമെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് കമൽഹാസൻ ഷർമിളയ്ക്ക് ടാക്‌സി സർവീസ് ആരംഭിക്കാൻ കാർ സമ്മാനിക്കാൻ തീരുമാനിച്ചത്. കമലിന്റെ സന്നദ്ധസംഘടനയായ കമൽ കൾച്ചറൽ സെന്റർ മുഖേനയാണ് കാർ നൽകുന്നത്.

Articles You May Like

x