” റിഫയ്ക്ക് കിട്ടുന്ന പണമെല്ലാം ചെലവഴിച്ചത് ഭർത്താവ് മെഹ്നാസ്, റിഫയുടെ ഫോണ്‍ കൈവശം വെച്ചിരുന്നതും മെഹ്നാസ്”; റിഫയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (21)വിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെങ്കില്‍ അവള്‍ എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. അവളുടെ ഉള്ളില്‍ ആത്മഹത്യ ചെയ്യാനുതകുന്ന വിധത്തില്‍ മാനസിക വിഷങ്ങളുുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.ദുബായില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.ബന്ധുക്കളില്‍ പലര്‍ക്കും വിവാഹത്തിന് എതിര്‍പ്പായിരുന്നു. 18 വയസ്സ് കഴിഞ്ഞ ഉടനെയായിരുന്നു റിഫയുടെ വിവാഹം.രണ്ട് വയസ്സുള്ള മകനും മാതാപിതാക്കളെ ഏല്‍പ്പിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത് ഒട്ടേറെ സ്വപ്‌നങ്ങളുമായാണ്.മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്. റിഫയുടെ ബന്ധുക്കള്‍ പറയുന്നത് റിഫയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്‌. സമൂഹ മാധ്യമങ്ങളില്‍ കാണുന്ന നിറപ്പകിട്ടുള്ള ജീവിതമല്ലായിരുന്നു യഥാര്‍ത്ഥത്തില്‍ ഇവരുടേത്. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന സ്വപ്‌നത്തോടെയാണ് റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനും ജോലിയുണ്ടായിരുന്നില്ല. ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്ന് മൂന്ന് മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്ക് പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍ ജോലി ശരിയാകാതിരുന്ന മെഹ്നാസിന്റെ വിസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ വഴി റിഫയ്ക്ക് ലഭിക്കുന്ന പണമെല്ലാം ചെലവഴിച്ചിരുന്നത് മെഹ്നാസ് ആണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേചൊല്ലി ഇവര്‍ക്കിടയില്‍ കലഹം ഉണ്ടായിരുന്നു. റിഫയുടെ ഫോണ്‍ പോലും മെഹ്നാസിന്റെ കൈവശം ആയരുന്നെന്നാണ് വിവരം. മരിക്കുന്നതിന് തലേന്ന് റിഫ വീട്ടിലേക്ക് ഫോണ്‍ ചെയ്തത് കടയിലെ ഫോണില്‍ നിന്നാണ്. റിഫയെ വിളിക്കണമെങ്കില്‍ മെഹ്നാസിന്റെ ഫോണില്‍ വിളിക്കണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവം നടന്ന ദിവസം റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിന് പോയി. തിരികെ വരാന്‍ വൈകുമെന്ന് ഭര്‍ത്താവിനെ അറിയിച്ചു. പിന്നീട് കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോയ മെഹ്നാസ് തിരിച്ചെത്തുമ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ റിഫയെ കാണുന്നത്. സന്ദര്‍ശക വിസ തീര്‍ന്നതിനാല്‍ നാട്ടിലേക്ക് തിരിച്ച് പോകാന്‍ റിഫയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന്റെ മാനസിക സമ്മര്‍ദ്ദം റിഫയ്ക്കുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

മരണകാരണം പുറത്ത് വരാന്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദുബായില്‍ പരാതി നല്‍കുമെന്ന് ബന്ധു കമാല്‍ പറഞ്ഞു. റിഫയുടെ കബറടക്കത്തിന്റെയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്താന്‍ ബന്ധുക്കള്‍ ആര്‍ക്കും അനുവാദം കൊടുത്തിരുന്നില്ല. എന്നാല്‍ ചിലര്‍ ബട്ടണ്‍ കാമറ വെച്ച് ഇതിന് ശ്രമിച്ചു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. മെഹ്നാസിന്റെ ബന്ധുക്കളും കബറടക്ക ചടങ്ങിനെത്തിയിരുന്നു. പിന്നീട് ഇരുകുടുംബങ്ങളും വാക്കേറ്റമുണ്ടാവുകയും മെഹ്നാസിന്റെ കുടുംബം കാസര്‍കോട്ടേക്ക് മടങ്ങുകയുമായിരുന്നു. റിഫയുടെ മകന്‍ റിഫയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴുള്ളത്.

Articles You May Like

x