മഷ്‌റൂം കഴിച്ച് കാട്ടിൽ ഇരിക്കുമ്പോൾ മെഡിറ്റേഷൻ ചെയ്യാൻ തോന്നി, 20 വർഷം മുമ്പുള്ള ഒരു പരീക്ഷണമായിരുന്നു അത്, പുതു തലമുറയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ഇത് വെളിപ്പെടുത്തുന്നത് : ലെന

നടി ലെന ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. തന്റെ പൂർവ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്നും 63 വയസ്സുവരെ ജീവിച്ചിരുന്നെന്നുമെല്ലാം ലെന പറഞ്ഞിരുന്നു. ലെന എഴുതിയ പുസ്തകമായ ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിൽ ഇരുപത്തി മൂന്ന് വയസിൽ കൊടൈക്കനാലിലെ ഒരു കാട്ടിൽ വെച്ച് മഷ്‌റൂം പരീക്ഷിച്ചതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

മെഡിറ്റേഷനാണ് ഏറ്റവും സന്തോഷം നൽകുന്നതെന്ന് പറയുന്ന ലെന മഷ്‌റൂം ഉപയോഗിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ്.
താരത്തിന്റെ വാദങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായി 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു ലെന.’എന്റെ ജീവിതത്തിൽ ആവശ്യമില്ലായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. കൊടൈക്കനാലിലെ ഒരു കാട്ടിൽ വച്ചാണ് 23 വയസ്സുള്ളപ്പോൾ ഞാൻ മഷ്റൂം കഴിക്കുന്നത്. അന്ന് ഞാൻ വിവാഹിതയായിരുന്നു. ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും കൂടെയാണ് ഞാൻ അവിടെ പോയത്.

20 വർഷങ്ങൾക്കുശേഷം ഞാനിത് ഇപ്പോൾ പറയുന്നത് ഇപ്പോഴത്തെ തലമുറക്ക് വേണ്ടിയാണ്. കാരണം പുതുതലമുറ ഒരുപാട് കാര്യങ്ങൾ പരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും പല പദാർത്ഥങ്ങളും. മഷ്‌റൂമുകൾ നാച്ചുറലാണ്. എന്നാൽ ഇന്ന് പല തരത്തിലുള്ള മനുഷ്യ നിർമിത പദാർത്ഥങ്ങളുണ്ട്. അത് ആളുകൾ ട്രൈ ചെയ്യുന്നുമുണ്ട്. ഇത്‌ വളരെ അപകടകരമാണെന്ന് അറിയിക്കാനാണ് ഞാൻ ഇപ്പോൾ ഇത്‌ വെളിപ്പെടുത്തിയത്.

20 വർഷം മുമ്പുള്ള ഒരു പരീക്ഷണമായിരുന്നു അത്. പക്ഷെ ഞാൻ അന്നൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. 22 വയസിൽ ഞാൻ ആ വിഷയത്തിൽ പി.ജി കഴിഞ്ഞ ആളാണ്. അന്ന് എല്ലാവരുടെയും കൂടെ അത് എക്സ്പിരിമെന്റ് ചെയ്യാൻ പോകുമ്പോൾ മറ്റുള്ളവരെ പോലെ അല്ലായിരുന്നു ഞാൻ ആ പരീക്ഷണത്തെ കണ്ടത്. ഞാൻ അതിന് മുൻപ് തന്നെ ഒരു മെഡിറ്റേറ്റർ ആയിരുന്നു. പൂനെയിൽ നിന്ന് മെഡിറ്റേഷൻ പഠിച്ചിട്ടുണ്ടായിരുന്നു. അഞ്ചു വർഷം ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ടായിരുന്നു. ഇത്രയും വിവരം വെച്ചിട്ടാണ് ഞാൻ ആ പരീക്ഷണത്തിന് മുതിർന്നത്.

ഞങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ അതിന്റെ ഡോസിനെയും ലെവലുകളെയും എഫക്റ്റിനെയും എല്ലാം പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇതൊരു ക്ലിനിക്കൽ എക്സ്പെരിമെന്റായിട്ടായിരുന്നു ഞാൻ കണ്ടത്. അതിനെക്കുറിച്ച് നല്ല വ്യക്തമായിട്ട് തന്നെയാണ് ഞാൻ മഷ്‌റൂം കഴിച്ചത്. ലോജിക്കലി പറയുമ്പോൾ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്ന് തന്നെയാണ്. പക്ഷെ വിധി എന്ന നിലയിൽ അതങ്ങ് സംഭവിച്ചു.

എല്ലാവരും അതിൽ സന്തോഷം അന്വേഷിച്ചപ്പോൾ ഞാൻ അതിൽ നിന്ന് പലതും കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. മഷ്‌റൂം കഴിച്ച് ഞാൻ കൊടൈക്കനാൽ കാട്ടിൽ ഇരിക്കുമ്പോൾ എനിക്ക് മെഡിറ്റേഷൻ ചെയ്യാനാണ് തോന്നിയത്. ദൈവം എന്താണ്, എന്റെ ചുറ്റുമുള്ളതെല്ലാം എങ്ങനെയാണ് ഉണ്ടായത് എന്ന ചോദ്യങ്ങളാണ് അപ്പോൾ എനിക്ക് തോന്നിയത്. ആ ചോദ്യങ്ങളുമായി മെഡിറ്റേഷനിൽ ഇരിക്കുകയായിരുന്നു ഞാൻ. അതിന് ശേഷവും അതിന് മുൻപും ഞാൻ എന്റെ ജീവിതത്തിൽ ലഹരി ഉപയോഗിച്ചിട്ടില്ല,’ ലെന പറയുന്നു.

Articles You May Like

x