താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു; എന്നാൽ ഇതറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചെയ്‌തത്‌ കണ്ടോ

തമിഴ് നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയും ഡിഎംകെയുടെ പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ സോഷ്യല്‍ മീഡിയിലെല്ലാം നിറഞ്ഞു നില്‍കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോവിഡ് കട്ടുതീപോലെ പടര്‍ന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. എന്നാല്‍ കോവിഡ് നിയന്ത്രിക്കാന്‍ സ്റ്റാലിന്‍എടുത്ത ചടുലമായ നടപടികളുടെ ഭാഗമായി കോവിഡ് വ്യാപനം പരിപൂര്‍ണമായി നിയന്ത്രിക്കാനായി. ഇതുകൂടാതെ കോവിഡ് രോഗത്തിനെതിരായ വാക്‌സിനേഷനും കോവിഡ് ചികിത്സയും സൗജന്യവുമാണ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, പെട്രാളിന്റെ വില 3 രൂപ കുറച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് ഇന്ത്യാ ടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേ റിപ്പോര്‍ട്ട് വന്നിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്തെ ക്ഷേത്രത്തില്‍ നിന്ന് നരിക്കുറവര്‍ വിഭാഗത്തിലുള്ള അശ്വനിയെയും കുടുബത്തേയും താഴ്ന്ന ജാതിക്കാരെന്ന് പറഞ്ഞ് ഇറക്കിവിട്ടിരുന്നു. ക്ഷേത്രഭാരവാഹികളാണ് ഇവരെ ഇറക്കിവിട്ടത്. ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അന്നദാനത്തില്‍ പങ്കെടുക്കാനായെത്തിയ ഇവരെ അടിച്ച് ഒാടിക്കുകയായിരുന്നു. ബാക്കിയുണ്ടാകുന്ന ഭക്ഷണം ക്ഷേത്രത്തിന് പുറത്ത് നല്‍കുമെന്നായിരുന്നു ക്ഷേത്ര നടത്തിപ്പുകാര്‍ ഇവരോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് തന്റെ വിഭാഗത്തിലുണ്ടായവര്‍ക്ക് ഉണ്ടായ അപമാനത്തില്‍ പ്രതിഷേധിച്ച് അശ്വനി വീഡിയോ പുറത്തുവിടുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദത്തിലേക്ക് വഴി തെളിയിച്ചു. ഇതേതുടര്‍ന്ന് ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബു അശ്വനിയേയും മറ്റ് നരിക്കുറവ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ചിരുന്നു.

ഇപ്പോഴിതാ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട യുവതിയുടെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് എംകെ സ്റ്റാലിന്‍. അനാചാരത്തിനെതിരെ പ്രതികരിച്ച അശ്വിനിയെ അഭിനന്ദനങ്ങള്‍ നേരാനും മുഖ്യമന്ത്രി മറന്നില്ല. നരിക്കുറവ സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലാണ് സ്റ്റാലിന്‍ എത്തിയത്. അശ്വിനിയുടെ ഉപജീവന മാര്‍ഗം കിടക്കകളും വളകളും വിറ്റാണ്. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ നേരിട്ട് ഇടപെടുകയും ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തിരുന്നു.

പ്രദേശത്തെ 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മിക്കാനുള്ള തുക, അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചാണ് സ്റ്റാലിന്‍ അവിടെ നിന്നും മടങ്ങിയത്. ഈ ജന്‍മത്തില്‍ നടക്കുമെന്ന് സ്വപ്നം പോലും കാണാത്തത് നടന്നുവെന്ന് ആദിവാസി ജനത വിളിച്ചുപറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലായിരുന്നു അന്നദാനം നടത്തിയത്. അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് സാരിയും മുണ്ടും നല്‍കിയിരുന്നു. ക്ഷേത്രങ്ങള്‍ വഴിയുള്ള സൗജന്യ അന്നദാനത്തിനായി 63 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.

Articles You May Like

x