‘എ’ പടമാണെന്ന് അറിയാമായിരുന്നു, ആ സീൻ കഥക്ക് അത്യാവശ്യമായിരുന്നു ; സ്വാസിക മനസ്സ് തുറക്കുന്നു

നടനും, സംവിധായകനുമായ സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഒന്നാം ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ രണ്ടാമത്തെ ടീസറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ആദ്യ ടീസർ മികച്ചതെന്നും, ഇതുവരെ കണ്ടിട്ടുള്ളവയിൽ നിന്ന് വ്യത്യസ്ത പുലർത്തിയെന്ന പ്രേക്ഷക അഭിപ്രായം വന്നതിന് പിന്നാലെയാണ് അതിനേക്കാൾ മനോഹരമായും, ആകാംക്ഷ തോന്നിപ്പിക്കുന്ന തരത്തിലും രണ്ടാമത്തെ ടീസർ പുറത്തിറങ്ങിയത്.

ആദ്യ ടീസർ നൽകിയതിനേക്കാൾ വേറിട്ടൊരു അനുഭവമാണ് രണ്ടാമത്തെ ടീസറിന് നൽകാൻ കഴിയുന്നതെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും, സിദ്ധാർത്ഥ് ഭരതനും ചേർന്ന് തിരക്കഥ രചിച്ച ചതുരം സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും, യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ഒരുമിച്ച് ചേർന്നാണ്. രമ്യ മൂവീസ് ഈ മാസം തന്നെ ‘ചതുരം’ കേരളത്തിലെ സ്‌ക്രീനുകളിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

 

‘ഇറോട്ടിസത്തിന്’ മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള ചിത്രമാണ് ചതുരമെന്ന് ചിത്രത്തിൻ്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവയിൽ നിന്നും വ്യക്തമാണ്. അതേസമയം സെൻസർ ബോർഡിൽ നിന്ന് ‘എ സര്‍ട്ടിഫിക്കറ്റ്’ ലഭിച്ച ഈ ചിത്രം ഒരു മുഴുനീള ഇറോട്ടിക് ചിത്രമല്ലെന്നു സംവിധായകൻ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ആര്‍ക്കും അലോസരമായി തോന്നാത്ത വിധത്തിലാണ് ഇതിൽ ലൈംഗികത ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സംവിധായകൻ സിദ്ധാർഥ് ഭരതൻ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞിരിക്കുന്നത്.

കുറച്ച് ദിവസം മുന്‍പ് പുറത്തുവിട്ട ചിത്രത്തിൻ്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കിടക്കയില്‍ കിടക്കുന്ന സ്വാസികയെയും റോഷനെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സ്വാസിക ഉൾപ്പടെയുളള താരങ്ങള്‍ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ചില കമന്റുകളും വന്നിരുന്നു. “ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്” എന്നായിരുന്നു ഒരാള്‍ സ്വാസികയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്ററിന് താഴെ ചോദിച്ചത്. ഇതിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും, കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍റ്റ്‌സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം.” എന്നായിരുന്നു. കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിൻ്റെ വ്യത്യസ്ത തരം കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് വേറിട്ട പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥ കൂടിയാണ് ചതുരം പറഞ്ഞുവെക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ പ്രദീഷ് വർമ്മയാണ്. മികച്ച എഡിറ്റിംഗ് ചതുരത്തിനായി സമ്മാനിച്ചിരിക്കുന്നത് ദീപു ജോസഫാണ്. ചതുരത്തിലെ  സംഗീതമൊരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

 

Articles You May Like

x