കുറേ ടേക്കിന് ശേഷം ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ തന്നെ സീൻ ഓക്കെയായി, താൻ എന്നെ രക്ഷപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു; ദേവൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവൻ. നിരവധി ചിത്രങ്ങളിൽ പല കഥാപാത്രങ്ങളിലൂടെ നടൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. മലയാളത്തിന് പുറമെ അന്യാഭാഷാ ചിത്രങ്ങളിലൂടെയും ദേവൻ തിളങ്ങി. കൂടുതലും വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു ദേവൻ തിളങ്ങിയത്. അടുത്തിടെ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ദേവൻ രൂപീകരിച്ചിരുന്നു. സോഷ്യൽ മീഡിയകളിലും ദേവൻ സജീവമാണ്.

എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ദേവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദേവന്റെ വാക്കുകൾ ഇങ്ങനെ; ക്ലൈമാക്‌സ് സീനിൽ പോലീസ് എന്നെ വളയുകയാണ് അപ്പോൾ നായിക എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് രക്ഷപ്പെട്ടോളാൻ പറയും. എനിക്ക് അപ്പോൾ വേറെ ഡയലോഗ് ഒന്നും ഇല്ല. ഞാൻ എന്ന ഒറ്റ വാക്ക് മാത്രം പിന്നെ കുറച്ചു കുത്തുകളും. വെറേ ഒന്നും പറയാനില്ല. ഈ കുത്തുകളുടെ അർത്ഥം അറിയാമോ എന്ന് എന്നോട് ഹരിഹരൻ ചോദിച്ചു. എനിക്ക് വലിയ പിടിപാടില്ലെന്ന് ഞാൻ മറുപടിയും പറഞ്ഞു.

അതായത് ഈ കുട്ടിയോട് നിങ്ങൾക്ക് നന്ദിയാണോ പ്രണയമാണോ സ്‌നേഹമാണോ ഏത് വികാരമാണെന്ന് നിങ്ങൾക്ക് അറിയില്ല. കാരണം തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ആ കുട്ടി വന്നിരിക്കുന്നത്. അങ്ങനെ പല വികാരങ്ങളുണ്ട്. ഇത് മുഴുവനും ഈ ഷോട്ടിൽ പ്രകടിപ്പിക്കണം എന്ന് ഹരിഹരൻ സാർ പറഞ്ഞു. ഈ ഷോട്ട് ഇതുപോലെ ചെയ്യാൻ പറ്റിയില്ലെങ്കിൽ എംടിയുടെ മുന്നിൽ ഞാൻ നാണം കെടും, തന്റെ കയ്യിലാണ് എല്ലാമിരിക്കുന്നത് എന്ന് കൂടി അദ്ദേഹം പറഞ്ഞു.

ഡയലോഗ് ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും ഒപ്പിക്കാം. ഇതിലൊന്നുമില്ല, ‘ഞാൻ’ മാത്രമേ ഉള്ളൂ. അവസാനം ആ ഷോട്ട് തുടങ്ങി. ഞാൻ എന്തൊക്കെയോ കോപ്രാട്ടികൾ കാണിച്ചു. ഇത് പോര, ഒന്നുകൂടി എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പിന്നേയും ചെയ്തു. ഒന്നുകൂടി എടുക്കാം എന്ന് പറഞ്ഞ് ഹരിഹരൻ സാർ അടുത്തേക്ക് വന്നു. കൈ കൊണ്ട് കുറേ ആക്ഷൻ കാണിച്ചു. ജയ് ശ്രീ റാം, ജയ് ആഞ്ജനേയ, സ്റ്റാർട്ട് ക്യാമറ എന്ന് പറഞ്ഞു. ഞാൻ എന്തോ ചെയ്തു. ഓക്കെ, താൻ എന്നെ രക്ഷപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കറക്ടായിട്ട് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുത്തതാണ്.

Articles You May Like

x