കെ.പി.എ.സി. ലളിതയുടെ ആരോഗ്യസ്ഥിതി മോശം ; എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റി

രു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വിസ്മയം സൃഷ്ടിച്ച നടിയാണ് കെ.പി.എ.സി ലളിത. മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത നാടകങ്ങളിലൂടെയേണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ഗീത’ എന്ന നാടകസംഘത്തിന്റെ ‘ബലി’ ആയിരുന്നു താരത്തിന്റെ ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെപിഎസിയില്‍ ചേരുകയും തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത് കെ.പി.എ.സി ലളിത എന്നറിയപ്പെടാന്‍ തുടങ്ങി.

1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. 2016ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. അമരത്തിലേയും ശാന്തത്തിലേയും അഭിനയത്തിന് ദേശീയപുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. 1998 ജൂലൈ 29 ന് ഭര്‍ത്താവ് ഭരതന്‍ മരിച്ചു. പിന്നീട് സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. 1999 ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വരുകയും ചെയ്തു. മലയാളത്തിലും തമിഴിലുമായി ഇതുവരെ ഏകദേശം 500 ലധികം ചിത്രങ്ങളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് അറിയാന്‍ കഴിയുന്നത്. കുറച്ചു കാലമായി പ്രമേഹമടക്കമുള്ള രോഗാവസ്ഥകള്‍ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അവര്‍ അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. മിനിസ്‌ക്രീന്‍ പരമ്പരകളിലടക്കം അവര്‍ സജീവമാവുകയും അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ചുവന്നതിനുശേഷം രോഗസ്ഥിതി മോശമാവുകയും തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

ഇപ്പോഴിതാ ആരോഗ്യസ്ഥിതി കൂടുതല്‍ വശളായതിനെ തുടര്‍ന്ന് എറണാകുളത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റി. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ആസ്റ്ററിലേയ്ക്ക് മാറ്റിയതെന്നും ഐ.സി.യുവിലാണ് കെപിഎസി ലളിത ഉള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കരള്‍രോഗം കാര്യമായി തന്നെ താരത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് അതിന് ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നുമാണ് വിവരം. താരത്തിന്റെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റ് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

Articles You May Like

x