നൈറ്റ് ക്ലബ്ബുകളിൽ പാടിയാണ് ഞാൻ തുടങ്ങുന്നത്, എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങൾ ഉണ്ടായിരുന്നു,എനിക്ക് നൽകിയ ആദരത്തിൽ രാജ്യത്തോട് നന്ദി: പത്മഭൂഷൻ ലഭിച്ചതിൽ പ്രതികരിച്ച് ഉഷ ഉതുപ്പ്

ഭാഷാ ഭേദമന്യേ സംഗീത പ്രിയരുടെ പ്രിയപ്പെട്ട പോപ് ഗായികയാണ് ഉഷ ഉതുപ്പ്. ഒരു ഗായികയ്ക്കപ്പുറം അഭിനേതാവുകൂടിയാണ്. ചില സിനിമകളിലും ഉഷ ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലും ഉഷ ഉതുപ്പ് ‘പോത്തൻ വാവ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഇപ്പോളിതാ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചതിൽ സന്തോഷം പങ്കിട്ടിരിക്കുകയാണ് ​ഗായിക. താനിപ്പോഴും ആ സന്തോഷത്തിന്റെ ‘ഹാങ്ങോവറിൽ’ ആണെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എനിക്ക് നൽകിയ ആദരത്തിൽ രാജ്യത്തോട് നന്ദിയുണ്ട്. എന്റെ മാതാപിതാക്കളും കുടുംബവും സഹപ്രവർത്തകരും എന്റെ പാട്ടുകളെ ആസ്വദിച്ച ഓരോരുത്തരോടും നന്ദിയുണ്ട്. എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എനിക്കിത് സാധിക്കുമായിരുന്നില്ല,’ ഗായിക പറഞ്ഞു.

കരിയറിന്റെ ആദ്യ നാളുകളെക്കുറിച്ചും ഉഷ ഉതുപ്പ് ഓർമ്മ പങ്കുവെച്ചു. ‘നൈറ്റ് ക്ലബ്ബുകളിൽ പാടിയാണ് ഞാൻ തുടങ്ങുന്നത്. എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങൾ ഉണ്ടായിരുന്നു. ഹരേ റാം ഹരേ കൃഷ്ണ, ഹരി ഓം ഹരി പോലെ…’എന്നും താരം പറഞ്ഞു.

ബാപ്പി ലാഹിരിയുടെ റമ്പാ ഹോ.. ഉഷയ്ക്ക് ലോകത്തെമ്പാടും ആരാധകരെ നേടിക്കൊടുത്ത ഗാനമായിരുന്നു. പിന്നീട് ഇളയരാജയുടെയും എ.ആർ റഹ്മാന്റെയും ഹിറ്റ് ഗാനങ്ങൾ പാടി പ്രിയ ഗായിക. ബംഗാൾ മുഖ്യമന്ത്രിയും പോപ് സംഗീതപ്രിയനുമായിരുന്ന ജ്യോതി ബസു ഉഷയെ ദീദീ എന്നാണ് വിളിച്ചിരുന്നത്. ആ വിളി പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ഉഷയുടെ പാട്ട് ആഭാസമാണെന്ന് ചൂണ്ടിക്കാട്ടി 1983ൽ ബംഗാളിൽ നിരോധനം വരെ ഉണ്ടായി. കോടതിയിൽനിന്ന് അനുകൂല വിധി നേടി കൊൽക്കത്തയിൽത്തന്നെ സംഗീതനിശ സംഘടിപ്പിച്ചു പിന്നീട് ഉഷ. ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക എന്ന റെക്കോർഡും ഉഷയ്ക്ക് സ്വന്തമാണ്.

Articles You May Like

x