നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മൾ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛൻ പറഞ്ഞതും പഠിപ്പിച്ചതും ;പൊക്കമില്ലായ്മ കരുത്താക്കി മാറ്റിയ ബിഗ്‌ബോസ് താരം നടൻ സൂരജിന്റെ ജീവിതം

മിനിസ്‌ക്രീനിലേയും ബിഗ്‌സ്‌ക്രീനിലേയും കുട്ടിത്താരമാണ് 26കാരനായ സൂരജ് തേലക്കാട്.ഉയരമില്ലായ്മയെ വിജയമാക്കിത്തീര്‍ത്താണ് സൂരജ് ഇന്ന് മുന്നേറുന്നത്. ആ മുന്നേറ്റം ബിഗ് ബോസ് സീസണ്‍ 4 വരെ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയാണ് സൂരജിന്റെ സ്വദേശം. അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്നതാണ് കുടുംബം. ചേച്ചിയ്ക്കും സൂരജിനെപ്പോലെ തന്നെ പൊക്കകുറവാണ്. അച്ഛന്‍ മോഹനന്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ആയിരുന്നു.

അകന്ന ബന്ധുക്കളായിരുന്നു സൂരജിന്റെ അച്ഛനും അമ്മയും. അതുമൂലമുണ്ടാകുന്ന ജനിതക പ്രശ്‌നങ്ങള്‍ കൊണ്ടാണ് സൂരജിനും സഹോദരി സ്വാതിശ്രീയ്ക്കും വളര്‍ച്ച കുറഞ്ഞ് പോയത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നാണ് സൂരജ് പറയുന്നത്. സ്‌കൂള്‍ കാലഘട്ടം മുതലേ കലോത്സവ വേദികളില്‍ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു സൂരജ്.” ഞാനും ചേച്ചിയും സ്കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്. ഒപ്പം നല്ലൊരു ഉപദേശവും അച്ഛൻ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മൾ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛൻ പറഞ്ഞതും പഠിപ്പിച്ചതും”-സൂരജ് പറയുന്നു.

”എല്‍പി സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഒരു കൂട്ടുകാരന്‍ ഹൈയ്റ്റില്ലല്ലോ എന്ന് പറഞ്ഞ് കളിയാക്കി.അത് കുറച്ച് വര്‍ഷം മനസ്സില്‍ തന്നെ കിടന്നു. ഒരിക്കല്‍ അച്ഛന്‍ സ്‌കൂളിലേയ്ക്ക് വന്നപ്പോള്‍ ഇതിനെ കുറിച്ച് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അച്ഛന്റെ കണ്ണ് നിഞ്ഞു. പിന്നീട് ഇതിന്റെ പേരില്‍ തനിക്ക് പ്രശ്‌നമൊന്നും തോന്നിയില്ല.പഠിക്കുന്ന കാലത്ത് ചോദിച്ചാല്‍ തന്നെ നടനാവണം എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. കലാകാരനെന്ന നിലയില്‍ കുടുംബവും നാട്ടുകാരുമെല്ലാം മികച്ച പിന്തുണയാണ് തരുന്നത്.ചേച്ചി നൃത്തം പഠിക്കുന്നത് നോക്കി നില്‍ക്കാറുണ്ടായിരുന്നു. അങ്ങനെ ഇവനേയും നമുക്ക് ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും നൃത്തം പഠിപ്പിച്ചു. അരങ്ങേറ്റവും നടത്തി. അതുപോലെ ഡ്രൈവിംഗ് പഠിക്കണമെന്നും കാറോടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അത് ഞാന്‍ സഫലീകരിച്ചു. ബൈക്ക് എനിക്കിഷ്ടമാണ്. ഓട്ടോമാറ്റിക് കാറെടുത്താല്‍ അതില്‍ മോഡിഫിക്കേഷന്‍ നടത്താമെന്ന് പറഞ്ഞു. വീട് വെക്കണമെന്നുമുണ്ടായിരുന്നു. ലോണെടുത്താണെങ്കിലും അതും നടത്തി. അങ്ങനെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു”-സൂരജ് പറയുന്നു.

കലാഭവന്‍ മണിയ്‌ക്കൊപ്പം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ സിനിമ ചിരിമ’ എന്ന കോമഡി പ്രോഗ്രാമിലും സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി നൈറ്റ്‌സും ചെയ്തതാണ് സൂരജിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതിലൂടെ ആളുകളെ അദ്ദേഹത്തെ കൂടുതലായി അറിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാര്‍ളി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.2019ലെ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനാണ് സൂരജിന്‍റെ കരിയറിലെ വന്‍ റോള്‍ എന്ന് പറയാം. വളരെ കഷ്‍ടപ്പാടുകള്‍ സഹിച്ച് ചെയ്‍ത ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനായി സൂരജ് അന്ന് എടുത്ത റിസ്‍കുകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി തന്നെ വന്നിരുന്നു.ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ധമാക്ക, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.ഒരുപാട് പ്രതീക്ഷകളുമായാണ് സൂരജ് തേലക്കാട് ബിഗ്‌ബോസ് സീസണ്‍ 4 വീട്ടിലെത്തിയിട്ടുള്ളത്.പൊക്കമില്ലായ്മ ഇന്ന് സൂരജിനൊരു പരിമിതിയല്ല… മറിച്ച്, മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും ധൈര്യവുമാണ്.

Articles You May Like

x