മാഡം ജീക്ക് ഫ്ളയിങ് കിസ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്, പക്ഷേ, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലേ….? സ്മൃതി ഇറാനിയോട് പ്രകാശ് രാജ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ളയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കു നേരെ ‘ഫ്ളയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതിയുടെ ആരോപണം. സഭയുടെ അന്തസിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നാരോപിച്ച് ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു.

സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമർശനം നടത്തിയത്. സ്മൃതി ഇറാനിക്ക് ഫ്ളയിങ് കിസ് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.

”മുൻഗണനകളാണ് പ്രശ്നം. മാഡം ജീക്ക് ഫ്ളയിങ് കിസ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല” എന്ന് ഹാഷ്ടാഗുകൾ സഹിതമാണ് പ്രകാശ് രാജ് കുറിച്ചത്.

Articles You May Like

x