സ്വന്തം പേര് മറന്നു, ഉമിനീരുപോലും ഇറക്കാതായി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി, അമ്പത്തേഴുകാരി മൂന്ന് വയസുകാരിയെ പോലെ; കനകലതയുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ ഞെട്ടിക്കുന്നത്

മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ് കനകലത. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഒരുകാലത്ത് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു കനകലത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി വേഷങ്ങൾ കനകലത മികവുറ്റതാക്കി. നാടകങ്ങളിലൂടെയാണ് നടി അഭിനയ രംഗത്തെത്തുന്നത്. സീരിയലുകളുടെ വരവോടെ മിനിസ്ക്രീനിലേക്കും എത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചു.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം അപ്രത്യക്ഷയായിരിക്കുകയാണ് നടി. ഈ വർഷമാദ്യം റിലീസായ പൂക്കാലത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. അതിനു ശേഷം ടെലിവിഷൻ പരമ്പരകളിലോ സിനിമയിലോ കനകലതയെ പ്രേക്ഷകർ കണ്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ.

2021 ഡിസംബർ തൊട്ടാണ് ഓരോരോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് അവർ പറഞ്ഞു. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ അക്കാര്യം വിടും. ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നുവെന്നും ചേച്ചി പറയുന്നു.

കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. ട്യൂബ് ഇടുന്നതാണ് നല്ലതെന്ന് ഡോക്ടർ അന്ന് പറഞ്ഞിരുന്നു. ഞങ്ങൾക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലർ പറഞ്ഞു. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ഈ ഏപ്രിൽ ആയപ്പോഴേക്കും അവൾ തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡ് കൊടുക്കുന്നതെന്നും അവർ പറഞ്ഞു.

വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല. ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും, വിജയമ്മ പറയുന്നു. പൂക്കാലം സിനിമയിലാണ് അവൾ അവസാനമായി അഭിനയിച്ചത്. അന്നൊക്കെ ചെറിയ ചെറിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. പക്ഷേ, അത് കാര്യമാക്കിയില്ല. ഇൻഡസ്ട്രിയിൽ കുറച്ചുപേർക്ക് മാത്രമേ ഇവളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുള്ളൂ. ഇടയ്‌ക്കൊക്കെ സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. സുഖമില്ല എന്നുപറഞ്ഞ് ഒഴിവാക്കി.

അമ്മ സംഘടനയിൽ വിളിച്ചുപറഞ്ഞിരുന്നു. അവിടത്തെ ഇൻഷുറൻസ് ഉണ്ട്. പിന്നെ മാസം കൈനീട്ടം കിട്ടും. ആത്മയിൽ നിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും ധനസഹായങ്ങൾ ലഭിച്ചിരുന്നു. കനകലത ആണെന്ന് മനസ്സിലാവാത്ത രൂപത്തിലായി അവൾ. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകൾക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കും. സിനിമ കാണുമ്പോഴും അവളഭിനയിച്ച സീനുകൾ വരുമ്പോഴുമൊക്കെ എന്തൊക്കെയോ ഓർത്തിരിക്കും. വീട്ടിലുള്ളവരെയും ബന്ധുക്കളെയുമൊക്കെ കണ്ടാൽ മനസ്സിലാവുന്നുണ്ട്. മറന്നത് ദൈനംദിന കാര്യങ്ങളാണ്. സ്വയം ചെയ്യേണ്ട കാര്യങ്ങളെല്ലാം മറന്നു.- വിജയമ്മ പറയുന്നു. അതേസമയം വിവാഹമോചിതയാണ് കനകലത. പതിനഞ്ച് വർഷത്തെ വിവാഹജീവിതം 2005ലാണ് നടി വേർപെടുത്തിയത്. കുട്ടികളില്ല.

Articles You May Like

x