എന്തിനാണ് ഒരു പുരുഷൻ രണ്ട് പെൺകുട്ടികളുടെ നടുക്ക് കയറിയിയിരുന്നത്, അയാൾക്ക് നിന്നുകൂടെ? അല്ലെങ്കിൽ ആണുങ്ങളുടെ സീറ്റിൽ ഇരുന്നുകൂടേ? ; സവാദ് വിഷയത്തിൽ ഭാഗ്യലക്ഷ്മി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരവും ഡബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്.

സ്ത്രീകൾക്കെതിരെ രംഗത്തിറങ്ങുന്ന പുരുഷനെ സപ്പോർട്ട് ചെയ്യുക എന്ന പ്രവണതയാണ് ഞാൻ കൂടുതലായും കേരളത്തിൽ കണ്ടത്. അതാണ് പുരുഷത്വം, അതാണ് ഹീറോയിസം എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതിനെ ഒരു പരിധി വരെ സമ്മതിച്ചുകൊടുക്കുന്ന സ്ത്രീകളും ഉണ്ട്. വാർത്തയ്ക്ക് ആധാരമായ സംഭവം നടക്കുമ്പോൾ ബസിലുള്ള മറ്റു സ്ത്രീകൾ പ്രതികരിക്കുന്നില്ല. കണ്ടക്ടർ ആണ് പെൺകുട്ടിയോടൊപ്പം നിന്നത്. സമൂഹത്തിൽ ഏതു വിഷയം ഉണ്ടായാലും സ്ത്രീയോടൊപ്പം പൊതുരംഗത്ത് സ്ത്രീകൾ നിൽക്കില്ല. ഇതിനൊരു മാറ്റം വരണമെങ്കിൽ എല്ലാവരും ഒത്തൊരുമിക്കണം.

മെൻസ് അസോസിയേഷന്റെ ആവശ്യം എന്താണ്. ഞങ്ങൾ സ്ത്രീകളെ പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യും. ഞങ്ങൾക്കെതിരെ ആരും ഒന്നും പറയരുത്. ഇതാണോ അവരുടെ ആവശ്യം. ഞങ്ങൾ സിപ്പ് തുറന്ന് കാണിക്കും അവൾ കാണണം, ഞങ്ങൾ ബലാത്സംഗം ചെയ്യും അവൾ സഹിക്കണം, ഞങ്ങൾ തെറി വിളിക്കും അവൾ കേൾക്കണം. ഇതാണോ മെൻസ് അസോസിയേഷന്റെ മുദ്രാവാക്യം? ന:സ്ത്രീ സ്വാതന്ത്ര്യമർഹതി. അതാണോ അവരുടെ സ്ലോഗൻ. നഗ്നതാ പ്രദർശന യുദ്ധത്തിൽ വിജയിച്ചു വന്നതിനാണോ മാലയിട്ട് സ്വീകരിച്ചത്.? കേരളം ലജ്ജിക്കും.

അപൂർവമായി പുരുഷന്മാർക്കെതിരെ വീടുകളിൽ ഡൊമസ്റ്റിക് വയലൻസ് ഒരു ശതമാനം നടക്കുന്നുണ്ടായിരിക്കും. അങ്ങനെയുള്ള പുരുഷന്മാർ പുറത്തുവന്ന് പറയണം. അല്ലാതെ ഇങ്ങനെയുള്ള പ്രശ്നം നടക്കുമ്പോൾ അവർക്ക് വേണ്ടിയല്ല മെൻസ് അസോസിയേഷൻ തുടങ്ങേണ്ടതും സംസാരിക്കേണ്ടതും. ഈയിടെ എന്റെ വീട്ടിൽ ഒരു ഭാര്യയും ഭർത്താവും വന്നിരുന്നു. ഭർത്താവിനെ ഭാര്യ വല്ലാതെ ദേഹോപദ്രവം ചെയ്യുന്നുണ്ട്. നിങ്ങൾ കേസ് കൊടുക്കൂ എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കേസ് കൊടുത്താൽ നാണക്കേടല്ലേ എന്നാണ് അയാൾ എന്നോട് ചോദിച്ചത്. ഈ ഉപദ്രവം ഏൽക്കുന്നത് വലിയ അഭിമാനമാണോ?

ഒരാൾ കമന്റിൽ പറഞ്ഞത്പോലെ നാളെ ഗോവിന്ദചാമി ജയിലിൽ നിന്നിറങ്ങിയാലും ഇതുപോലെ മാലയിട്ട് സ്വീകരിക്കും. പീഡനകേസിലെ പ്രതികളെല്ലാം ജയിൽ വിട്ട് ഇറങ്ങുമ്പോൾ ഇവർ മാലയിട്ട് സ്വീകരിക്കും. ഇവർക്ക് തന്നെ ഈ പ്രവൃത്തികൾ അപകടകരമാകും എന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല ഇതെന്ന് ഇവർ മനസിലാക്കുന്നില്ല. ലൈംഗീകാവയവം പൊതുസ്ഥലത്ത് പുറത്ത് കാണിക്കുന്നത് വലിയൊരു ഹീറോയിസമാണെന്നോ പുരുഷലക്ഷണമാണെന്നോ കരുതുന്നത് എന്ത് സമൂഹമാണ്? അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യത്തോടെ അവിടെ നിന്ന് തെളിയിക്കാമല്ലോ. ആ വിഷ്വലിൽ തൊട്ടടുത്തിരിക്കുന്ന പെൺകുട്ടി ഒന്നും പ്രതികരിക്കുന്നില്ല. അത് സമൂഹത്തിലെ പലർക്കും രക്ഷയാകുകയാണ്.

എന്തിനാണ് ഒരു പുരുഷൻ രണ്ട് പെൺകുട്ടികളുടെ നടുക്ക് കയറിയിരിക്കുന്നത്. അയാൾക്ക് നിന്നുകൂടെ? അല്ലെങ്കിൽ ആണുങ്ങളുടെ സീറ്റിൽ ഇരുന്നുകൂടേ? പ്രതികരിക്കുന്നു എന്ന് തോന്നിയാൽ എണീറ്റു പോണം. അതിനുപകരം അവിടുന്ന് ഇറങ്ങി ഓടുന്നത് എന്തിന്? പൊലീസ് സ്റ്റേഷനിൽ പോകാമെന്നാണ് അവർ പറഞ്ഞത്. എങ്കിൽ അത് തെളിയിച്ചുകൂടേ? അല്ലാതെ ജയിലിൽ നിന്ന് ഇറങ്ങിവരുമ്പോൾ പൂമാല ഇട്ട് സ്വീകരിക്കുക അല്ല വേണ്ടത്.

ഞാൻ ഭയന്നിട്ടല്ല മിണ്ടാതിരിക്കുന്നത്. മടുത്തിട്ടാണ്. എത്രയോ പെൺകുട്ടികൾ പറയാറുണ്ട് വിദേശത്ത് പോയി ജീവിച്ചാൽ മതി, ഇതിലും സുരക്ഷിതത്വം അവിടെ ഉണ്ട് എന്ന്. ഇവിടെ രാത്രിയിൽ പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പാടില്ല. പെണ്ണിനും ആണിനും ഇവിടെ രാത്രിയിൽ ഇറങ്ങി നടക്കണ്ടേ. പക്ഷേ, നീ രാത്രിയിൽ ഇറങ്ങി നടന്നാൽ നിന്നെ ബലാത്സംഗം ചെയ്യും തോണ്ടും, പിച്ചും ,മാന്തും, എല്ലാം ചെയ്യും. അത് എന്ത് നാടാണ്. ഭാഗ്യലക്ഷ്യ പറഞ്ഞു.

x