ഇതൊക്കെ സിനിമയിൽ പതിവുണ്ടോ ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയുള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം; മിയയെ പ്രശംസിച്ച് ബോബൻ സാമുവൽ

2008 ൽ സംപ്രേഷണം ചെയ്ത ‘അൽഫോൻസാമ്മ’ എന്ന സീരീയലിലൂടെയാണ് മിയ അഭിനയ ലോകത്തെത്തുന്നത്. മാതാവിന്റെ വേഷമാണ് പരമ്പരയിൽ മിയ അവതരിപ്പിച്ചത്. സംവിധായകൻ ബോബൻ സാമുവലാണ് ആ സീരിയലിനു നേതൃത്വം നൽകിയത്. ഇപ്പോഴിതാ പതിനഞ്ചു വർഷങ്ങൾക്കു ശേഷം ബോബൻ സാമുവലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് മിയ എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘‘ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ. 2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലായിരുന്നു എങ്കിൽ എനിക്ക് അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സർ.’’ മിയ കുറിച്ചു.

ഈ കുറിപ്പിനു ബോബൽ സാമുവൽ പങ്കുവച്ച മറുപടിയും ശ്രദ്ധേയമായി. ‘‘ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം.’’–മിയയുടെ പോസ്റ്റ് പങ്കുവച്ച് ബോബൻ സാമുവൽ കുറിച്ചു.

ഒരു സ്മോൾ ഫാമിലി, ഡോക്ടർ ലൗ, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങൾ ചെയ്താണ് മിയ ശ്രദ്ധ നേടിയത്. 2012ൽ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് മിയ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കൺസ്ട്രക്ഷൻ കമ്പനി ഉടമയാണ് അശ്വിൻ. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലൂക്ക എന്നൊരു മകനും മിയയ്ക്കുണ്ട്.

Articles You May Like

x