ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട ദേഷ്യത്തില്‍ ദിലീപിന്റെ ഫോണ്‍ മഞ്ജു വാര്യര്‍ പുഴയിലേക്കെറിഞ്ഞു; നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷിമൊഴി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായ ഘട്ടത്തിലേക്ക് കടക്കുകയാണ്.നിർണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർആലുവാപ്പുഴയിലേക്ക്‌ എറിഞ്ഞു എന്ന സാക്ഷിമൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.മൊഴിയിലെ സത്യാവസ്ഥ ബോധ്യപ്പെടാനായി അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത്. ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നാണ് സാക്ഷിമൊഴി.

ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചുവെങ്കിലും ആക്രമിക്കപ്പട്ട നടി മാത്രമാണ് ഇതിന് സഹകരിച്ചതെന്നും മൊഴിയില്‍ പറയുന്നു. ഇതാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉടലെടുക്കാന്‍ കാരണം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യരിന് കഴിഞ്ഞാന്‍ കേസ് അന്വേഷണത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി ഇത് മാറും.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാര്യർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വീട്ടിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. തുടർന്ന് കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചിരുന്നു. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമായിരുന്നു ഇത്.

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലും നേരത്ത കാവ്യാമാധവനെ ചോദ്യം ചെയ്തിരുന്നു.നാലര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഈ മാസം 31ന് മുന്‍പായി പുനരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.അതിജീവിതക്ക് താല്‍പ്പര്യമുള്ളയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചന. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത്. അതേസമയം, പോലീസിൻ്റെ പക്കൽ വ്യക്തമായ തെളിവുകളുള്ള പല കാര്യങ്ങളും ചോദ്യം ചെയ്യലിൽ കാവ്യ നിഷേധിച്ചു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. അതിനാൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. 2017 ഫെബ്രുവരി 17 ന് കൊച്ചിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് പ്രശസ്ത നടിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഘാംഗങ്ങളെയും ദിലീപിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Articles You May Like

x