സുരേഷ് ഗോപി കാമ കണ്ണുകളോടെ അവരെ കയറി പിടിച്ചെന്ന് വിശ്വസിക്കാൻ മലയാളിക്കാവില്ല, നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല: ദേവൻ

വിവാദങ്ങൾക്ക് പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്ക് പിന്തുണയേറുന്നു. സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

അടുത്ത ദിവസത്തെ പ്രധാന വാർത്ത സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത്ത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതു ജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല; പ്രത്യേകിച്ച് സ്ത്രീകളായ മലയാളികളെ. ജാതി മത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.

ഉർവശി ശാപം ഉപകാരമായി സുരേഷ് ഗോപിക്ക്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതൽ ആരാധകരെയും, കൂടുതൽ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും, അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.

ശ്രീ സുരേഷ് ഗോപിക്ക് എന്നെപോലെയുള്ള ഒരുത്തന്റെ സെർട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും പത്തു നാൽപ്പതു വർഷത്തെ സ്നേഹിതൻ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലൻ കളിച്ച സിനിമ നടനെന്ന നിലയിലും, “‘അമ്മ” എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും, ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു; അതിവിടെ രേഖപെടുത്തുന്നു.
ഞങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പം.

Articles You May Like

x