ഈ താര സംഘടന ഇപ്പോൾ മാഫിയാവല്‍ക്കരണമാണ്, സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? രൂക്ഷ വിമർശനവുമായി രഞ്ജിനി

നടന്‍ ഷമ്മി തിലകനെ താര സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന വാര്‍ത്തയും ഇതിനോട് ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷമ്മി തിലകനെ സംഘടനായില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ അംഗങ്ങള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷം അച്ചടക്ക ലംഘനത്തിനെതിരെ നടപടി എടുക്കകയുളളൂഎന്നും അംഗങ്ങള്‍ പറഞ്ഞിരുന്നു. നടപടി കാര്യം തീരുമാനിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമ്മയിലെ അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പക്ഷെ വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മ ഭാരവാഹികള്‍ സ്വീകരിച്ചത്. വിജയ് ബാബുവിന് നേരെയുള്ള കേസ് കോടതിയിലാണ് എന്നും കോടതി തീരുമാനിക്കുന്നതിന് അനുസരിച്ച് മാത്രമേ വിജയ് ബാബുവിനെതിരെ അമ്മ സംഘടന നടപടി എടുക്കൂ എന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നിരവധി തവണ അച്ചടക്ക ലംഘനം നടത്തുന്ന ഷമ്മി തിലകനെതിരെ വലിയ വിമര്‍ശനമാണ് പല അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അതുപോലെ തന്നെ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്ന് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിനെ സംബന്ധിച്ച് ഷമ്മി തിലകനോട് വിശദീകരണം തേടിയിട്ടുണ്ട് എന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

2021ല്‍ കൊച്ചിയില്‍ നടന്ന അമ്മയുടെ യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. ‘അമ്മ സംഘടനയെ മാഫിയ സംഘടന എന്ന് വിളിച്ചു എന്ന ആരോപണവും ഷമ്മി തിലകനെതിരെ ഉണ്ടായിരുന്നു. അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണം എന്ന ആവശ്യവുമായി അമ്മയിലെ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ 2021ല്‍ നടന്ന സംഭവത്തില്‍ ഷമ്മി തിലകനെതിരെ നടപടി എടുക്കരുത് എന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്ന് അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്യുകയുമായിരുന്നു.

ഇപ്പോള്‍ താര സംഘടനയായ അമ്മയ്ക്കതിരെ രൂക്ഷ വിമര്‍ശനവുമായാണ് നടി രഞ്ജിനി  രംഗത്തെത്തിയിരിക്കുന്നത്. നടിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയില്‍ തുടരുകയും തിലകനെയും ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്ത് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം അപലപനീയമാണെന്ന് രഞ്ജിനി പറഞ്ഞു. രഞ്ജിനി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. സംഘടനയായ അമ്മയില്‍ നടക്കുന്നത് മാഫിസമാണ് എന്നും രഞ്ജിനി തുറന്നു പറഞ്ഞു. തിലകന്റേയും ഷമ്മി തിലകന്റേയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു രഞ്ജിനി കുറിപ്പ് എഴുതിയത്. അമ്മയില്‍ അംഗങ്ങളായ രണ്ട് എം എല്‍ എമാരായ മുകേഷ്, ഗണേശ് കുമാര്‍ എന്നിവരെയും രഞ്ജിനി വിമര്‍ശിക്കുന്നുണ്ട്.

നിരപരാധികളായ നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന ഇപ്പോള്‍. ഇത് ഇപ്പോള്‍ മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. എന്നുമാണ് രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. ഇതിനു ശേഷം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ രഞ്ജിനിയുടെ പ്രതികരണം വന്നത്.

Articles You May Like

x