ലാലു അലക്‌സ് എന്നെ പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു; ജയഭാരതി

മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജയഭാരതി. വിവിധ ഭാഷകളിലായി 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ഇപ്പോഴും ആരാധകർ നിരവധിയാണ്. നായികാ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അമ്മ വേഷങ്ങളിലും നിറഞ്ഞുനിന്നിരുന്നു. അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മ യോഗത്തിനെത്തിയത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്ന് അമ്മ യോഗത്തിലേക്ക് വന്നതിനെക്കുറിച്ച്‌ ജയഭാരതി പറഞ്ഞു. യോഗത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നതെന്നും വർഷങ്ങൾക്ക് ശേഷം വരുന്നതിനാൽ കുറച്ച്‌ താരങ്ങളെ മാത്രമേ അറിയൂവെന്നും അമ്മായോഗത്തിന് ശേഷം ജയഭാരതി പറഞ്ഞു. അതിനൊപ്പം രസകരമായ മറ്റൊരു കാര്യവും താരം പങ്കുവെയ്‌ക്കുകയുണ്ടായി. ആദ്യമായി എന്നെ പെണ്ണ് കാണാൻ വന്നയാൾ നടൻ ലാലു അലക്‌സ് ആണെന്നും എന്നാൽ അത് ജീവിതത്തിലല്ല സിനിമയിലാണെന്നും ജയഭാരതി പറഞ്ഞു. പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു. സോമനായിരുന്നു ചിത്രത്തിലെ നായകൻ. ‘നക്ഷത്രങ്ങളുടെ കാവൽ’എന്ന സിനിമയുടെ രംഗങ്ങൾ ഓർത്തെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജയഭാരതി.

മോഹൻലാൽ നായകനായ ഒന്നാമനിലാണ് ജയഭാരതി അവസാനമായി അഭിനയിച്ചത്. പിന്നീട് സിനിമാ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. 1967-ൽ ശശികുമാർ സംവിധാനം ചെയ്ത ‘പെണ്മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. 1969-ൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത ‘കാട്ടുകുരങ്ങ്’ എന്ന സിനിമയിൽ നായികാ വേഷം ചെയ്തതോടെയാണ് ജയഭാരതി ശ്രദ്ധിയ്‌ക്കപ്പെട്ടത്. 1972- ൽ ‘മാധവിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന അവാർഡ് ജയഭാരതിയ്‌ക്ക് ലഭിച്ചു. കൂടാതെ ‘മറുപക്കം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1991-ലെ ദേശീയ പുരസ്‌കാരത്തിൽ പ്രത്യക ജൂറി പരാമർശവും ജയഭാരതിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

x