ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്ന് മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒൻപത് വയസുകാരൻ; ഇത് പുതുചരിത്രം…

മരണമുഖത്ത് നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയവര്‍ നാടിന്റെ പല ഭാഗത്തും ഉണ്ട്. എന്നാല്‍, നിപ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായി തലച്ചോറിനും ശ്വാസകോശത്തിനും ഒരു പോലെ മോശം അവസ്ഥയുണ്ടായി തിരികെ ജീവിതത്തിലേക്ക് നടന്നു വന്ന കുഞ്ഞ് ലോകത്തെവിടേയുമില്ല. അതുകൊണ്ടു തന്നെ കോഴിക്കോട് കുറ്റ്യാടിക്ക് സമീപം മരുതോങ്കര എടവലത്ത് വീട്ടിലെ ഈ ഒമ്പത് വയസ്സുകാരന്‍ ഒരു പുതുചരിത്രമാണ്. കേരള ആരോഗ്യ വകുപ്പിനപ്പുറം ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടെയുള്ളവര്‍ വരും നാളുകളില്‍ ഈ കുഞ്ഞിന്റെ ചികിത്സയും ആരോഗ്യം വീണ്ടെടുക്കലും അവരുടെ പഠനങ്ങളുടെ ഏടില്‍ ഒന്നാക്കും.2023 സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ വെന്റിലേറ്റര്‍ സഹായം കൊണ്ടുമാത്രം ശ്വസനം നടത്തിയ ഈ കുഞ്ഞിന് ഒട്ടേറെ ആരോഗ്യ വെല്ലുവിളികളാണ് നിപ വൈറസ് വരുത്തി വെച്ചത്.

കുറ്റ്യാടിയിലെ ഡോക്ടറുടെ സംശയം

നിപ വൈറസ് ബാധ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 29 ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി വിട്ട കുഞ്ഞിന്റെ ചികിത്സയില്‍ വഴിത്തിരിവായത് കുറ്റ്യാടിയിലെ ഒരു ഡോക്ടറുടെ സംശയമായിരുന്നു. കുഞ്ഞിനെ ആദ്യം ചികിത്സിച്ച കുറ്റ്യാടിയിലെ ഡോക്ടര്‍ സജിത്ത് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാറിനെ ഫോണില്‍ വിളിച്ചാണ് സംശയം അറിയിച്ചത്. ഓഗസ്റ്റ് ഒന്‍പതിന് ഈ കുഞ്ഞ് മിംസിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ഡോക്ടര്‍ സജിത്ത് സുരേഷ് കുമാറുമായി സംസാരിച്ചിരുന്നു. കുഞ്ഞിന് ന്യൂമോണിയ ഉണ്ടെങ്കിലും അതിനപ്പുറം എന്തോ അപൂര്‍വത ഈ രോഗത്തില്‍ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒപ്പം ഈ കുഞ്ഞിന്റെ പിതാവ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട് എന്നും കുടുംബത്തിലെ ചിലര്‍ക്ക് സമാന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം അലര്‍ട്ട് ചെയ്തിരുന്നു. ഇത് വാസ്തവത്തില്‍ കുഞ്ഞിന്റെ ചികിത്സക്കും നിപ്പ വ്യാപനം പ്രതിരോധിക്കുന്നതിനും വലിയ തോതില്‍ ഗുണം ചെയ്തു. സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരും മിംസില്‍ കുഞ്ഞിനെ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരും ഒരു പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്ന ജാഗ്രത തുടക്കത്തിലെ പുലര്‍ത്തി.

സെപ്റ്റംബര്‍ ഒമ്പതിന് രാത്രി ഒമ്പത് മണിയ്ക്ക് മിംസിലെത്തിയ കുഞ്ഞിന് പനിയും കഫക്കെട്ടും ശ്വാസ തടസ്സവും ഉണ്ടായിരുന്നു. നേരത്തെ ലഭിച്ച ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് കുഞ്ഞിനെ ഉടന്‍ തന്നെ പീഡിയാട്രിക് ഐസിയുവിലെ ഐസൊലേഷന്‍ ക്യൂബിക്കിലേക്ക് മാറ്റി. ന്യൂമോണിയ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശക്തിയായി ഓക്‌സിജന്‍ നല്‍കുന്ന സി-പാപ് മെഷീനുമായി ബന്ധിപ്പിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുകയും ആരോഗ്യനിലയില്‍ നേരിയ മെച്ചം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സെപ്റ്റംബര്‍ 11ന് രാവിലെ കാര്യങ്ങള്‍ വീണ്ടും തലകീഴായി മറിഞ്ഞു. ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് അപസ്മാരം ഉണ്ടായി. ഇതോടെ കുഞ്ഞ് ശ്വാസം എടുക്കുന്നത് നിര്‍ത്തി. ഏതാനും നിമിഷങ്ങള്‍ കുഞ്ഞ് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ ഹാന്‍ഡ് പമ്പ് കൊണ്ട് ഓക്‌സിജന്‍ നല്‍കിയും പിന്നാലെ വെന്റിലേറ്റര്‍ സഹായത്തോടെ സമ്പൂര്‍ണ്ണമായി ശ്വസനം യന്ത്ര സഹായത്തിലേക്ക് മാറ്റി. തലച്ചോറിന് വൈറസ് ബാധ ഉണ്ടായതാകാം അപസ്മാരത്തിന് കാരണമെന്ന് കണക്കാക്കി ചികിത്സ ആരംഭിച്ചു. രണ്ടുദിവസത്തിനുശേഷം തലയുടെ എം.ആര്‍.ഐ സ്‌കാന്‍ എടുത്തതോടെ ഇത് സ്ഥിരീകരിച്ചു. തലച്ചോറും നട്ടെല്ലും ചേരുന്ന ഭാഗത്തെ ബ്രെയിന്‍ സ്റ്റെമ്മിന് കാര്യമായി കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് സ്‌കാനിലൂടെ വ്യക്തമായി. ശ്വസിക്കുന്നതിനും കൈകാല്‍ ഇളക്കുന്നതിനും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട പ്രധാന കേന്ദ്രമാണ് ഈ ബ്രെയിന്‍ സ്റ്റെം.ശ്വാസകോശത്തിനുള്ള ചികിത്സയ്ക്ക് പുറമേ മസ്തിഷ്‌കത്തിന് ആഘാതം മാറ്റിയെടുക്കാനുള്ള ചികിത്സ കൂടി ഇതോടൊപ്പം ആരംഭിച്ചു. ഈ ചികിത്സകള്‍ ഫലം കണ്ടതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് കുഞ്ഞിനെ വെറ്റിലേറ്ററില്‍ നിന്ന് മാറ്റി.

മിടുക്ക് കാണിച്ച് ഡോക്ടര്‍മാര്‍,

എസ് കുമാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോക്ടര്‍ ഇ.കെ. സുരേഷ് കുമാറും ഡോക്ടര്‍ കെ. സതീഷ് കുമാറും ആയിരുന്നു ഒന്‍പത് വയസ്സുകാരന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയവര്‍. സുരേഷ് കുമാര്‍ ശിശുരോഗ വിഭാഗം മേധാവിയും സതീഷ് കുമാര്‍ ശിശുരോഗ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും . ഇവര്‍ക്ക് പുറമേ ഡോക്ടര്‍ മഞ്ജുള ആനന്ദ്, ഡോക്ടര്‍ വിനീത കെ അനിരുദ്ധന്‍, ഡോക്ടര്‍ ഡെന്ന ആന്‍ ബേബി, ഡോക്ടര്‍ മൃദുല്‍ ഗിരീഷ്, ഡോക്ടര്‍ ആയിഷ നജ്മ , ഡോക്ടര്‍ സജ്‌നാ സൈദ് എന്നിവരും തീവ്ര പരിചരണ വിഭാഗത്തില്‍ മാറിമാറി കുഞ്ഞിന് ചികിത്സ നല്‍കി. ഇവര്‍ക്ക് പുറമേ, പള്‍മനോളജി വിഭാഗത്തിലെ ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ. കെ.ആര്‍. സിജിത്ത്, ക്രിട്ടിക്കല്‍ ഐസിയു ഡയറക്ടര്‍ ഡോ. എ.എസ്. അനൂപ്, ശിശുരോഗ വിഭാഗം ന്യൂറോളജിസ്റ്റ് സ്മിലു മോഹന്‍ലാല്‍ , ഡോ. വിപിന്‍ എന്നിവരുടെ സേവനവും കുഞ്ഞിന് ലഭിച്ചിരുന്നു.

കണ്‍പോള അടയ്ക്കാതെ രണ്ട് വീതം നഴ്‌സുമാര്‍,

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആയതുകൊണ്ട് ഐസിയുവിനുള്ളിലെ ഐസലേഷന്‍ ബ്ലോക്കില്‍ ആയതുകൊണ്ടും ഒന്നിനു പകരം രണ്ട് നഴ്‌സുമാരെയാണ് മുഴുവന്‍ സമയത്തേക്കായി കുഞ്ഞിന് അരികില്‍ നിര്‍ത്തിയിരുന്നത്. രണ്ടുപേരും പി.പി.ഇ. കിറ്റ് ധരിച്ച് തന്നെ. മൂന്ന് ഷിഫ്റ്റുകളിലായി ആറു പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടു. നിപ്പയുടെ പിടിയില്‍ അകപ്പെട്ട് മുമ്പ് കോഴിക്കോട് തന്നെ ഒരു നേഴ്‌സിന്റെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായെങ്കിലും ഇത്തവണ പി.പി. കിറ്റ് ധരിച്ച് കുഞ്ഞിന് ശുശ്രൂഷ നല്‍കാന്‍ ഒരു നഴ്‌സും മടിച്ചു നിന്നില്ല. 20 ദിവസം കുഞ്ഞ് ഉണ്ടായിരുന്ന ഐ .സി .യുവില്‍ മാറിമാറി 11 നഴ്‌സുമാരായിരുന്നു ഡ്യൂട്ടി എടുത്തിരുന്നത്. സിസ്റ്റര്‍ പി.ജിന , സിസ്റ്റര്‍ സനിത, സിസ്റ്റര്‍ അനീറ്റ ദേവസ്യ, സിസ്റ്റര്‍ നിഷ സാംകുട്ടി, സിസ്റ്റര്‍ പി. പി. ആശ, സിസ്റ്റര്‍ റിനി ബേബി, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ അനീന, സിസ്റ്റര്‍ ലിനി, സിസ്റ്റര്‍ പ്രസീത, സിസ്റ്റര്‍ വിജൂല എന്നിവരായിരുന്നു അവര്‍.

Articles You May Like

x