ഉണ്ണി ഒരു ഫൈറ്റർ ആണ്, ഒരു ഗോഡ്‍ഫാദറിൻ്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടൻ, തോറ്റ് പിന്മാറാൻ ഒരിക്കലും തയ്യാറായില്ല; ഉണ്ണി മുകുന്ദനെ കുറിച്ച് സിബി മലയിൽ

മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. കുറച്ച് സിനിമകൾ കൊണ്ടു മലയാളികളിൽ ജനപ്രീതി നേടാൻ താരത്തിനു സാധിച്ചു. ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ ഉണ്ണി മുകുന്ദൻ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് സിബി മലയിൽ. ലോഹിതദാസിൻറെ സിനിമയിലൂടെ അരങ്ങേറേണ്ടിയിരുന്ന ഉണ്ണി മുകുന്ദൻ ലോഹിയുടെ വിടവാങ്ങലിലും തളരാതെ മുന്നോട്ട് പോവുകയായിരുന്നെന്ന് സിബി പറഞ്ഞു. തോറ്റ് പിന്മാറാൻ ഉണ്ണി ഒരിക്കലും തയ്യാറായില്ലെന്നും. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെ്ന്നും സിബി വ്യക്തമാക്കി. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദനെന്നും സിബി പറഞ്ഞു.

സിബി മലയിലിൻറെ വാക്കുകൾ:

ലോഹിതദാസ് മരിക്കുന്നത് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തൻറെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എൻറെ അടുത്തേക്ക് വന്നു- സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിൻറെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായെന്നും. അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാൻ ആദ്യം കണ്ടുമുട്ടിയത്. പക്ഷേ അവിടെ തോറ്റ് പിന്മാറാൻ ഉണ്ണി തയ്യാറായില്ല. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻറെ സമീപകാല ചിത്രങ്ങളെക്കുറിച്ച് സിബി മലയിൽ- മേപ്പടിയാൻ എന്ന സിനിമ ഞാൻ ഒടിടിയിലാണ് കാണുന്നത്. അത്തരമൊരു സിനിമ നിർമ്മിക്കാനും അതിൽ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു കോൺഫിഡൻസ് ഉണ്ട്. അത് ആ കഥയോടുള്ള വിശ്വാസമാണ്. അത് കണ്ട ഓരോരുത്തരുടെയും ഉള്ളത്തെ ഉലയ്ക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാൻ ഉണ്ണിക്ക് കഴിഞ്ഞു. ആക്ഷൻ ഹീറോ ഇമേജിൽ നിന്ന് മാറി കിട്ടിയ ഒരു അവസരത്തെ നന്നായി ഉപയോഗിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. പിന്നീട് ഏറ്റവുമൊടുവിൽ മാളികപ്പുറം. ഒരു താരത്തിൻറെ വളർച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏറ്റവും പെട്ടെന്ന് സാധിക്കട്ടെയെന്ന് ആശംസിക്കുകയാണ്.

Articles You May Like

x