ലണ്ടനിലെ ലാവൻഡർ ഫാം സന്ദർശിച്ച് മഞ്ജു വാര്യർ, ഒപ്പം ചാക്കോച്ചനും പിഷാരടിയും; വൈറലായി ചിത്രങ്ങൾ, റിയൽ ഫ്രണ്ട്‌സ് ഇവരാണെന്ന് ആരാധകർ

ലണ്ടൻ∙ യുകെ കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ച് മലയാള സിനിമ താരങ്ങൾ. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി എന്നിവരാണ് ലാവൻഡർ ഫാം സന്ദർശിച്ചത്. കെന്റിലെ ലാവൻഡർ ഫാമുകളിൽ ഒന്നായ കാസിൽ ഫാമിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യർ, രമേശ്‌ പിഷാരടി എന്നിവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രയും ഉണ്ട്‌.

യുകെ മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടി വി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും. മഞ്ജു വാര്യർ മികച്ച നടിക്കുള്ള പുരസ്കാരവും കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരവും നേടിയിരുന്നു. രമേശ്‌ പിഷാരടി മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും നേടി. കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയ, മകൻ ഇസഹാക്ക് എന്നിവർക്കൊപ്പം എത്തിയാണ് അവാർഡ് നൈറ്റിൽ പങ്കെടുത്തത്. മമ്മൂട്ടിയായിരുന്നു അവാർഡ് നൈറ്റിന്റെ മുഖ്യാതിഥി.

വേരോടിയ സ്ഥലങ്ങളിൽ നീല നിറത്തിൽ പൂത്തുലഞ്ഞു സുഗന്ധപൂരിതമാക്കുന്ന ചെടികളാണ് ലാവൻഡർ. റോമാക്കാർ കുളിക്കാനുള്ള വെള്ളത്തിൽ ലാവൻഡർ പൂക്കൾ വിതറിയിരുന്നുവെത്രേ. അത് കൊണ്ടായിരിക്കാം ‘കഴുകുക’ എന്നർഥം വരുന്ന ലാറ്റിൻ വാക്കായ ‘ലാവെറിൽ’ നിന്നും ലാവൻഡറെന്ന പേരുണ്ടായത്. സുഗന്ധദ്രവ്യമായി ഇത് ഉപയോഗിച്ചിരുന്നവർ ഈജിപ്ത്തുകാരും അറബികളുമാണ്.

പ്രാണികളെ അകറ്റാനും ലാവൻഡർ ചെടിയുടെ തണ്ടും പൂക്കളും പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു. യൂറോപ്പിൽ പ്ലേഗ് പടർന്നപ്പോൾ കൈത്തണ്ടയിൽ ലാവൻഡർ തണ്ടുകൾ വെച്ചു കെട്ടിയാണ് ആളുകൾ നടന്നിരുന്നത്. ക്ലിയോപാട്ര കഥകളിൽ സീസറെയും മാർക്ക് ആന്റണിയെയും വശീകരിക്കാൻ ലാവൻഡർ എണ്ണ കൈകളിൽ ക്ലിയോ സുന്ദരി തേച്ചു പിടിപ്പിച്ചിരുന്നുവെന്ന് പറയുന്നുണ്ട്.

ലാവൻഡറിന് രാജകീയ പരിവേഷം കൊടുത്തത് ബ്രിട്ടീഷ്‌ രാജകുടുംബമാണെന്ന് പറയാം. വിക്ടോറിയ രാജ്ഞിയാണ് അതിന് തുടക്കം കുറിച്ചത്. അന്ന് കൊട്ടാരത്തിൽ എല്ലായിടവും രാജ്ഞി കുടിച്ചിരുന്ന ചായയിൽ പോലും ലാവൻഡർ പരിമളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉറക്കകുറവിനും, ടെൻഷനും ഇടയ്ക്കിടെ രാജ്ഞിയെ അലട്ടിയിരുന്ന ചെന്നികുത്തിനും വരെ പരിഹാരം നൽകിയത് ലാവൻഡർ ആണത്രേ.

ഇതേ തുടർന്ന് ദിവസവും വാടാത്ത ഒരു കെട്ടു ലാവൻഡർ പൂക്കൾ കൊട്ടാരത്തിലെത്തുന്നവർ കൊണ്ടുവരണമെന്ന രാജകല്പന ഇറങ്ങി. രാജകല്പനയെ തുടർന്ന് ഇംഗ്ലണ്ടിൽ വ്യാപകമായി ലാവണ്ടർ കൃഷിയും തുടങ്ങിയെന്നാണ് ചരിത്രം. ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങളിൽ പോലും ലാവൻഡർ പൂക്കൾ അടങ്ങിയ ആസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.

Articles You May Like

x