‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’; അശ്വതി ശ്രീകാന്ത്

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഇയാളെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വരികയും ചെയ്തിരുന്നു. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങിയ സവാദിന് വലിയ രീതിയിലാണ് സംഘടന സ്വീകരണം നൽകിയത്. ഇതിനെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായെത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്.

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’– അശ്വതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തുന്നത്. ‘ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ്, ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇന്നലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്ന സവാദിനെ ഹാരമിട്ട് സ്വീകരിക്കുവാൻ സംഘടന അംഗങ്ങളെല്ലാം ആലുവ സബ്ജയിലിന്റെ മുന്നിൽ വരണമെന്നും സംഘടനാ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടിരുന്നത്. ഇതിന് പിന്നാലെ സവാദിനെ മാലയിട്ട് സ്വീകരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി വിമർശനങ്ങളാണ് പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു വരുന്നത്. എന്നാൽ ഇതിനെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.

Articles You May Like

x