എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി, എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട് ; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് വിജയ് ബാബു

മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. വർഷങ്ങളോളം മുൻനിര ടെലിവിഷൻ ചാനലുകളുടെ തലപ്പത്ത് പ്രവർത്തിച്ച ശേഷമാണ് വിജയ് ബാബു സിനിമയിലേക്ക് എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് കീഴിൽ മങ്കിപെൻ, ആട്, ഹോം തുടങ്ങി ഒരുപിടി ജനപ്രീയ സിനിമകൾ വിജയ് ബാബു ഒരുക്കിയിട്ടുണ്ട്. ഇന്ന് നിർമാതാവ് എന്നതിനൊപ്പം തന്നെ മലയാള സിനിമയിലെ തിരക്കുള്ള നടൻ കൂടിയാണ് അദ്ദേഹം.

കരിയറിലെ ഉയർച്ചകളിലേക്ക് പോകുമ്പോഴും ചില വിവാദങ്ങളും വിജയ് ബാബുവിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാരിൽ ഒരാളായിരുന്ന നിർമാതാവ് സാന്ദ്ര തോമസുമായുണ്ടായ പ്രശ്‍നങ്ങൾ മുതൽ യുവ നടി ഉന്നയിച്ച ആരോപണങ്ങൾ വരെ വിജയ് ബാബുവിനെ വലിയ രീതിയിൽ ബാധിച്ച വിവാദങ്ങളാണ്. അതേസമയം ഇതൊന്നും വിജയ് ബാബുവിന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. മലയാള സിനിമാ രംഗത്ത് ഇന്നും വിജയ് ബാബുവിന് വലിയ സ്വീകാര്യതയുണ്ട്. നടനായും നിർമ്മാതാവായും തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.
അതേസമയം തിരക്കുകൾക്കിടയിലും കുടുംബത്തിനായി വിജയ് ബാബു സമയം കണ്ടെത്താറുണ്ട്. ഭാര്യ സ്മിതയും ഏകമകൻ ഭരതും അടങ്ങുന്നതാണ് വിജയ് ബാബുവിന്റെ കുടുംബം. അടുത്തിടെ വിജയ് ബാബുവിന്റെ വീട്ടുവിശേഷങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ വിജയ് ബാബു പങ്കുവെച്ചോരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇന്നാണ് വിജയ് ബാബുവിന്റെ വിവാഹ വാർഷികം.
ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ. എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി!! എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട്’ എന്നാണ് ഭാര്യ സ്മിതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. അച്ഛനും അമ്മയും മിറർ സെൽഫി പകർത്തുമ്പോൾ പുറകിലിരുന്ന് മകൻ ഫോണിൽ നോക്കുന്നതും ചിത്രത്തിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിയാണ് വിജയുടെ മകൻ ഭരത്. ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയാണ് എന്നാണ് അടുത്തിടെ ബിഹൈൻഡ്വുഡ്‌സ് ഹോം ടൂർ വീഡിയോയിൽ വിജയ് ബാബു പറഞ്ഞത്. തന്റെ സിനിമയിലൂടെ മകനെ ഒരിക്കലും സിനിമയിലേക്ക് കൊണ്ടുവരില്ലെന്നും തന്റെ പേരിലൂടെ നീ ഒരിക്കലും സിനിമയിൽ കയറില്ലെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്നും വിജയ് ബാബു പറയുകയുണ്ടായി. സ്വന്തം കഴിവ് വെച്ച് വേണം സിനിമയിലെത്താൻ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന് മകനും പറഞ്ഞിരുന്നു.
അതേ അഭിമുഖത്തിൽ ഭാര്യ സ്മിതയെ കുറിച്ച് വിജയ് ബാബു പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. എന്നും അമ്പലത്തിൽ പോകുന്നയാളാണ് ഭാര്യ. വെളുപ്പിന് അഞ്ചുമണി എന്നൊരു സമയമുണ്ടെങ്കിൽ ഭാര്യ അമ്പലത്തിലായിരിക്കും. യാത്ര പോകുന്ന സ്ഥലത്തായാലും ഏതെങ്കിലും അമ്പലമുണ്ടോ എന്നായിരിക്കും സ്മിത നോക്കുന്നത്. സിനിമയിൽ അഭിനയിക്കാനോ, നിർമ്മാതാവാകാനോ ഒന്നും താനില്ലെന്ന് പറഞ്ഞിട്ടുണ്ട്.

Articles You May Like

x